- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തേറ്റവും അധികം ആളുകൾക്ക് മോഹം കാനഡയിൽ താമസിക്കാൻ; അമേരിക്കക്കാർക്ക് ജപ്പാനും റഷ്യാക്കാർക്ക് അമേരിക്കയും സ്വപ്നം; ലോകത്തിന്റെ റീലൊക്കേഷൻ മോഹങ്ങൾ ഇങ്ങനെ
പുതിയൊരു ജീവിതത്തിനായി, മറ്റൊരിടം തേടിപ്പോകാൻ അവസരമുണ്ടെങ്കിൽ നിങ്ങൾ ഇനിയുള്ള ജീവിതം എവിടെ ജീവിച്ചു തീർക്കാനായിരിക്കും ആഗ്രഹിക്കുക ? എന്നെങ്കിലും ഇത്തരത്തിൽ, പുതിയൊരിടത്ത് പുതിയൊരു ജീവിതം ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. ലോകജനതയുടെ ഈ സ്വപ്നങ്ങളിലൂടെ നടത്തിയ ഒരു അന്വേഷണം പുറത്തുകൊണ്ടുവരുന്നത് തീർത്തും അപ്രതീക്ഷിതമായ ഫലങ്ങളാണ്.
ഒരു സ്ഥാനാന്തരണത്തിന് അവസരം ലഭിച്ചാൽ ലോകത്തിലെ ഏറ്റവുമധികം ആളുകൾ ഇനിയുള്ള കാലം ജീവിച്ചു തീർക്കാൻ ആഗ്രഹിക്കുന്നത് കാനഡയിലാണ്. ഗൂഗിൾ സേർച്ച് ഡാറ്റാ ഉപയോഗിച്ച്‌നിർമ്മിച്ച ഭൂപടത്തിൽ, ഓരോ രാജ്യത്തേയും ഏറ്റവുമധികം പേർ പോകുവാൻ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ പേര് യഥാർത്ഥ പേരിന് പകരമായി എഴുതിയിരിക്കുന്നു. ഉദാഹരണത്തിന് അമേരിക്കക്കാർ കൂടുതലും പോകാൻ ആഗ്രഹിക്കുന്നത് ജപ്പാനിലേക്കാണ്. അതിനാൽ, ഭൂപടത്തിൽ അമേരിക്കയുടെ സ്ഥാനത്ത് ജപ്പാൻ എന്ന പേരാണ് നൽകിയിരിക്കുന്നത്.
ബ്രിട്ടൻ, മെക്സിക്കോ, ഫ്രാൻസ് എന്നിവ ഉൾപ്പടെ 30 രാജ്യങ്ങളിലെ ആളുകളാണ് ഇനിയുള്ള ജീവിതം കാനഡയിൽ ജീവിച്ചു തീർക്കാൻ ആഗ്രഹിക്കുന്നത്.തൊട്ടു പുറകിൽ ഉള്ളത് ജപ്പാനാണ്. അമേരിക്ക ഉൾപ്പടെ 13 രാജ്യങ്ങളിലെ ജനങ്ങൾ സ്ഥാനമാറ്റത്തിന് ഒരു അവസരം ലഭിച്ചാൽ ബാക്കിയുള്ള ജീവിതകാലം ജപ്പാനിൽ ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ആറ് തെക്കേ അമേരിക്കൻ രാജ്യങ്ങളൂം സ്വീഡൻ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളും ഉൾപ്പടെ 12 രാജ്യത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്പെയിൻ ആണ് മൂന്നാം സ്ഥാനത്ത്.
സാമ്പത്തിക സേവന ദാതാവായ റെമിറ്റ്ലിയാണ് ഈ വിവരം പുറത്തുവിട്ടത്. 100 രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഗൂഗിൾ സേർച്ച് ഡാറ്റ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിന്റെതാണ് ഈ റിപ്പോർട്ട്. വിദേശയാത്രകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തിയ സേർച്ചുകളിൽ ഉപയോഗിച്ച കീ വേർഡുകളുടെ പ്രതിമാസശരാശരി കണക്കാക്കിയാണ് ഈ അനുമാനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത്. താരതമ്യേന ശാന്ത സ്വഭാവികളും സഹൃദയരുമായ ജനങ്ങൾ, മനോഹരമായ പ്രകൃതി, ഉയർന്ന വേതനം ലഭിക്കുന്ന തൊഴിൽ സാധ്യതകൾ എന്നിവയാണ് കാനഡയെ ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ആഗോള സമാധാന സൂചികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം എന്നൊരു പ്രത്യേകതകൂടി കാനഡയ്ക്കുണ്ട്.
ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ജർമ്മനിയിൽ ലോകത്തിലെ എട്ട് രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കാൻ ഇഷ്ടപ്പെടുമ്പോൾ, ആറു രാജ്യങ്ങളിലെ ജനതക്ക് പ്രിയമായി ഖത്തർ അഞ്ചാം സ്ഥാനത്ത് ഉണ്ട്. ആസ്ട്രേലിയ, സ്വിറ്റ്സർലാൻഡ്, പോർച്ചുഗൽ, അമേരിക്ക, ബ്രിട്ടൻ എന്നിവയാണ് തൊട്ടു പിന്നാലെയുള്ള രാജ്യങ്ങൾ.
ലോക ഭൂപടം പോലെ, ജനങ്ങൾ കുടിയേറുവാൻ താത്പര്യപ്പെടുന്ന മേഖലകളെ തരംതിരിച്ചുകൊണ്ടുള്ള ഭൂപടവും റെമിറ്റി തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് യൂറോപ്പിൽ, ജർമ്മൻകാർ സ്വിറ്റ്സർലാൻഡിലേക്ക് കുടിയേറാൻ ആഗ്രഹിക്കുമ്പോൾ സ്പാനിഷ ജനത ഇഷ്ടപ്പെടുന്നത് ഫ്രാൻസിൽ ജീവിക്കാനാണ്. ഗ്രീക്ക്കാർക്ക് ഇഷ്ടം ജർമ്മനിയും. വടക്കേ അമേരിക്കയിലെ കാര്യമാണെങ്കിൽ, ജമൈക്കൻ സ്വദേശികൾ കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുമ്പോൾ കോസ്റ്റാറിക്കൻ സ്വദേശികൾക്ക് ഇഷ്ടം സ്പെയിനാണ്. ഐലൻഡ് ഓഫ് സെയിന്റ് ലൂസിയയിലെ താമസക്കാർക്കിഷ്ടം ബ്രിട്ടനും.
റഷ്യാക്കാർ പുതിയ ജീവിതം ആരംഭിക്കുവാനായി അമേരിക്കയിൽ പോകാൻ ആഗ്രഹിക്കുമ്പോൾ, സൗദി അറേബ്യക്കാർ ആഗ്രഹിക്കുന്നത് ഖത്തറിലെത്താനാണ്. ജപ്പാൻകാർക്കിഷ്ടം ബ്രിട്ടനും. ആഫ്രിക്കൻ രാജ്യങ്ങളിൽ അധികവും താത്പര്യപ്പെടുന്നത് കാനഡയിൽ ജീവിക്കുവാനാണ്.
മറുനാടന് മലയാളി ബ്യൂറോ