ന്യൂഡൽഹി: പൊലീസിന്റെ പ്രതിരോധ കോട്ട പൊളിച്ച് കർഷകർ ഡൽഹിയിൽ പ്രവേശിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 'ഡൽഹി ചലോ' ഉപരോധം ഡൽഹിയിൽ പ്രവേശിച്ചത്. വ്യാഴാഴ്ച മുതൽ അതിർത്തിയിൽ തമ്പടിച്ച കർഷകരെ ഡൽഹി ബുറാഡിയിലെ നിരങ്കാരി മൈതാനത്തെത്തി ധർണ നടത്താൻ ഡൽഹി പൊലീസ് അനുവാദം നൽകി.

തലസ്ഥാനാതിർത്തിയിൽ പൊലീസ് ബാരിക്കേഡ് നിരത്തിയും മറ്റും പ്രതിരോധ കോട്ട തീർത്തെങ്കിലും ഒടുവിൽ കർഷകരുടെ സമര വീര്യത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. സമാധാനപരമായി സമരം ചെയ്യണമെന്ന നിബന്ധനയിലാണ് പ്രവേശനം അനുവദിച്ചതെന്ന് ഡൽഹി പൊലീസ് പി.ആർ.ഒ. ഈഷ് സിംഘാൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ മുതൽ സംഘർഷഭരിതമായിരുന്നു തലസ്ഥാനാതിർത്തി. ദേശീയപാതയിൽ പൊലീസ് ബാരിക്കേഡ് നിരത്തി. പഞ്ചാബിലും ഹരിയാണയിലും കർഷകരെ തടയാനുള്ള പൊലീസ് ശ്രമവും ഫലിച്ചില്ല. ഇതിനിടയിൽ ജി.ടി. കർണാൽ റോഡിലും മറ്റും കർഷകർക്കുനേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.

ഡൽഹി-ഹരിയാണ അതിർത്തിയിലുള്ള ശംഭു എന്ന സ്ഥലത്തായിരുന്നു കണ്ണീർ വാതകപ്രയോഗം. തിഗ്രി അതിർത്തിയിൽ ജലപീരങ്കി ഉപയോഗിച്ചു. സോനെപത്ത്, കൈത്താൾ, മുർത്താൾ ദേശീയപാതകളിലൊക്കെ പൊലീസ് തടസ്സമുണ്ടാക്കി. ഡൽഹി-ഹരിയാണ അതിർത്തിയിലുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ, തിഗ്രിയിൽ കേന്ദ്രീകരിച്ച കർഷകരെ വൈകീട്ട് മൂന്നോടെ പൊലീസ് അകമ്പടിയിൽ ബുറാഡി മൈതാനത്തെത്തിക്കുകയായിരുന്നു. കർഷകരുടെ ആവശ്യത്തിനു മുന്നിൽ കേന്ദ്രസർക്കാരിനു കീഴടങ്ങേണ്ടി വന്നതായി നേതാക്കൾ പ്രഖ്യാപിച്ചു.

അതിനിടെ 'ഡൽഹി ചലോ' പ്രതിഷേധം ഹരിയാനയിലെ അംബാലയിൽ പൊലീസ് തടഞ്ഞപ്പോൾ ജലപീരങ്കി വാഹനത്തിനു മേൽ കയറി വെള്ളം പമ്പു ചെയ്യുന്നത് ഓഫാക്കിയ വിദ്യാർത്ഥിക്കെതിരെ് പൊലീസ് കേസെടുത്തു. ജലപീരങ്കിക്ക് മുകളിൽ കയറി കർഷകരുടെ ഹീറോ ആയി മാറിയ അംബാലയിലെ ജയ് സിങ് എന്ന കർഷകന്റെ മകനായ നവ്ദീപ് എന്ന ഇരുപത്തിയാറുകാരനു മേൽ വധശ്രമത്തിനാണ് കേസ് എടുത്തത്. ജീവപര്യന്തം തടവു വരെ കിട്ടാവുന്ന കുറ്റത്തിനു പുറമേ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നു കാട്ടി മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ കർഷകരുടെ രക്ഷകനായി പ്രചാരം നേടിയ വിദ്യാർത്ഥിയാണ് നവ്ദീപ്.

അംബാലയിൽ നടന്ന പ്രതിഷേധത്തിനിടെ കർഷകർക്കു മേൽ വെള്ളം പമ്പ് ചെയ്ത പൈപ്പ് ഓഫാക്കുന്നതിനായി ജലപീരങ്കി വാഹനത്തിനു മേൽ ചാടിക്കയറുന്ന നവ്ദീപിന്റെ വിഡിയോയാണ് വൈറലയാത്. വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയ ശേഷമാണ് നവ്ദീപ് വാഹനത്തിന്റെ മുകളിൽനിന്ന് ഇറങ്ങിയത്. സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയതിന് പിന്നാലെയാണ് നവദീപിനെതിരെ കേസ് എടുത്തത്.

'പഠനം പൂർത്തിയായതിനു ശേഷമാണ് ഞാൻ കർഷക നേതാവ് കൂടിയായ അച്ഛനൊപ്പം കൃഷിയിലേക്ക് ഇറങ്ങിയത്. ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകരുടെ സമർപ്പണത്തിൽനിന്ന് ലഭിച്ച് ധൈര്യമാണ് എന്നെക്കൊണ്ട് വാഹനത്തിനു മുകളിൽ കയറി ടാപ് ഓഫ് ചെയ്യാൻ പ്രേരിപ്പിച്ചത്.

സമാധാനപരമായി പ്രതിഷേധിക്കുമ്പോൾ ഡൽഹിയിലേക്ക് കയറാൻ അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാൽ പൊലീസ് അത് തടഞ്ഞു. ജനവിരുദ്ധമായി ഏതെങ്കിലും നിയമങ്ങൾ പാസാക്കിയാൽ സർക്കാരിനെ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഞങ്ങൾക്കുണ്ട്.' നവ്ദീപ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
അതേസമയം, പൊലീസിന്റെ ലാത്തിയടിയും കണ്ണീർവാതക, ജലപീരങ്കി പ്രയോഗങ്ങളെയും വകഞ്ഞുമാറ്റി കർഷകർ ഡൽഹിയിൽ പ്രവേശിച്ചു. മൂന്നു ദിവസം നീണ്ട പ്രക്ഷോഭത്തിനൊടുവിലാണ് പ്രതിഷേധ പ്രകടനവുമായെത്തിയ കർഷകർ തലസ്ഥാന നഗരിയിൽ പ്രവേശിക്കുന്നത്. ഡൽഹിയുടെ പ്രാന്തപ്രദേശമായ ബുരാരിയിലെ നിരങ്കാരി മൈതാനിയിലാണ് കർഷകർ പ്രതിഷേധപ്രകടനവുമായി ഒത്തുകൂടുന്നത്.