- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മാന പദ്ധതിയിൽ ലഭിച്ച പത്ത് പവൻ തട്ടിയെടുത്തെന്ന് ആരോപണം; ഡിസിസി സെക്രട്ടറി ജിയോ മാത്യുവിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കോടതി
തൊടുപുഴ: ഖാദി ബോർഡ് ഓണസമ്മാന പദ്ധതിയിലെ കൂപ്പൺ നറുക്കെടുപ്പിലൂടെ ലഭിച്ച 10 പവൻ സ്വർണം ഡിസിസി ജനറൽ സെക്രട്ടറി ജിയോ മാത്യു തട്ടിയെടുത്തെന്ന കേസിൽ അന്വേഷണത്തിന് ജില്ലാ കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം പ്രസിഡന്റും കെഎസ്ആർടിസി കണ്ടക്ടറുമായ എം.ആർ. അജിത്തിന്റെ പരാതിയിലാണ് ജിയോ മാത്യുവിനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒരു വർഷം മുൻപാണ് ഖാദി ബോർഡിന്റെ തൊടുപുഴയിലെ റീട്ടെയിൽ ഷോപ്പിൽ നിന്ന് ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ അജിത് തുണികൾ വാങ്ങിയത്. ഇതോടൊപ്പം ജിയോ മാത്യുവും അജിത്തിന്റെ ക്രെഡിറ്റ് സൗകര്യം ഉപയോഗിച്ച് വസ്ത്രം വാങ്ങി. അജിത്തിനാണ് സമ്മാന കൂപ്പൺ ലഭിച്ചത്. നറുക്കെടുപ്പിൽ ഈ കൂപ്പണിന് 10 പവൻ സ്വർണനാണയം സമ്മാനമായി ലഭിച്ചു. ഈ വിവരം ജിയോ മാത്യുവിനെയും അജിത് അറിയിച്ചു. ഒക്ടോബർ രണ്ടിന് മന്ത്രി ഇ.പി. ജയരാജനിൽ നിന്ന് സമ്മാനം കൈപ്പറ്റാൻ തിരുവനന്തപുരത്തേക്ക് അജിത്തിന്റെ കൂടെ ജിയോ മാത്യുവും പോയി. മടങ്ങിവരുമ്പോൾ ജിയോ മാത്യു സമ്മാനം തട്ടിയെടുത്തെന്നാണ് പരാതി.
പട്ടികവർഗ വിഭാഗക്കാരൻ കൂടിയായ അജിത്, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനും സംസ്ഥാന നേതാക്കൾക്കും പരാതി നൽകിയിരുന്നു. കൂടാതെ തൊടുപുഴ പൊലീസിലും പരാതി നൽകിയിരുന്നു. കൂടുതൽ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അഡ്വ. കെ.ആർ. ജയകുമാർ മുഖേന ജില്ലാ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. കേസിൽ ഈ മാസം 9ന് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നതാണെന്ന് ജിയോ മാത്യു പറഞ്ഞു