തൃശ്ശൂർ: സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തൃശൂർ സ്വദേശി വിവേകിന്റെയും കോയമ്പത്തൂർ സ്വദേശിനി നിഷയുടെയും വിവാഹം നടന്നത്. അതുകൊണ്ട് തന്നെ 40-ൽ താഴെ പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ വിവേക് ജനിച്ചു വളർന്ന മൂഴിക്കുളത്തുള്ള നാട്ടുകാർക്കും ആ കല്ല്യാണത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കി. അയൽപക്കത്തെ 150 കുടുംബങ്ങളാണ് വീട്ടിലിരുന്ന് തത്സമയം വിവാഹ ചടങ്ങുകൾ കണ്ടത്. മാത്രമല്ല അവരവരുടെ വീട്ടിലിരുന്നുതന്നെ വൈവിധ്യമാർന്ന ഭക്ഷണയിനങ്ങളോടു കൂടിയ സത്കാരത്തിലും ഇവർ പങ്കാളികളായി.

മൂഴിക്കുളം ശാലാ സ്ഥാപകൻ ടി.ആർ. പ്രേംകുമാറാണ് കോവിഡ് കാലത്ത് വേറിട്ട സത്കാരമൊരുക്കിയത്. ഇദ്ദേഹത്തിന്റെ മകനും കോയമ്പത്തൂരിലെ നിഷയും തമ്മിലുള്ള വിവാഹമായിരുന്നു നടന്നത്. കോവിഡുകാലം ആയതിനാൽ വീട്ടിൽ നടന്ന സത്കാരത്തിൽ അയൽക്കാരെ പങ്കെടുപ്പിക്കാൻ സാധിച്ചില്ല. അതിന് പ്രേംകുമാർ പ്രതിവിധി കണ്ടെത്തി. കാർബൺ ന്യൂട്രൽ ഭക്ഷണത്തിന്റെ പ്രചാരകനായ പ്രേംകുമാർ അയൽപക്കത്തെ വീടുകളിലേക്ക് സത്കാരപ്പൊതിയൊരുക്കി.

ഓറഞ്ച്, പേരയ്ക്ക, ആപ്പിൾ, കദളിപ്പഴം, കശുവണ്ടിപ്പരിപ്പ്, ബദാം, പിസ്ത, പച്ചക്കറിവിത്ത്, റാഗി ഉണ്ട, കാർബൺ ന്യൂട്രൽ അടുക്കള കൈപ്പുസ്തകം, പാളകൊണ്ട് നിർമ്മിച്ച ലില്ലിപ്പൂവ് എന്നിവയായിരുന്നു സത്കാരപ്പൊതിയിൽ. ഇത് പൊതിഞ്ഞ പേപ്പർ ബോക്‌സിന് പുറത്ത് നവദമ്പതിമാരുടെ ചിത്രവും പതിച്ചു. അതോടൊപ്പം ക്യൂആർ കോഡും അടയാളപ്പെടുത്തി. വിവാഹച്ചടങ്ങ് കാണാനാഗ്രഹമുള്ള അയൽക്കാർക്ക് കോഡ് സ്‌കാൻ ചെയ്താൽ ചടങ്ങും കാണാം. ഒരു പേപ്പർ ബാഗിൽ മൂഴിക്കുളം ശാല- മൂഴിക്കുളം മേഖലയിലെ അയൽക്കാർക്ക് പ്രേംകുമാറും ഭാര്യ എ.എൻ. സുധാമണിയും ചേർന്ന് നേരിട്ട് എത്തിച്ചുകൊടുത്തു.