ന്യൂഡൽഹി:ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന കോ വാക്‌സിൻ ട്രയൽ വിവാദത്തിൽ. ഓഗസ്റ്റിൽ നടന്ന ആദ്യ ട്രയലിൽ വാക്‌സീൻ സ്വീകരിച്ച മുപ്പത്തിയഞ്ചുകാരൻ 2 ദിവസത്തിനുള്ളിൽ ന്യൂമോണിയ ബാധിച്ചു ആശുപത്രിയിലായി. ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു. ഇയാൾക്കു നേരത്തേ മറ്റു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ യുവാവിന് രോഗം ബാധിച്ച വിവരം കമ്പനി പുറത്ത് വിട്ടില്ല. ഈ നടപടിയാണ് വിവാദത്തിലായത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കാണു കോവാക്‌സീൻ വികസിപ്പിച്ചത്.

പാർശ്വഫലം കണ്ടെത്തിയാൽ ട്രയൽ താൽക്കാലികമായി നിർത്തുകയും പരിശോധനയിൽ വാക്‌സീനു പ്രശ്‌നമില്ലെന്നു വ്യക്തമായാൽ തുടരുകയും ചെയ്യുന്നതാണു നടപടി. മറ്റു കമ്പനികളൊക്കെ പ്രശ്‌നങ്ങളുണ്ടായപ്പോൾ ട്രയൽ നിർത്തി വച്ചിരുന്നു. എന്നാൽ ഇക്കാര്യം അറിയിക്കാൻ കമ്പനിയോ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷനോ (സിഡിഎസ്സിഒ) തയാറായില്ല.

ആദ്യ രണ്ടു ട്രയലുകളിലും മികച്ച ഫലം നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 16നു കോവാക്‌സീൻ മൂന്നാം ഘട്ട ട്രയൽ തുടങ്ങിയിരുന്നു. രാജ്യത്തെ 22 ആശുപത്രികളിലായി 26,000 പേരിലാണു മൂന്നാം ഘട്ട ട്രയൽ.

വാക്‌സീന്റേതല്ല പ്രശ്‌നം: ഭാരത് ബയോടെക്
വാക്‌സീൻ ട്രയലിൽ പങ്കെടുത്തയാൾക്കു പാർശ്വഫലം ഉണ്ടായത് സിഡിഎസ്‌സിഒയെ അറിയിച്ചിരുന്നെന്ന് ഭാരത് ബയോടെക്. പ്രശ്‌നം വാക്‌സീന്റേതല്ലെന്നു കണ്ടെത്തി. ഏതു ട്രയലിലും ചില പാർശ്വഫലങ്ങളുണ്ടാകും. അതു ഗൗരവമാകുമ്പോഴാണ് പ്രശ്‌നം. ഇവിടെ വൊളന്റിയർ സുരക്ഷിതനായിരുന്നു.