- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡിന്റെ പേരിൽ പുറത്താവുമോ ? സമ്പദ്വ്യവസ്ഥയുടെ വീഴ്ച്ചയും നീണ്ട ലോക്ക്ഡൗണിനും ബോറിസിന്റെ ജനപ്രീതി ലേബർ നേതാവിന്റെ പിന്നിലാക്കി
ബ്രിട്ടനിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസനെ പിന്തള്ളി ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ മുന്നിലെത്തി. 2019 മാർച്ചിനു ശേഷമിതാദ്യമായാണ് ബോറിസ് പുറകിലാകുന്നത്. കോവിഡിനെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ കർശനമായ 3 ടയർ നിയന്ത്രണങ്ങളാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാധ്യമത്തിനായി ഡെൽറ്റാ പോൾ നടത്തിയ സർവ്വേയിൽ ലേബർ പാർട്ടി നേതാവിന് 38 പോയിന്റ് ലഭിച്ചപ്പോൾ ബോറിസിനുംകൺസർവേറ്റീവ് പാർട്ടിക്കും ലഭിച്ചത് 37 പോയിന്റുകൾ മാത്രമാണ്.
കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് കൺസർവേറ്റീവ് പാർട്ടി ഒരു അഭിപ്രായ സർവ്വേയിൽ 40 പോയിന്റുകൾക്ക് താഴെ മാത്രം സ്‌കോർ ചെയ്യുന്നത്. 3 ടയർ നിയന്ത്രണങ്ങൾ സംബന്ധിച്ച് ചൊവ്വാഴ്‌ച്ച പാർലമെന്റിൽ സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് കീർ തന്റെ സഹപ്രവർത്തകരുമായി ചർച്ച ചെയ്തതിനുടനെയാണ് ഈ വാർത്ത പുറത്തുവന്നത്. അതേസമയം 3 ടയർ നിയന്ത്രണങ്ങളോട് പ്രതിഷേധമുള്ള എഴുപതോളം ഭരണകക്ഷി എം പി മാരെ അനുരഞ്ജിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ബോറിസ് ജോൺസൺ.
ഈ അഭിപ്രായ സർവ്വേയിൽ ഉയർന്നു വന്ന മറ്റൊരു കാര്യം, ജനങ്ങൾ കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ ഗൗരവമായി എടുക്കുവാൻ ആരംഭിച്ചു എന്നതാണ്. ഒരു ആരോഗ്യ പ്രശ്നം എന്നതിലുപരിയായി ഒരു സാമ്പത്തിക പ്രശ്നമായാണ് കൂടുതൽ ജനങ്ങളും ഈ പ്രതിസന്ധിയെ കാണുന്നത്. കഴിഞ്ഞയാഴ്‌ച്ചത്തെ സ്പെൻഡിങ് അവലോകനത്തിനു ശേഷം ഋഷി സുനാക് മുന്നോട്ട് വച്ചത്, ഈ പ്രതിസന്ധി മറികടക്കുവാനായുള്ള 394 ബില്ല്യൺ പൗണ്ട് കടമെടുക്കുവാനുള്ള ബില്ലാണ്.
ജി ഡി പി 11 ശതമാനത്തിലധികം താഴേക്ക് പോകുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതുകൊണ്ടുതന്നെ, സർവ്വേയിൽ പങ്കെടുത്ത 57 ശതമാനത്തോളം പെർ ചിന്തിക്കുന്നത് അടുത്ത അഞ്ച് വർഷത്തേക്ക് കോവിഡ് 19 പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും എന്നാണ്. വെറും 36 ശതമാനം പേർമാത്രമാണ് ഇത് അതീവ പ്രാധാന്യം അർഹിക്കുന്ന ഒരു ആരോഗ്യ പ്രശ്നമായി കാണുന്നത്. അതുപോലെ ഈ പ്രതിസന്ധി മറികടക്കുവാൻ സർക്കാർ കടമെടുക്കുന്നത് 71 ശതമാനം പെരെ ആശങ്കയിലാഴ്‌ത്തുന്നു. 18 ശതമാനം പേർ പക്ഷെ ഇത് കാര്യമാക്കുന്നില്ല.
മറ്റൊരു സുപ്രധാന കാര്യം, രാജ്യത്തിന്റെ സാമ്പത്തിക നില അടുത്ത 12 മാസത്തിനുള്ളിൽ വീണ്ടും താഴേക്ക് പോകുമെന്ന് 53 ശതമാനം പേർ വിശ്വസിക്കുന്നു എന്നതാണ്. 29 ശതമാനം പേർ അവരുടെ സാമ്പത്തിക തകർച്ചയിൽ വ്യാകുലരാണ്. സമ്പദ്വ്യവസ്ഥ തകരും എന്ന് കരുതുന്നവരിൽ മൂന്നിൽ രണ്ടു ഭാഗം പേരും ഇതിൽ നിന്നും കരകയറുവാൻ മൂന്ന് വർഷമെങ്കിലും എടുക്കും എന്ന അഭിപ്രായക്കാരാണ്. എന്നാൽ, 54 ശതമാനത്തോളം പേർ ചിന്തിക്കുന്നത് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും കഴിഞ്ഞാലെ സമ്പദ്വ്യവസ്ഥ സ്ഥിരതയിലേക്കെത്തു എന്നാണ്.
അതേസമയം, ക്രിസ്ത്മസ്സ് ആഘോഷങ്ങൾക്കായി വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർ ഒത്തുചേരുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അഞ്ച് ദിവസത്തെ ഇളവ് പ്രഖ്യാപിച്ചതിന്റെ ശാസ്ത്രലോകത്തോടൊപ്പം പൊതുജനങ്ങളും എതിർക്കുന്നു. ഇത്തരത്തിൽ ഇളവുകൾനൽകുന്നത് രോഗവ്യാപനം വർദ്ധിപ്പിച്ചേക്കാം എന്നും, 2021 ൽ കൂടുതൽ കർശനമായ ലോക്ക്ഡൗൺ ആവശ്യമായി വന്നേക്കാം എന്നും നേരത്തേ ശാസ്ത്രകാരന്മാർ മുന്നറിയിപ്പ് നൽകിയിരുന്നു. 27 ശതമാനം പേർ മാത്രമാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നതിനെ അനുകൂലിച്ചത്.