അതിരപ്പിള്ളി: വനത്തിലൂടെ സഞ്ചരിച്ച് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ശ്രീദേവിക്ക് ജില്ലാ കലക്ടർ മലക്കപ്പാറയിൽ എത്തി സമ്മാനങ്ങൾ നൽകി. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷ എഴുതാൻ തമിഴ്‌നാട്ടിൽ നിന്നും 150 കിലോമീറ്റർ സഞ്ചരിച്ചാണ് ശ്രീദേവി ആദ്യം വാർത്തകളിൽ ഇടംപിടിച്ചത്. അച്ഛൻ ചെല്ലമുത്തുവിനൊപ്പം ബൈക്കിലും ബാക്കി ദൂരം ആംബുലൻസിലും യാത്ര ചെയ്ത് ചാലക്കുടിയിലെത്തിയാണ് പരീക്ഷ എഴുതിയത്. ഇതിന് പിന്നാലെയാണ് ശ്രീദേവി ഉന്നത വിജയം കരസ്ഥമാക്കി വീണ്ടും വാർത്തകളിൽ നിറഞ്ഞത്.

ഇതോടെ ജന ശ്രദ്ധ പിടിച്ചുപറ്റിയ ശ്രീദേവീ എന്ന കൊച്ചുമിടുക്കിയെ തേടിയാണ് ടിവിയും മൊബൈൽ ഫോണും ടാബ്ലറ്റും അടങ്ങുന്ന സമ്മാനവുമായി കലക്ടർ എത്തിയത്. മലക്കപ്പാറയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ തിരുപ്പൂർ പൂച്ചകൊട്ടാംപാറയിൽ നിന്നും അച്ഛനൊപ്പം 150 കിലോമീറ്റർ ബൈക്കിൽ യാത്ര ചെയ്താണ് ഇത്തവണയും ശ്രീദേവീ വന്നത്. നായരങ്ങാടി മോഡൽ റസിഡൻഷ്യൾ സ്‌കൂളിൽ പ്ലസ്സ് വൺ വിദ്യാർത്ഥിയായ ശ്രീദേവിയുടെ പഠനം കോവിഡിൽ കുരുങ്ങിയപ്പോൾ ഓൺ ലൈൻ പഠനം തുടരാൻ ഫോൺ ഇല്ലാതിരുന്നത് തടസ്സമായി.

ഡോക്ടറാകണം എന്ന ലക്ഷ്യത്തോടെ പഠനം തുടരുന്ന ശ്രീദേവിയുടെ വിജയ വീഥിയിൽ വിളക്കാകും ഇന്നത്തെ സമ്മാനം. പഠിച്ചു മിടുക്കിയാകണം നല്ല ജോലി നേടണം എന്നു പറഞ്ഞാണ് കലക്ടർ ശ്രീദേവിയെ യാത്രയാക്കിയത്. ബൈക്കിൽ വന്നതിനാൽ ശ്രീദേവി കൈപറ്റിയ സമ്മാനങ്ങൾ രണ്ടു ദിവസങ്ങൾക്കു ശേഷം വീട്ടിലെത്തും. ചടങ്ങിൽ ട്രൈബൽ ഒഫീസർ സന്തോഷ്‌കുമാർ ജെഎച്ച്ഐ വിനോദ് എന്നിവർ പങ്കെടുത്തു.