തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് കരുത്തറ്റ വിജയം. മലപ്പുറം ജില്ലയിലൊഴികെ നടന്ന തിരഞ്ഞടുപ്പിൽ മുഴുവൻ സീറ്റും ഇടതുമുന്നണി നേടി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും അർബൻ ബാങ്കുകളുടെ പ്രതിനിധിയുമായ ഗോപി കോട്ടമുറിക്കൽ പ്രസിഡന്റും തൃശൂരിൽ നിന്നു വിജയിച്ച എം.കെ. കണ്ണൻ വൈസ് പ്രസിഡന്റും ആയേക്കും. കൊല്ലത്തു നിന്നു വിജയിച്ച ജി.ലാലുവിനെ വൈസ് പ്രസിഡന്റ് ആക്കാനും സമ്മർദമുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട 14 അംഗങ്ങൾ ഇന്നു 10നു ചുമതലയേൽക്കും. 1557 പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളുടെയും 51 അർബൻ ബാങ്കുകളുടെയും പ്രതിനിധികളായിരുന്നു വോട്ടർമാർ. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്റ്റ്രാർ, നബാർഡ് കേരള റീജനൽ ചീഫ് ജനറൽ മാനേജർ, കേരള സംസ്ഥാന സഹകരണ ബാങ്ക് സിഇഒ എന്നിവരും ബോർഡിൽ അംഗങ്ങളായിരിക്കും. രണ്ട് പേരെ സ്വതന്ത്ര പ്രഫഷനൽ ഡയറക്ടർമാരായി സർക്കാർ നിയോഗിക്കും.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തതിനാൽ ആ ജില്ലയിൽ തിരഞ്ഞെടുപ്പു നടത്തിയില്ല. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതായി യുഡിഎഫ് സംഘടനയായ സഹകരണ ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അറിയിച്ചു.

കോഴിക്കോട്: ഇ. രമേശ് ബാബു (പട്ടികജാതി), പത്തനംതിട്ട: എസ്. നിർമലദേവി (വനിത) എറണാകുളം: പുഷ്പദാസ് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മറ്റു ജില്ലകളിലെ പ്രതിനിധികൾ: എസ്. ഷാജഹാൻ (തിരുവനന്തപുരം), എം. സത്യപാലൻ (ആലപ്പുഴ), കെ.ജെ.ഫിലിപ്പ് (കോട്ടയം), കെ.വി. ശശി (ഇടുക്കി), എ. പ്രഭാകരൻ (പാലക്കാട്), പി. ഗഗാറിൻ (വയനാട്), സാബു ഏബ്രഹാം (കാസർകോട്), കെ.ജി. വത്സലകുമാരി (കണ്ണൂർ).