- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൃതശരീരം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഉറ്റബന്ധുക്കളിൽ ഒരാൾക്ക് പ്രവേശനം; അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിലും മോർച്ചറിയിലും മൃതദേഹം കാണാം; ദേഹത്ത് സ്പർശിക്കാതെ അന്ത്യ കർമ്മങ്ങൾ ചെയ്യാനും അനുമതി: കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്ക്കാരം ഉറ്റ ബന്ധുക്കൾക്ക് നടത്താം
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹം അടുത്ത ബന്ധുക്കൾക്കു കാണുന്നതിനും മതാചാരപ്രകാരമുള്ള സംസ്‌ക്കാര ചടങ്ങുകൾ നടത്തുന്നതിനും അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കാണുന്നതിനും സംസ്‌ക്കാര ചടങ്ങുകൾ നടത്തുന്നതിനുള്ള മാർഗ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. ദേഹത്ത് സ്പർശിക്കാതെ അന്ത്യ കർമ്മങ്ങൾ ചെയ്യുന്നതിനാണ് ഉറ്റ ബന്ധുക്കൾക്ക് അനുമതി നൽകിയിരിക്കുന്നത്.
അടുത്ത ബന്ധുക്കൾക്ക് മൃതദേഹം ഐസൊലേൻ വാർഡിലും മോർച്ചറിയിലും കയറി കാണാനാണ് അവസരം ഒരുക്കുന്നത്. മൃതശരീരം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഉറ്റബന്ധുക്കളിൽ ഒരാൾക്കു പ്രവേശനം അനുവദിക്കും. പ്രതീകാത്മകമായ രീതിയിൽ മതപരമായ പുണ്യജലം തളിക്കാനും വെള്ളത്തുണി കൊണ്ടു പുതയ്ക്കാനും ആ ബന്ധുവിനെ അനുവദിക്കും. അതേസമയം മൃതദേഹത്തിൽ സ്പർശിക്കാനോ കുളിപ്പിക്കാനോ അന്ത്യചുംബനം നൽകാനോ അനുവദിക്കില്ല. വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിലും ആവശ്യപ്പെട്ടാൽ മോർച്ചറിയിൽലും കയറി മൃതദേഹം കാണാൻ അവസരം ഒരുക്കും.
സംസ്‌ക്കാര ചടങ്ങുകൾ ആരോഗ്യ വകുപ്പ് തന്നെയാണ് നടത്തുക എങ്കിലും സംസ്‌ക്കാര സ്ഥലത്ത് അടുത്ത ബന്ധുക്കളെ മൃതദേഹം കാണിക്കും. സംസ്‌കാര സ്ഥലത്തു മൃതദേഹം എത്തിച്ചാൽ ആരോഗ്യ വകുപ്പു ജീവനക്കാരനു മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിപ് തുറന്ന് അടുത്ത ബന്ധുക്കളെ കാണിക്കാം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. അന്ത്യ കർമ്മവും ചെയ്യാം. ഈ സമയത്തു മതപരമായ പ്രാർത്ഥനകൾ ചൊല്ലുന്നതും പുണ്യജലം തളിക്കുന്നതും അനുവദിക്കും. ദേഹത്തു സ്പർശിക്കാതെ അന്ത്യകർമങ്ങളും ചെയ്യാം.
മരണകാരണം കോവിഡാണെന്നു സംശയിക്കുന്നതും മരിച്ച നിലയിൽ എത്തിക്കുന്നതുമായ മൃതദേഹങ്ങളിൽ നിന്നു പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിച്ച ശേഷം എത്രയും വേഗം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഉറപ്പു വരുത്തിയവ ഒഴികെയുള്ള മൃതദേഹങ്ങൾ പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ചാണു ബന്ധുക്കൾക്കു വിട്ടുകൊടുക്കേണ്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശപ്രകാരമാണ് മാർഗനിർദേശങ്ങൾ പുതുക്കിയതെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
പരമാവധി 20 പേർക്കു സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാം. എല്ലാവരും രണ്ട് മീറ്റർ അകലം പാലിക്കണം. 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിൽ താഴെയുള്ളവരും ശ്വാസകോശങ്ങൾക്ക് ഉൾപ്പെടെ രോഗങ്ങളുള്ളവരും പങ്കെടുക്കരുത്.
മറുനാടന് മലയാളി ബ്യൂറോ