ബ്യൂണസ് ഐറീസ്്: ഇതിഹാസം ദൈവത്തിൽ ലയിച്ചു. ആരാധകർക്ക് ദൈവം.. എതിരാളിക്ക് ചെകുത്താനും.... അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക് വിട നൽകി ലോകം. ബ്യൂണസ് ഐറീസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംസ്‌കാരചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വിലാപയാത്രയ്ക്കിടെ ആരാധകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ബ്യൂണസ് ഐറിസിലെ തെരുവുകൾ മുതൽ ലോകമാകെയുള്ള ആരാധകർ പ്രിയതാരത്തിന് ആദരമർപ്പിച്ചു. തലച്ചോറിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുകയായിരുന്ന മറഡോണയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ഞെട്ടലോടെയാണ് ആരാധകർ മരണത്തെ ഉൾക്കൊണ്ടത്. അർജന്റീനക്കാർ സംസ്‌കാര ചടങ്ങിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. ഇതിനൊപ്പം വിവാദങ്ങളും.

ഇതിനിടെ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ എടുത്തവരും വിവാദത്തിൽ കുടുങ്ങി. മറഡോണയുടെ മൃതദേഹം വൃത്തിയാക്കാൻ ചുമതലപ്പെടുത്തിയവരാണ് വിവാദത്തിൽ കുടങ്ങുന്നത്. മറഡോണയുടെ തലയിൽ ഒരു കൈയും സന്തോഷ സൂചകമായ കൈവിരലും നൽകി ഫോട്ടോയ്ക്ക് പോസ് ചെയ്തത് താരത്തെ അപമാനിക്കലായി. മറഡോണയുടെ മൃതദേഹം തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ ആളുകളിൽ ഒരാളാണ് ഡിഗോ മോളിന. മറഡോണയുടെ മൃതദേഹം സംസ്ഥാന ശവസംസ്‌കാര ചടങ്ങിലേക്ക് കൊണ്ടുപോകുന്നതിനു മുന്നോടിയായി പോസ്റ്റ്മോർട്ടത്തിന് ശേഷം എടുത്തതാണ് ഈ ഫോട്ടോ. മറഡോണയെ അപമാനിച്ചെന്ന് ആരോപിച്ച് ഇയാൾക്കെതിരെ ആക്രമണ ഭീഷണിയും ആരോധകർ മുഴക്കുന്നുണ്ട്.

നിരവധി സംസ്‌കാര തൊഴിലാളികൾ ഇങ്ങനെ ഫോട്ടോ എടുത്തുവെന്നാണ് സൂചനകൾ. പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തുന്നുണ്ട്. അവസാനമായി മറഡോണയെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് തലസ്ഥാന നഗരമായ ബ്വേനസ് എയ്‌റീസിലേക്ക് ഒഴുകിയെത്തിയത്. പ്രസിഡൻഷ്യൽ പാലസിലായിരുന്നു പൊതുദർശനം. മറഡോണയെ അവസാനമായി കാണാനെത്തിയ ആളുകളുടെ നിര കിലോ മീറ്ററുകൾ നീണ്ടു. പലർക്കും കാണാനായില്ല. ഇതാണ് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. മറഡോണയുടെ മരണത്തെ തുടർന്ന് അർജന്റീനയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം തുടരുകയാണ്.

ബുധനാഴ്ച സ്വവസതിയിൽ പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു ഫുട്ബോൾ ഇതിഹാസത്തിന്റെ അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന് ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്ച മുമ്പായിരുന്നു ആശുപത്രി വിട്ടിരുന്നത്. വീട്ടിൽ വിശ്രമത്തിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത മറഡോണ ലോക ഫുട്‌ബോളിലെ ജീവിക്കുന്ന ഇതിഹാസമായിരുന്നു. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ 21 വിജയം നേടിയ മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോൾ അന്നും ഇന്നും അത്ഭുതമാണ്.