- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം വരവിനേയും അതിജീവിച്ച് ഫ്രാൻസ്; ഇളവുകൾ നൽകുന്നതും ക്രിസ്ത്മസ്സും മൂന്നാം വരവിന് കാരണമായേക്കും; കൊറോണ യുദ്ധത്തിലെ ഫ്രാൻസിന്റെ വഴികൾ ഇങ്ങനെ
കർശന നിയന്ത്രണങ്ങളോടെയുള്ള ദേശീയ ലോക്ക്ഡൗണിലൂടെ കൊറോണയുടെ രണ്ടം വരവിനേയും ഫ്രാൻസ് അതിജീവിച്ചു. ഒരു മാസമായി നിലവിലുള്ള ഭാഗിക ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതോടെ അടുത്ത ആഴ്‌ച്ച ഫ്രാൻസിലെ കടകൾ എല്ലാം തുറക്കുകയും ആരാധനാലയങ്ങൾ പൂർവ്വ സ്ഥിതിയിലേക്ക് വരികയും ചെയ്യും. എന്നാൽ, റെസ്റ്റോറന്റുകളും ജിമ്മുകളും മറ്റും തുറന്നു പ്രവർത്തിക്കാൻ ജനുവരി 20 വരെ കാത്തിരിക്കണം.
യൂറോപ്പിലാകെ രോഗവ്യാപനവും കോവിഡ് മരണങ്ങളും വർദ്ധിച്ചതോടെ കഴിഞ്ഞ മാസം ദേശവ്യാപകമായി കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ പുതിയ കോവിഡ് നിയമങ്ങളുമായി പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ എത്തിയത്. ഫ്രാൻസിലെ രോഗവ്യാപന നിരക്ക് നവംബർ ആരംഭത്തിൽ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. അതുപോലെ ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും ഇന്റൻസീവ് കെയറുകളിൽ ഉള്ളവരുടെ എണ്ണത്തിലും കാര്യമായ കുറവ് വന്നിട്ടുണ്ട്.
കോവിഡ് 19 ന്റെ രണ്ടാം വ്യാപനത്തിന്റെ മൂർദ്ധന്യ ഘട്ടം കടന്നു പോയിരിക്കുന്നു എന്ന് ഇന്നലെ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിച്ച മാക്രോൺ പറഞ്ഞു. എന്നിരുന്നാലും, പൂർണ്ണമായും അപകടഘട്ടം തരണം ചെയ്തിട്ടില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോഴും നൂറോളം കോവിഡ് മരണങ്ങൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഡിസംബർ 15ഓടെ രാജ്യത്തെ ചില മ്യുസിയങ്ങളും സിനിമാ ഹോളുകളും തുറന്ന് പ്രവർത്തനം ആരംഭിക്കും. അതുപോലെ സ്റ്റേ അറ്റ് ഹോം നിയമത്തിലും ഇളവുകൾ വരും.
അതേസമയം രാത്രി 9 മണിക്ക് ശേഷമുള്ള കർഫ്യൂ ഫ്രാൻസിൽ വീണ്ടും നിലവിൽ വരും. എന്നാൽ, ക്രിസ്ത്മസ്സ് - പുതുവത്സരാഘോഷങ്ങൾക്കായി ഈ കർഫ്യൂവിൽ ഇളവുകൾ ഉണ്ടായിരിക്കും. സ്‌കൂളുകളും ചില തൊഴിലിടങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും നിലവിൽ ഫ്രാൻസിൽ ആളുകൾക്ക് വീടിന് വെളിയിലിറങ്ങാൻ അനുമതി പത്രം ആവശ്യമാണ്. അതുപോലെ വിനോദയാത്രകൾക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പെട്ടെന്ന് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിക്കുന്നതിനെതിരെ ആരോഗ്യ മേഖലയിലെ പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്.
മാസ്‌കുകളും ഹെഡ് ഗിയറുകളും ധരിച്ച്, തുറന്നു പ്രവർത്തിക്കാനുള്ള അനുമതിക്കായി കടയുടമകൾ തിങ്കളാഴ്‌ച്ച പ്രകടനം നടത്തിയിരുന്നു. ലിയോണിലേക്കുള്ള പ്രതിഷേധ പ്രകടനത്തിൽ റെസ്റ്റോറന്റ് ഉടമകളും ബാറുടമകളും ഉൾപ്പെട്ടിരുന്നു.ബാല്ലെകോയർ നഗരത്തിലും പ്രതിഷേധ പ്രകടനം നടന്നു. ഹെയർ സലൂണുകളും പബ്ബുകളും ഒരാഴ്‌ച്ചക്കകം പ്രവർത്തനമാരംഭിക്കും എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പുറകേയാണ് മാക്രോണിന്റെ തീരുമാനം എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.