ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രഞ്ചിൽ ഗവേഷണങ്ങൾക്കായി ചൈന മൂന്ന് പേരെ അയച്ചു. 'ഫെൻഡൂഷെ' അഥവാ 'സ്‌ട്രൈവർ' എന്ന മുങ്ങിക്കപ്പൽ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലേക്ക് 10,000 മീറ്ററിലധികം ഇറങ്ങിയതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി അറിയിച്ചു. വെള്ളിയാഴ്ച സമുദ്രത്തിന്റെ അടിയിൽ പാർക്ക് ചെയ്തിരിക്കുന്ന മുങ്ങിക്കപ്പലിന്റെ ദൃശ്യങ്ങൾ ലൈവായി ചൈന പുറത്തുവിട്ടിരുന്നു.

ആഴക്കടലിലെ വിഡിയോ ദൃശ്യങ്ങൾ ടെലിവിഷനിലൂടെ ലൈവായി കാണിച്ചിരുന്നു. പച്ചയും വെള്ളയും നിറത്തിലുള്ള പേടകം ഇരുണ്ട വെള്ളത്തിലൂടെ സഞ്ചരിക്കുന്നതായി വിഡിയോയിൽ കാണാം. ഈ മാസം ആദ്യത്തിൽ ഫെൻഡൂഷെ 10,909 മീറ്റർ ആഴത്തിൽ വരെ പോയിരുന്നു. എന്നാൽ, ഏറ്റവും കൂടുതൽ താഴെ പോയ റെക്കോർഡ് അമേരിക്കൻ ഗവേഷകന്റെ പേരിലാണ്. അദ്ദേഹം 10,927 മീറ്റർ താഴെ വരെ പോയിട്ടുണ്ട്.

എവറസ്റ്റ് കൊടുമുടിയേക്കാൾ ആഴമുള്ളതും 2,550 കിലോമീറ്ററിൽ (1,600 മൈൽ) നീളമുള്ളതുമായ മരിയാന ട്രെഞ്ചിന്റെ അടിയിൽ ചുരുക്കം ചിലർ മാത്രമേ സന്ദർശിച്ചിട്ടുള്ളൂ. ആദ്യത്തെ പര്യവേക്ഷകർ 1960 ൽ ഒരു ഹ്രസ്വ പര്യവേഷണത്തിനായി ട്രെഞ്ച് സന്ദർശിച്ചു. നവംബർ 10-ലെ ചൈനീസ് ദൗത്യം മരിയാന ട്രെഞ്ചിൽ നിന്നുള്ള ലോകത്തിലെ ആദ്യത്തെ തത്സമയ വിഡിയോ പ്രദർശനം കൂടിയായിരുന്നു.

ജൈവ സാംപിളുകൾ ശേഖരിക്കുന്നതിന് റോബോട്ടിക് സംവിധാനങ്ങളും, ചുറ്റുമുള്ള വസ്തുക്കളെ തിരിച്ചറിയാൻ ശബ്ദ തരംഗങ്ങൾ ഉപയോഗിക്കുന്ന സോണാർ 'കണ്ണുകളും' ഉൾക്കൊള്ളുന്നതാണ് മുങ്ങിക്കപ്പൽ. ഇവിടത്തെ നിരവധി ജീവജാലങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുങ്ങിക്കപ്പലിലെ ശാസ്ത്രജ്ഞർ പറഞ്ഞു.