പുതിയ അമേരിക്കൻ പ്രസിഡണ്ട് അധികാരമേൽക്കുന്ന അതേ സമയത്ത്, തന്റെ 2024 ലെ പ്രസിഡണ്ട് സ്ഥാനാർത്ഥിയാകുവാനുള്ള പ്രചാരണം തുടങ്ങാൻ ഒരുങ്ങുകയാണ് ഡൊണാൾഡ് ട്രംപ് എന്ന് വാർത്തകൾ പുറത്തുവരുന്നു. ജോ ബൈഡൻ ഒരു ഉറക്കം തൂങ്ങിയായതുകൊണ്ട്, വൈറ്റ്ഹൗസ് ഒഴിഞ്ഞാലും നെറ്റ്‌വർക്കുകൾ തനിക്കൊപ്പമുണ്ടാകുമെന്ന് ട്രംപ് വിശ്വസിക്കുന്നു. അമേരിക്കയുടെ നാല്പത്തി ആറാമത്തെ പ്രസിഡണ്ടായി താൻ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിനു ലഭിച്ച ഗാംഭീര്യം ഇത്തവണ ലഭിക്കാതിരിക്കാൻ പല വഴികളും ട്രംപ് ആലോചിക്കുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

മാത്രമല്ല, ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുവാനും ട്രംപ് ആലോചിക്കുന്നു. അതിനാലാണ് 2024-ലേക്കുള്ള പ്രചാരണം സത്യപ്രതിജ്ഞയുടെ നേരത്ത് തന്നെ ആരംഭിക്കാൻ ട്രംപ് ഉദ്ദേശിക്കുന്നത്. ഇത് അമേരിക്കൻ പാരമ്പര്യങ്ങൾക്ക് എതിരാണ്. സുഗമമായ അധികാരകൈമാറ്റം നടന്നു എന്നതിന് തെളിവായി പുറത്തുപോകുന്ന പ്രസിഡണ്ടുമാർ പുതിയ പ്രസിഡണ്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന പതിവുണ്ട്. 2017-ൽ ട്രംപ് അധികാരമേറ്റ ചടങ്ങിൽ അന്നത്തെ സ്ഥാനമൊഴിയുന്ന പ്രസിഡണ്ടായിരുന്ന ബാരക് ഒബാമയും പങ്കെടുത്തിരുന്നു.

ഏതായാലും തെരഞ്ഞെടുപ്പിനെ സംബന്ധിച്ച നിയമനടപടികളിൽ നിന്നെല്ലാം വിട്ട് കഴിഞ്ഞ വാരാന്ത്യം ചെലവഴിക്കാൻ ട്രംപ് തന്റെ രണ്ട് പുത്രന്മാരോടുമൊപ്പം ട്രംപ് നാഷണൽ ഗോൾഫ് ക്ലബ്ബിൽ എത്തിയിരുന്നു. നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്ന പുത്രൻ ഡോൺ ജൂനിയർ താൻ പൂർണ്ണമായും രോഗവിമുക്തനായി എന്ന് നേരത്തേ പ്രസ്താവിച്ചിരുന്നു. തന്റെ പുത്രന്മാരുമൊത്ത് കാമ്പ് ഡേവിഡിലാണ് ട്രംപ് ഇത്തവണ താങ്ക്സ്ഗിവിങ് ഡേ ആഘോഷിച്ചത്. എന്നാൽ, മെലാനിയ ഇതിൽ പങ്കെടുത്തിരുന്നോ എന്ന കാര്യം ഉറപ്പില്ല.

പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം പരസ്യമായി അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന ട്രംപ് കഴിഞ്ഞയാഴ്‌ച്ച മാത്രമാണ് അതിന് തയ്യാറായത്, അതും മനസ്സില്ലാ മനസ്സോടെ. തന്റെ എതിരാളിയെ പ്രസിഡണ്ടായി ഇലക്ടറൽ കോളേജ് തെരഞ്ഞെടുത്താൽ താൻ ജനുവരിയിൽ വൈറ്റ്ഹൗസ് വിട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരാജയവുമായി പൊരുത്തപ്പെട്ടുവരുന്ന ട്രംപ് അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

ബൈഡൻ ഒരു ഉറക്കം തൂങ്ങി ആയതിനാൽ താനായിരിക്കും ഇനിയും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുക എന്ന് ട്രംപ് ഇപ്പോൾ തന്നെ തന്റെ അനുയായികളോട് പറഞ്ഞുകഴിഞ്ഞു. ഇത്തരമൊരു വിശ്വാസം മനസ്സിൽ ഉള്ളതുകൊണ്ട് തന്നെയാണ് ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കാൻ അതേ സമയം തന്നെ തന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ ട്രംപ് ആഗ്രഹിക്കുന്നത്.

2017-ൽ ഡൊണാൾഡ് ട്രംപ് അധികാരമേല്ക്കുന്ന ചടങ്ങിൽ സ്ഥനമൊഴിയുന്ന പ്രസിഡണ്ട് ബാരക് ഒബാമയും അന്ന് വൈസ് പ്രസിഡണ്ടായിരുന്ന ജോ ബൈഡാനും പത്നിമാരോടൊപ്പം പങ്കെടുത്തിരുന്നു. മാത്രമല്ല, മുൻ പ്രസിഡണ്ടുമാരായ ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യൂ ബുഷ് എന്നിവരും പത്നിമാരോടൊപ്പം പങ്കെടുത്തിരുന്നു. ഹിലാരി ക്ലിന്റണായിരുന്നു അന്ന് ട്രംപിന്റെ എതിരാളി. വളരെ സൗഹാർദ്ദപരമായി നടന്ന ചടങ്ങിനൊടുവില ട്രംപും പത്നിയും ഒബാമയേയും ഭാര്യയേയും കവാടം വരെ അനുഗമിക്കുകയും ചെയ്തിരുന്നു.