ലോക്ക്ഡൗണിന് ശേഷം ഇംഗ്ലണ്ടിൽ നടപ്പാക്കുവാൻ പോകുന്ന 3 ടയർ നിയന്ത്രണങ്ങളെ സംബന്ധിച്ച് വ്യാപകമായ എതിർപ്പുകൾ ഉയർന്നു കഴിഞ്ഞു. രാജ്യത്തിന്റെ 99 ശതമാനം ഭാഗവും ഏറ്റവും ഉയർന്ന നിയന്ത്രണങ്ങൾ ഉള്ള, ടയർ 2, ടയർ 3മേഖലകളായി പ്രഖ്യാപിച്ചതിനെതിരെ ഭരണകക്ഷി എം പിമാരും രംഗത്ത് വന്നിരുന്നു. 70 ഭരണകക്ഷി എം പിമാർ ഈ നിർദ്ദേശത്തെ എതിർക്കുമെന്ന് പ്രസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണത്തിൽ ഏതറ്റം വരേയും പോകാൻ നിനച്ചിറങ്ങിയ ബോറിസ് ജോൺസൺ തന്റെ നിലപാട് കടുപ്പിക്കുകയാണ്.

ലോക്ക്ഡൗൺ പിൻവലിക്കുന്നതോടെ പ്രബല്യത്തിൽ വരുത്താൻ ഉദ്ദേശിച്ചുള്ള 3 ടയർ നിയന്ത്രണങ്ങൾ പാർലമെന്റിൽ വരുമ്പോൾ, അത് നിരാകരിച്ചാൽ രാജ്യം മൂന്നാമതൊരു ലോക്ക്ഡൗണിന് വിധേയമാകുമെന്ന് ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി. ചൊവാഴ്‌ച്ച വോട്ടെടുപ്പ് നടക്കാനിരിക്കെ, ഈ പുതിയ നിയന്ത്രണങ്ങൾ തീർച്ചയായും നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉതകുമെന്നതിന്റെ തെളിവ് നൽകണമെന്ന് വിമത എം പിമാർ ആവശ്യപ്പെട്ടു. ഈ നിയന്ത്രണങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തേക്കാൾ വലിയ വിപത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാനാവുമെന്ന് തെളിഞ്ഞാൽ മാത്രമേ പിന്തുണയ്ക്കാനാവൂ എന്നും വിമതർ പറയുന്നു.

കൊറോണ വൈറസ് രാജ്യത്തുണ്ടാക്കിയ ആരോഗ്യ, സാമ്പത്തിക സാമൂഹിക രംഗങ്ങളിലെ പ്രതിസന്ധിയെ കുറിച്ചും അവ തടയുവാൻ സ്വീകരിച്ച നടപടികളെ കുറിച്ചും ഉള്ള ഒരു പഠനരേഖ നാളെ പുറത്തിറക്കുമെന്ന് ഡൗണിങ്സ്ട്രീറ്റ് വൃത്തങ്ങൾ പറഞ്ഞു. വിമതരെ ഒതുക്കുവാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു നീക്കം. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനങ്ങൾ, ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയുടെ കണക്കുകൂട്ടലുകൾ എന്നിവയും ഈ പഠന റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും.

ഒരു പ്രധാനമന്ത്രിയും അനാവശ്യമായി നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുവാനോ സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുവാനോ ആഗ്രഹിക്കില്ല എന്ന് വ്യക്തമാക്കിയ ബോറിസ് ജോൺസൺ പക്ഷെ, ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട ബാദ്ധ്യത ഭരണകൂടത്തിനുള്ളപ്പോൾ ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതായി വരും എന്നും സൂചിപ്പിച്ചു. വൈറസ് വ്യാപനം തടഞ്ഞ്, എൻ എച്ച് എസ് ആരോഗ്യ രംഗം തകരുന്നതിൽ നിന്നും രക്ഷിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനായാണ് കർശന നിയന്ത്രണങ്ങൾ.

70 വിമത എം പി മാർക്കും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ബോറിസ് ജോൺസൺ പ്രത്യേകം പ്രത്യേകം കത്തുകൾ അയച്ചിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. എൻ എച്ച് എസ്സ് അധികഭാരത്താൽ തകരാതെ നോക്കുക, വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ മുടങ്ങാതിരിക്കുക, അതുപോലെ തികച്ചും സുരക്ഷിതമായി സാമ്പത്തിക മേഖല തുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള തികച്ചും സന്തുലനമായ ഒരു തീരുമാനമാണിതെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.