ന്ത്യൻ രാഷ്ട്രീയ ശൈലി പിന്തുടർന്ന്, ഉദ്യോഗസ്ഥരെ വിറപ്പിക്കാൻ തുനിഞ്ഞ ബ്രിട്ടീഷ് ഹോം സെക്രട്ടറിക്ക് സ്ഥാനം തെറിച്ചേക്കുമെന്ന് സൂചന. നിലവിൽ പ്രധാനമന്ത്രിക്കും, ചാൻസലർക്കും താഴെ മൂന്നാം സ്ഥാനത്തുള്ള പ്രീതിപട്ടേലിനെ പുതുവർഷത്തിൽ തരംതാഴ്‌ത്തുമെന്നു തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. തന്റെ വകുപ്പിലെ ജീവനക്കാരോട് ഇടയ്ക്കിടയ്ക്ക് കോപത്തോടെ ഉച്ചത്തിൽ സംസാരിക്കാറുണ്ടെന്നും അവരെ ശാസിക്കാറുണ്ടെന്നുമൊക്കെ ഒരു ഔദ്യോഗിക അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണിത്.

ഇതുവരെ 48 കാരിയായ പ്രീതി പട്ടേലിനെ സംരക്ഷിക്കുന്ന നയമായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്തുടർന്നിരുന്നത്. എംപിമാരെ അവർക്ക് ചുറ്റും അണിനിരത്തിയും മറ്റും അവർക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം ഫലവത്താകുന്നില്ല എന്നാണ് സൂചന. പുതുവർഷത്തിൽ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ പ്രീതി പട്ടേലിന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പകരം, ബോറിസ് ജോൺസൺ ലണ്ടൻ മേയർ ആയിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കിറ്റ് മാൾട്ട്ഹൗസ് ആ സ്ഥാനത്തെത്തും.

അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച്ച പ്രീതി പട്ടേൽ ക്ഷമാപണം നടത്തിയിരുന്നു. ഇതോടെ പ്രീതിക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കുവാനായിരുന്നു ബോറിസ് ആദ്യം ശ്രമിച്ചത്. ആത്മാർത്ഥമായി സർക്കാർ പരിപാടികൾ നടപ്പിലാക്കുവാൻ അക്ഷീണം യത്നിക്കുമ്പോൾ അതിന് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ പ്രകോപനം സൃഷ്ടിക്കും എന്നും അതിനെ തുടർന്നുള്ള ഒരു സാധാരണ മനുഷ്യന്റെ സ്വാഭാവിക പ്രതികരണം മാത്രമാണ് പ്രീതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നുമൊക്കെ പറഞ്ഞ് പ്രീതിയെ സംരക്ഷിക്കാൻ അവരുടെ കൂടെയുള്ളവരും ശ്രമിച്ചിരുന്നു.

അതുപോലെ പ്രീതിക്ക് തന്റെ ഓഫീസിൽ നിന്നും വംശീയ വിവേചനം നേരിടേണ്ടി വന്നതായും ആരോപണം ഉയർന്നിരുന്നു. അതേസമയം, തനിക്കെതിരെ പരാതികൾ ഉയർത്തിയ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് എട്ടിന്റെ പണികൊടുക്കാൻ ഒരുങ്ങുകയാണ് പ്രീതി എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. വകുപ്പിൽ ഒരു സമൂല അഴിച്ചുപണിക്കാണ് അവർ ശ്രമിക്കുന്നത്. ഇതോടെ വാരാന്ത്യങ്ങളീലും ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കേണ്ടതായി വന്നേക്കാം. മാത്രമല്ല, പെർമനന്റ് സെക്രട്ടറി മാത്യൊ റൈക്രോഫ്റ്റുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച്, ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള പുതിയ രീതിയും നടപ്പിലാക്കും.

പ്രീതിയെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നേരത്തേ ബോറിസ് ജോൺസൺ എം പി മാരുറ്റെ വാട്ട്സ്അപ് ഗ്രൂപ്പിൽ ഒരു സന്ദേശം അയച്ചിരുന്നു. മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചതായി കണ്ടിട്ടും പ്രീതിപട്ടേലിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് ഷാഡോ ഹോം സെക്രട്ടറി ലൂസി പോവൽ ആരോപിച്ചു.