റായ്പുർ: ഛത്തീസ്‌ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു ഭടന് വീരമൃത്യു. ഒമ്പത് കമാൻഡോകൾക്ക് പരിക്കേറ്റു. ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിനിടെ നടന്ന സ്‌ഫോടനത്തിൽ കമാൻഡോ നിതിൻ ഭാലെറാവുവാണ് വീരമൃത്യു വരിച്ചത്. സിആർപിഎഫിന്റെ മാവോയിസ്റ്റ് വിരുദ്ധ വിഭാഗമായ 'കോബ്ര' കമാൻഡോ യൂണിറ്റിലെ അസിസ്റ്റന്റ് കമൻഡാന്റ് ആയിരുന്നു നിതിൻ.

ചിന്താൽനർ വനപ്രദേശത്ത് ശനിയാഴ്ച രാത്രിയായിരുന്നു സ്‌ഫോടനം. പരുക്കേറ്റ നിതിൻ (33) ഇന്നലെ പുലർച്ചെയാണ് നിതിൻ വീരമൃത്യു വരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് നിതിൻ. പോരാട്ട വീര്യം ജ്വലിക്കുന്ന മനസ്സിന് ഉടമയായിരുന്നു നിതിൻ. വീരമൃത്യു വരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ്, ബാച്ച്‌മേറ്റായ സൃഹൃത്തിന് എന്തിനും തയ്യാറാവാൻ മെസേജ് അയച്ച ശേഷമായിരുന്നു നിതിന്റെ വീരമൃത്യു.

'ഓൾ ദ് ബെസ്റ്റ്... കിൽ ദ് ബീസ്റ്റ്' എന്നാണു മാവോയിസ്റ്റ് വിരുദ്ധ നടപടിക്കു തയ്യാറെടുക്കുന്ന മറ്റൊരു കോബ്ര യൂണിറ്റ് അംഗമായ സുഹൃത്തിനു ശനിയാഴ്ച ഉച്ചയ്ക്ക് വാട്‌സാപ്പിൽ അയച്ച സന്ദേശങ്ങളിലൊന്നിൽ നിതിൻ കുറിച്ചത്. കോബ്ര കമാൻഡോ വിഭാഗത്തിലെ ഏറ്റവും മിടുക്കരിൽ ഒരാളായിരുന്നു നിതിനെന്നു സിആർപിഎഫിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡിസംബർ 21ന് 34ാം ജന്മദിനം ആഘോഷിക്കാനിരുന്ന കമാൻഡോ. നിതിന്റെ കുട്ടിക്കാലത്തു തന്നെ അച്ഛൻ മരിച്ചിരുന്നു. അമ്മയും ഭാര്യയും 6 വയസ്സുള്ള മകളും ഉൾപ്പെട്ടതാണു കുടുംബം. ഡൽഹിയിൽ പാർലമെന്റ് മന്ദിരത്തിന്റെ സംരക്ഷണച്ചുമതലയുള്ള സ്‌പെഷൽ ഡ്യൂട്ടി സംഘത്തിന്റെ ഭാഗമായി സേവനമനുഷ്ഠിച്ച ശേഷം കോബ്ര സേനയിൽ ചേരാൻ കഴിഞ്ഞ വർഷം സ്വയം മുന്നോട്ടു വരികയായിരുന്നു.