മലപ്പുറം: ജനറൽ സീറ്റിൽ മത്സരത്തിനിറങ്ങി ആദിവാസി യുവാവ്. ആദിവാസി സംവരണ സീറ്റിൽപോലും സ്ഥാനാർത്ഥികളെ കണ്ടെത്താൻ രാഷ്ട്രീയകക്ഷികൾ പ്രയാസപ്പെടുമ്പോഴാണ് ആദിവാസി യുവാവ് ജനറൽ സീറ്റിൽ പോരാട്ടത്തിനൊരുങ്ങുന്നത്. മുതുവാൻ ഗോത്ര വിഭാഗക്കാരനായ രാമകൃഷ്ണൻ നെല്യായി ആണ് പഞ്ചായത്തിലെ രണ്ടാംവാർഡായ ഓടക്കയത്ത് ജനവിധി തേടുന്നത്.

യൂത്ത് കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ് ഈ 35-കാരൻ. ഊർങ്ങാട്ടിരിയിലെ എസ്.ടി. പ്രൊമോട്ടറായിരുന്നു. ആദിവാസികളോടുള്ള അവഗണനക്കെതിരേയാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന് രാമകൃഷ്ണൻ പറയുന്നു. 16 ആദിവാസി ഊരുകൾ ഊർങ്ങാട്ടിരിയിലുണ്ട്. ഒരുവാർഡുപോലും എസ്.ടി. സംവരണം ആക്കാത്തതിലെ പ്രതിഷേധവും ഈ സ്ഥാനാർത്ഥിത്വത്തിന് പിന്നിലുണ്ട്. ജനറൽ സീറ്റിൽ പ്രമുഖ മുന്നണിയുടെ പ്രതിനിധിയായി മത്സരത്തിനിറങ്ങുന്ന സംസ്ഥാനത്തെ ഏക  ആദിവാസിയായേക്കും രാമകൃഷ്ണൻ.