കട്ടപ്പന: ഹെലികോപ്ടറിൽ വിവാഹ വേദിയിലേക്ക് പറന്നിറങ്ങുന്ന ഒരു വധുവിനെ ശരാശരി മലയാളിക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ല. എന്നാൽ ഹെലികോപ്ടർ എത്തിച്ച് വിവാഹത്തെ വ്യത്യസ്തമാക്കിയിരിക്കുകയാണ് വണ്ടന്മേടുകാരി മരിയയുടേയും പുൽപ്പള്ളിക്കാരൻ വൈശാഖും. വണ്ടന്മേട്ടിലെ ഗൃഹത്തിൽ നിന്നും വധുവിന് വയനാട്ടിൽ നടക്കുന്ന വിവാഹ വേദിയിലെത്താനാണ് ഹെലികോപ്ടർ ഏർപ്പാടാക്കിയത്.

ആമയാർ എം.ഇ.എസ്. സ്‌കൂൾ മൈതാനത്ത് തിങ്കളാഴ്ച രാവിലെ ഹെലികോപ്റ്റർ പറന്നിറങ്ങിയപ്പോൾ നാട്ടുകാർ ആദ്യം അമ്പരന്നു. വിവിഐപികൾ ആരെങ്കിലും ആവുമെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. വയനാട്ടിലെ വരന്റെ വീട്ടിലേക്ക് വണ്ടന്മേട്ടിൽനിന്ന് വധുവിന് പോകാനാണ് ഹെലികോപ്റ്റർ എന്നറിഞ്ഞപ്പോൾ കൗതുകമായി. വണ്ടന്മേട് ആമയാർ ആക്കാട്ടമുണ്ടയിൽ ബേബിച്ചന്റെ മകൾ മരിയയുടെയും വയനാട് പുൽപ്പള്ളി കാക്കുഴിയിൽ ടോമിയുടെ മകൻ വൈശാഖിന്റെയും വിവാഹമാണ് ഹെലികോപ്ടറിന്റെ സാന്നിധ്യം കൊണ്ട് വ്യത്യസ്തമായത്.

വയനാട്ടിൽ നടന്ന വിവാഹത്തിനെത്താൻ വധുവും കൂട്ടരും ആമയാർ എം.ഇ.എസ്. സ്‌കൂൾ മൈതാനത്തുനിന്ന് ഹെലികോപ്റ്ററിൽ യാത്രതിരിച്ചു. വിവാഹശേഷം ഇതേ ഹെലികോപ്റ്ററിൽ വധുവും വരനും വൈകീട്ടോടെ വണ്ടന്മേട്ടിലെത്തി. വണ്ടന്മേട്ടിൽനിന്ന് ഒന്നേകാൽമണിക്കൂർകൊണ്ട് വയനാട്ടിലെ വിവാഹസ്ഥലത്ത് എത്തി. ചെലവ് കൂടുതലായെങ്കിലും യാത്രയ്ക്ക് ചുരുങ്ങിയ സമയമേ വേണ്ടിവന്നുള്ളൂ. വിവാഹദിവസം റോഡ് യാത്ര ഒഴിവാക്കാനുമായി. ഇക്കാരണങ്ങളാലാണ് യാത്ര ഹെലികോപ്റ്ററിലാക്കിയതെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു.

ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ വധു പുൽപ്പള്ളിയിലെ നാട്ടുകാർക്കും കൗതുകമായി . തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയത്. നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി എംപി. വന്നെന്നാണ്. പിന്നീടാണ് ന്യൂജെൻ കല്യാണത്തിന് വധുവിന്റെ മാസ് എൻട്രിയായിരുന്നു അതെന്ന്.

വി.ഐ.പി. ആരെന്നറിയാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി. ആടിക്കൊല്ലി സെയ്ന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലാണ് ഇരുവരുടേയും വിവാഹം നടന്നത്.