കോട്ടയം: പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ രാമപുരം ഗാന്ധിനഗർ വെട്ടുവയലിൽ സെബിൻ ഏബ്രഹാം (29) ആണ് മരിച്ചത്. കുട്ടിച്ചന്റെ മകനാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് സെബിനെ തേടി മരണം എത്തിയത്.

18നു രാവിലെ എട്ടിന് ഗ്യാസ് കുറ്റി മാറ്റുമ്പോഴാണ് അപകടം. പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയതു വയ്ക്കുന്നതിനിടെ തീ പടരുകയായിരുനു. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു. ഓടിയെത്തിയ നാട്ടുകാർ തീ അണച്ചു. ഉടൻ രണ്ട് പേരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ഇവിടെ ചികിത്സയിലിരിക്കെ സെബിൻ ഇന്നലെ പുലർച്ചെ മരിച്ചു. മാതാവ് കുസുമം ചികിത്സയിലാണ്. കട്ടപ്പന ഇരട്ടയാർ പാലയ്ക്കീൽ കുടുംബാംഗം ലെനിയ ആണ് ഭാര്യ. കഴിഞ്ഞ മാസം 24നായിരുന്നു വിവാഹം. കുട്ടിച്ചനാണ് പിതാവ്. സഹോദരങ്ങൾ: അനു, എബിൻ. സംസ്‌കാരം നടത്തി.