- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ പിൻവാതിൽ നിയമനം പൊടിപൊടിക്കുന്നു: ഷംസുദ്ദീൻ ഡപ്യൂട്ടി ജനറൽ മാനേജരായത് യോഗ്യതയുള്ള നിരവധി പേരെ മറികടന്ന്
കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ വീണ്ടും ചട്ടം ലംഘിച്ച് നിയമനങ്ങൾ. മാസങ്ങൾക്കു മുൻപ് ഉത്തരവു പോലുമില്ലാതെ ജനറൽ മാനേജരുടെ കസേരയിൽ വാഴിക്കുകയും വിവാദമായപ്പോൾ മാറ്റി നിർത്തുകയും ചെയ്ത എം.കെ. ഷംസുദ്ദീനാണു പുതിയ ഡപ്യൂട്ടി ജനറൽ മാനേജർ. യോഗ്യതയുള്ള നിരവധി പേരെ മറികടന്നാണ് ഷംസുദ്ദീനെ ഡപ്യൂട്ടി ജനറൽ മാനേജരുടെ കസേരയിൽ വാഴിച്ചത്.
വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതകളെല്ലാം അട്ടിമറിച്ചാണു നിയമനമെന്നും ആരോപണമുണ്ട്. ധനകാര്യസ്ഥാപനത്തിലെ 3 വർഷത്തെ പരിചയം അടക്കം 5 വർഷം പ്രവൃത്തിപരിചയം വേണമെന്നാണു വിജ്ഞാപനത്തിലുള്ളത്. ഷംസുദ്ദീന് അത്രയും വർഷത്തെ പ്രവൃത്തിപരിചയമില്ല. 15 വർഷം ബാങ്കിങ് രംഗത്തു പരിചയമുള്ള വ്യക്തിയെ അടക്കം മറികടന്നാണു നിയമനം.
കോർപറേഷൻ ചെയർമാന്റെ അടുപ്പക്കാരനായ ഇദ്ദേഹത്തിന് ആദ്യം ക്ലാർക്കായി നിയമനം നൽകിയിരുന്നു. നിയമനം നിയമവിരുദ്ധമായതിനാൽ പുറത്താക്കണമെന്ന് അന്നത്തെ എംഡി ഉത്തരവിട്ടെങ്കിലും നടപ്പായില്ല. പിന്നീട് ഒരു ഉത്തരവുമില്ലാതെ ഷംസുദ്ദീൻ ജനറൽ മാനേജരുടെ മുറിയിൽ ജോലി ചെയ്തു തുടങ്ങി. കണക്കുകൾ കൃത്യമാക്കാൻ പരിചയ സമ്പന്നനായ ആളുടെ സേവനം തേടിയതാണെന്നും, ഇരിക്കാൻ കസേരയില്ലാത്തതു കൊണ്ടു ജനറൽ മാനേജരുടെ മുറിയിൽ ഇരുത്തിയെന്നുമായിരുന്നു കോർപറേഷന്റെ വിശദീകരണം. ഷംസുദ്ദീന്റെ സേവനം പെട്ടെന്നു തന്നെ അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടയിലാണു ഡപ്യൂട്ടി ജനറൽ മാനേജരായി പുതിയ നിയമനം.
ജനറൽ മാനേജർ തസ്തികയിലെ നിയമനം സംബന്ധിച്ചും സമാന ആക്ഷേപമുണ്ട്. 5 വർഷം ധനകാര്യസ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം വേണമെന്നു വിജ്ഞാപനത്തിലുണ്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്തിരുന്നയാളെയാണു നിയമിച്ചിരിക്കുന്നത്.