ബ്രിട്ടനിൽ കോവിഡ് രണ്ടാം വരവിന്റെ മൂർഛ കുറഞ്ഞു തുടങ്ങി എന്നതിന്റെ സൂചനകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു. പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം 20,000 ൽ അധികമായിരുന്ന സ്ഥാനത്ത് ഇന്നലെ വെറും 12,155 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 34 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ കാണുന്നത്. ഇംഗ്ലണ്ടിലെ രണ്ടാം ലോക്ക്ഡൗൺ രോഗവ്യാപനത്തെ തടയുന്നതിൽ വിജയിച്ചു എന്നുതന്നെയാണ് ഈ കണക്കുകൾ കാണിക്കുന്നത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 215 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്‌ച്ച ഇത് 398 ആയിരുന്നു. അതയത്, 46 ശതമാനത്തിന്റെ കുറവാണ് പ്രതിദിന മരണനിരക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇതൊന്നും ബ്രിട്ടൻ പൂർണ്ണ സുരക്ഷിതാവസ്ഥയിലാണ് എന്ന് പറയുന്നില്ല. ഇന്നലെ 479 മരണങ്ങളോടെ കഴിഞ്ഞ ശനിയാഴ്‌ച്ചയിലെ കണക്കിനേക്കാൾ 40 ശതമാനത്തിന്റെ വർദ്ധനവായിരുന്നു പ്രതിദിന മരണക്കണക്കിൽ ഇന്നലെ കാണിച്ചത്.

ഇന്നലെയും ഇന്നുമായി മരിച്ചവർക്ക് ആഴ്‌ച്ചകൾക്ക് മുൻപ് രോഗം ബാധിച്ചിരിക്കണം. അതായത്, ലോക്ക്ഡൗൺ നിലവിൽ വരുന്നതിനു മുൻപായിട്ടായിരിക്കണം ഇവർക്ക് രോഗബാധ ഉണ്ടായിട്ടുണ്ടാവുക. ശരിയായ നിയന്ത്രണങ്ങൾ തുടർന്നില്ലെങ്കിൽ ക്രിസ്ത്മസ്സിനു ശേഷം കൊറോണയുടെ ഒരു മൂന്നാം വരവ് പ്രതീക്ഷിക്കാം എന്ന് ഇന്നലെ ഡൊമിനിക് റാപ് പ്രഖ്യാപിച്ചതിനു പുറകേയാണ് ഈ കണക്കുകൾ എത്തിയത്.

സ്‌കോട്ടലൻഡിൽ ഇന്നലെ 746 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോൾ രണ്ട് കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. വെയിൽസിൽ 1,004 പുതിയ കേസുകളും 16 മരണങ്ങളുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. നോർത്തേൺ അയർലൻഡിൽ 351 പുതിയ കേസുകളും മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. വാരാന്ത്യ ഒഴിവ് മൂലം, ഔദ്യോഗിക പ്രക്രിയകൾക്ക് കാലതാമസം നേരിടുമെന്നതിനാൽ സാധാരണയായി വാരാന്ത്യങ്ങളിലെ കണക്കുകളിൽ കുറവ് ദൃശ്യമാകാറുണ്ട്.

ഡിസംബർ 2 ന് ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ 3 ടയർ നിയന്ത്രണങ്ങൾ നിലവിൽ വരുത്തുവാനുള്ള തീരുമാനത്തെ ഭരണകക്ഷി എം പിമാർ വരെ എതിർക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ കണക്കുകൾ പുറത്തു വരുന്നത്. രോഗവ്യാപനം തടയുന്നതിൽ നിയന്ത്രണങ്ങൾ എത്രമാത്രം ഫലവത്താണെന്നും, അതിനാൽ തന്നെ നിയന്ത്രണങ്ങൾ തുടരേണ്ടത് ആവശ്യമാണെന്നും എതിരാളികളെ പറഞ്ഞ് മനസ്സിലാക്കാൻ ഇത് നല്ലൊരു അവസരമാണ്. 3 ടയർ നിർദ്ദേശങ്ങൾ പാർലമെന്റിൽ തള്ളിയാൽ, മൂന്നാമതൊരു ദേശീയ ലോക്ക്ഡൗൺ ആവശ്യമായി വരുമെന്ന് ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ആദ്യ കൊറോണ വാക്സിൻ നൽകിത്തുടങ്ങാൻ ഇനി ആഴ്‌ച്ചകൾ മാത്രം ബാക്കി നിൽക്കെ, നമ്മൾ മറ്റൊരു യുദ്ധം ആരംഭിക്കുവാൻ പോവുകയാണെന്ന് ഇന്നലെ ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ആധുനിക ശാസ്ത്രം നൽകിയ ആയുധങ്ങളുടെ സഹായത്താൽ, നഗ്‌നനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ശത്രുക്കളെ നമ്മൾ ജയിക്കും എന്നും അദ്ദേഹം കുറിച്ചു. പ്രതിപക്ഷം സർക്കരിന്റെ 3 ടയർ സമ്പ്രദായത്തെ അനുകൂലിക്കും എന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ഭരണകക്ഷിയിലെ വിമത എം പിമാർ എതിർത്താലും ഇത് പാർലമെന്റിൽ പാസ്സാക്കാൻ കഴിയും.