മുംബൈ: ലൈംഗിക തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലൈം​ഗിക തൊഴിലാളികൾ അനുഭവിക്കുന്ന പ്രതിസന്ധിക്ക് പരിഹാരമായാണ് പദ്ധതി. സർക്കാരിന്റെ സഹായം 31,000 ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു.

ഒക്ടോബർ മുതൽ ഡിസംബർ മാസങ്ങളിൽ 5,000 രൂപ ധനസഹായം നൽകും. കൂടാതെ ഇവർക്ക് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉള്ളവർക്ക് 2,500 രൂപ അധികം നൽകും. കോവിഡ് വ്യാപനം അവസാനിക്കുന്നതുവരെ എല്ലാ മാസവും സൗജന്യമായി അഞ്ച് കിലോ റേഷനും നൽകും. കോവിഡ് വ്യാപനത്തോടെ ഇവിടുത്തെ ലൈംഗിക തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതത്തിലായി. ഉപഭോക്താക്കൾ ആരും വരാതായതോടെ കടുത്ത ദാരിദ്ര്യത്തിലായിരുന്നു ഇവിടുത്തെ ലൈംഗിക തൊഴിലാളികൾ.

ലൈംഗികതൊഴിലാളികൾക്ക് റേഷൻകാർഡും തിരിച്ചറിയൽ കാർഡും ഇല്ലെങ്കിലും റേഷൻ നൽകണമെന്ന് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൈസൈറ്റി 5,600 ലൈംഗിക തൊഴിലാളികളുടെയും അവരുടെ 1,592 കുട്ടികളുടെയും പട്ടിക ത്യയാറാക്കിയിരുന്നു.