വകാശവാദങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിൽ ഡൊണാൾഡ് ട്രംപ് ആയുധം വച്ചു കീഴടങ്ങുന്നു. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും താൻ വൈറ്റ്ഹൗസ് വിട്ടൊഴിയുമെന്ന് ഇന്നലെഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിസംബർ 14 ന് ഇലക്ടൊറൽ കോളേജ് ബൈഡനെ പ്രസിഡണ്ടായി തെരഞ്ഞെടുത്താൽ ഉടൻ തന്നെ അധികാര കൈമാറ്റത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം. പുതിയ പ്രസിഡണ്ടിന്റെ അധികാരമേൽക്കൽ ചടങ്ങിൽ സംബന്ധിക്കുന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.

തെരഞ്ഞെടുപ്പിൽ വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ പ്രയാസമാണ്, അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, ഡിസംബർ 14 ന് യോഗം ചേരുമ്പോൾ ബൈഡനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയാണെങ്കിൽ അത് ഗുരുതരമായ തെറ്റായിരിക്കുമെന്ന് ഇലക്ടറൽ കോളേജിന് മുന്നറിയിപ്പ് നൽകാനും അദ്ദേഹം മറന്നില്ല. മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ പൊതുവേ ശാന്തനായി കാണപ്പെട്ട ട്രംപ്, എന്തുകൊണ്ട് തോൽവി സമ്മതിക്കുന്നു എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ മാത്രമാണ് ക്ഷുഭിതനായത്.

മാധ്യമപ്രവർത്തകരുമായി ചെലവഴിച്ച 25 മിനിറ്റിൽ ഉടനീളം അദ്ദേഹം തന്റെ തോൽവി സമ്മതിക്കുകയും എന്നാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയുമായിരുന്നു. പുതിയ പ്രസിഡണ്ട് അധികാരമേൽക്കുന്നതുവരെ തന്റെ പോരാട്ടം തുടരാൻ 55 ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം അദ്ദേഹം ആവർത്തിച്ചു.

ശക്തമായ പോരാട്ടം നടന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കോടതിയിൽ പോകാൻ തന്നെയാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ കേസുകളൊക്കെ എങ്ങുമെങ്ങും എത്താതെ പോവുകയാണ്. സംസ്ഥാനങ്ങൾ ഓരോന്നായി തെരഞ്ഞെടുപ്പ് ഫലത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകുകയാണ്. രണ്ടാഴ്‌ച്ചക്കുള്ളിൽ ഇലക്ടറൽ കോളേജ് യോഗം ചേരുകയും ചെയ്യും. ബൈഡൻ അധികാരകേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് അതിനുള്ള ഉത്തരം ഇപ്പോൾ പറയുന്നില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി.

അതേസമയം, ഇന്നിനും ജനുവരി 20 നും ഇടയിൽ ഒരുപാട് സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നൽകി. ജനുവരി 6 ന് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുന്നതിനായി കോൺഗ്രസ്സ് യോഗം ചേരുന്നുണ്ട്. അതിലാണ് ഇപ്പോൾ ട്രംപിന്റെ പ്രതീക്ഷ. അതേസമയം, അധികാര കൈമാറ്റത്തിനുള്ള നടപടികൾ അതിവേഗത്തിൽ പുരോഗമിച്ചു വരുന്നു.

തട്ടിപ്പിലൂടെ അല്ലാതെ ബൈഡന് 80 മില്ല്യൺ വോട്ടുകൾ ലഭിക്കില്ലെന്ന് വീണ്ടും വീണ്ടും ആവർത്തിച്ച ട്രംപ് അടുത്ത പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാക്കിയില്ല. ഇപ്പഴേ 2024 ലെ കാര്യം സംസാരിക്കേണ്ടതില്ല എന്നായിരുന്നു ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ ഉത്തരം.