- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തിനാണ് കിഫ്ബി ആൾസോ അണ്ടർ ദ റഡാർ എന്ന് തലക്കെട്ട് കൊടുക്കണമെന്ന് പറഞ്ഞ് എന്തിനാണ് ഇഡി മാധ്യമങ്ങൾക്ക് മെസേജ് അയച്ചത്; എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബി അന്വേഷണത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്.
ആദ്യം ഇ.ഡി. ആർ.ബി.ഐ.യിൽ അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങൾക്ക് മെസേജ് കൊടുക്കുകയും വിവാദമുണ്ടാക്കുകയും ചെയ്യേണ്ടത്. മസാലബോണ്ടിന് ആർ.ബി.െഎ അനുവാദമുണ്ടെന്ന് എത്രയോ വട്ടം പറഞ്ഞിട്ടുള്ളതാണ്. വേണമെങ്കിൽ രേഖകൊടുക്കാം. ഇ.ഡി.യുടേത് രാഷ്ട്രീയക്കളിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ആർ.ബി.ഐ.യുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുള്ളതാണ്. എന്തിനാണ് കിഫ്ബി ആൾസോ അണ്ടർ ദ റഡാർ എന്ന് തലക്കെട്ട് കൊടുക്കണമെന്ന് പറഞ്ഞ് എന്തിനാണ് ഇ.ഡി. മാധ്യമങ്ങൾക്ക് മെസേജ് അയച്ചത്. ഇതുവരെ അങ്ങനെ ഒരു മെസേജ് അയച്ചിട്ടില്ലെന്ന് ഇഡിയും മാധ്യമങ്ങളും നിഷേധിച്ചിട്ടില്ല. രാഷ്ട്രീയക്കളിയാണ് ഇഡിയുടേതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ഐസക് പറഞ്ഞു.
ആർ.ബി.ഐ.യുടെ എല്ലാ അനുമതിയും കിഫ്ബിക്ക് കിട്ടിയിട്ടുള്ളതാണ്.ആർ.ബി.ഐ.ക്ക് അപേക്ഷിച്ചു അവർ എൻഒസി തന്നു. എന്നാൽ ഇപ്പോൾ വേണ്ട അടുത്ത വർഷം മതി ബോണ്ടിറക്കൽ എന്ന് തോന്നിയപ്പോൾ വീണ്ടും അപേക്ഷിക്കുകയും ആർ.ബി.ഐ അത് നീട്ടിത്തരികയും ചെയ്തു. എൻഒസി ലഭിച്ചിട്ടുണ്ട് വായ്പയുടെ നമ്പർ തരണം എന്ന് പറഞ്ഞപ്പോൾ ആർ.ബി.ഐ. അതും തന്നു. വായ്പ എടുത്തതിന് ശേഷം വായ്പ ചെലവഴിക്കുന്നത് സംബന്ധിച്ച് ആർ.ബി.ഐ.ക്ക് റിപ്പോർട്ട് അയക്കുന്നുണ്ട്. ഏഴോ, എട്ടോ തവണ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആർ.ബി.ഐ. നിങ്ങൾക്കിതിന് അവകാശമില്ലെന്ന് പറഞ്ഞിട്ടില്ല.
സിഎജിക്കാണ് പെട്ടെന്ന് ഇതിൽ സംശയം വന്നിരിക്കുന്നത്. 99 മുതൽ കിഫ്ബിയെ ഓഡിറ്റ് ചെയ്ത് വരുന്ന,9 വട്ടം കിഫ്ബിയിൽ പരിശോധന നടത്തിയിട്ടുള്ള എജിക്ക് ഇപ്പോൾ പെട്ടെന്ന് വീണ്ടുവിചാരം വരികയാണ്. സംസ്ഥാന സർക്കാരിനോട് ഒരു വിശദീകരണം പോലും ചോദിക്കാതെ തോന്ന്യവാസം എഴുതിപ്പിടിപ്പിക്കുന്നു. കാര്യങ്ങൾ ആദ്യം സർക്കാരിനെ അറിയിക്കണം. സർക്കാരിന്റെ അഭിപ്രായം വ്യത്യസ്തമാണെങ്കിൽ അത് കഴിയുന്നത്ര റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണമെന്നാണ് സിഎജി മാർഗ നിർദേശങ്ങളിൽ പറയുന്നത്. ആ സമയത്താണ് ഒരിക്കൽ പോലും ഉന്നയിക്കാത്ത പ്രശ്നങ്ങൾ റിപ്പോർട്ടായി ചമയ്ക്കുന്നത്. ഇതൊന്നും ആ ഭരണഘടനാപദവിക്ക് അനുയോജ്യമല്ല. ഇഡി, എജി ഇവരൊക്കെ കൂടി കേരളത്തിന്റെ വികസനത്തിനെതിരെ വലിയ ഗൂഢാലോചന നടത്തുകയാണെന്നും തോമസ് ഐസക്ക് ആരോപിച്ചു.