നിയും പൂർണ്ണമായി മനസ്സിലാക്കാത്ത കൊറോണയെന്ന കുഞ്ഞൻ വൈറസിന്റെ പുതിയപുതിയ കാര്യങ്ങൾ ശാസ്ത്രലോകം അറിഞ്ഞു വരികയാണ്. ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകൾ ഉള്ളവർക്ക് ആശ്വാസം പകരുന്നതാണ്. രക്തഗ്രൂപ്പ് ഏതായാലും, അത് നെഗറ്റീവ് ആണെങ്കിൽ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ളവരേക്കാൾ കോവിഡ് ബാധിക്കുവാനുള്ള സാധ്യത 21 ശതമാനം വരെ കുറവാണ് എന്നാണ് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കുന്നതിൽ 13 ശതമാനത്തിന്റെ കുറവും മരണത്തിൽ 19 ശതമാനത്തിന്റെ കുറവും ഈ വിഭാഗത്തിൽ ഉള്ളവരിൽ രേഖപ്പെടുത്തി.

ലോകത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയതെന്നു തന്നെ പറയാവുന്ന തരത്തിലുള്ള വിപുലമായ സാമ്പിൾ സർവ്വേയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടൊറണ്ടോയിലെ ഇൻസ്റ്റിറ്റിയുട്ട് ഫോർ ക്ലിനിക്കൽ എവാലുവേറ്റീവ് സയൻസസ് 2,25,556 പേരുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. 2007 നും 2019 നും ഇടയിൽ രക്ത പരിശോധന നടത്തിയവരും ഈ വർഷം സ്വാബ് ടെസ്റ്റ് നടത്തിയവരുമായ ആളുകളുടെ രക്ത സാമ്പിളുകളായിരുന്നു പഠനത്തിന് വിധേയമാക്കിയത്.

അരുണ രക്ത കോശങ്ങളിൽ കാണപ്പെടാറുള്ള ആന്റിജന്റെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ അടിസ്ഥാനമാക്കിയാണ് രക്തത്തെ നാല് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നത്. എ, ബി എന്നീ രണ്ട് ആന്റിജനുകളാണ് ഉള്ളത്. അവയുടെ സാന്നിദ്ധ്യം അനുസരിച്ചാണ് എ , ബി എന്നീ രക്തഗ്രൂപ്പുകൾക്ക് ആ പേര് ലഭിച്ചത്. ഇവ രണ്ടും ഉണ്ടെങ്കിൽ അത് എബി ഗ്രൂപ്പും ഇവയുടെ സാന്നിദ്ധ്യമില്ലെങ്കിൽ അത് ഒ ഗ്രൂപ്പും എന്നറിയപ്പെടുന്നു. റിസസ് എന്ന മറ്റൊരു ആന്റിജൻ കൂടിയുണ്ട്. രക്തത്തിൽ ഈ ആന്റിജൻ ഉണ്ടെങ്കിൽ അത് പോസിറ്റീവ് എന്നും ഇല്ലെങ്കിൽ അത് നെഗറ്റീവ് എന്നും വിളിക്കപ്പെടുന്നു. അങ്ങനെയാണ് എല്ലാ ഗ്രൂപ്പുകളിലും പോസിറ്റീവ്, നെഗറ്റീവ് എന്നീ രണ്ട് വിഭാഗങ്ങൾ ഉണ്ടായത്.

ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിൽ എബി ഗ്രൂപ്പുകാർക്ക് എ ഗ്രൂപ്പുകാരേക്കാൾ രോഗബാധയ്ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തി. എന്നാൽ, ഒ ഗ്രൂപ്പുകാർക്ക് രോഗബാധയ്ക്കുള്ള സാധ്യത എ ഗ്രൂപ്പുകാരിലേതിനേക്കാൾ 5 ശതമാനം കുറവാണ്. മറ്റെല്ലാ ഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് ബാധയ്ക്കുള്ള സാധ്യത ഒ ഗ്രൂപ്പുകാർക്ക് 12 ശതമാനം കുറവാണെന്നും കണ്ടെത്തിയിരുന്നു.

എ ബി, ബി എന്നീ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നവർക്കാണ് ഗുരുതരമായ ലക്ഷണങ്ങളോടെയുള്ള കോവിഡ് ബാധിക്കുവാനുള്ള സാധ്യത കൂടുതൽ. ഇവരിൽ തന്നെ പോസിറ്റീവ് വിഭാഗത്തിൽ പെടുന്നവർക്ക് സാധ്യത ഇനിയും വർദ്ധിക്കും. ബി ഗ്രൂപ്പിൽ പെടുന്നവർക്ക് കോവിഡ് ബാധിക്കുന്നതിനുള്ള സാധ്യത 21 ശതമാനം കൂടുതലാണെന്നും പഠനം വെളിപ്പെടുത്തുന്നു. നേരത്തേ ചൈനയിൽ നടത്തിയ ഒരു പഠനത്തിലും സമാനമായ ഫലം കണ്ടെത്തിയിരുന്നു.