നീണ്ട ഏഴ് പതിറ്റാണ്ടുകളായി ബ്രിട്ടീഷ് സിംഹസനത്തിൽ തുടരുകയാണ് എലിസബത്ത് രാജ്ഞി. ഇതിനിടയിൽ, പല പ്രതിസന്ധികളും രാജകുടുംബത്തിനുണ്ടായി.അതൊന്നും വകവയ്ക്കാതെ, പ്രായാധിക്യം മൂലമുള്ള അവശതകളും കണക്കാക്കാതെ തന്റെ കടമകളെല്ലാം ഭംഗിയായി തന്നെ അവർ നിർവ്വഹിച്ചുപോന്നു. അവരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി മകൻ ചൾസും കൊച്ചുമകൻ വില്ല്യമും അവരുടെ പല കടമകളും ഏറ്റെടുത്ത് നിർവ്വഹിക്കാനും തുടങ്ങി. എന്നിരുന്നാലും സിംഹാസനം വിട്ടൊഴിയാൻ രാജ്ഞിക്ക് താത്പര്യമില്ലെന്നാണ് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പകരം കൂടുതൽ ചുമതലകൾ നൽകി ചാൾസ് രാജകുമാരനെ റീജന്റ് ആക്കിയേക്കും.

വളരെ ശക്തരും ആത്മാർത്ഥതയുള്ളവരുമായ ജീവനക്കാർ കൂടെയുള്ളതുകൊണ്ടാണ് രാജ്ഞിക്ക് ഈ പ്രായത്തിലും തന്റെ കടമകൾ നിർവ്വഹിക്കാനാവുന്നതെന്ന് റോയൽ കമന്റേറ്റർ ആയ ലൂയിസ സിയുനി പറയുന്നു. അതുകൂടാതെ, രാജ്ഞിയുടെ ചുമതലകളിൽ വലിയൊരു പങ്ക് ഇപ്പോൾ നിർവ്വഹിക്കുന്നത് ചാൾസ് രാജകുമാരനാണ്. ഉടൻ തന്നെ ചാൾസ് രാജകുമാരന്റെ റീജന്റായി നിയമിക്കുമെന്നും, ചാൾസിന്റെ സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ മകൻ വില്ല്യം രാജകുമാരനെ കൊണ്ടുവരുമെന്നും സിയുനി പറയുന്നു.ൻ

സിംഹാസനത്തിൽ നിന്ന് ഒഴിവാക്കിയാലും ജനങ്ങളുടെ മനസ്സിൽ നിന്നും രാജ്ഞിയെ കുടിയിറക്കുക അസാദ്ധ്യകാര്യമാണെന്നാണ് സിയുനി പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ റീജന്റിനെ നിയമിച്ചുകൊണ്ടുള്ള ഒരു ക്രമീകരണമായിരിക്കും ഉണ്ടാവുക. റീജന്റ് എന്ന നിലയിൽ ചാൾസ് രാജകുമാരന് രാജ്ഞിയുടെ ചുമതലകളിൽ ഏറിയ പങ്കും കൈവന്നു ചേരും. എന്നാൽ കിരീടധാരണത്തിനായി രാജ്ഞിയുടെ മരണം വരെ കാത്തിരിക്കേണ്ടതായി വരും.

ഭ്രാന്തൻ രാജാവ് എന്നറിയപ്പെടുന്ന ജോർജ്ജ് മൂന്നാമൻ രാജാവിന്റെ കാലത്താണ് അവസാനമായി ഇത്തരത്തിൽ ഒരു റീജന്റ് പദവി സൃഷ്ടിച്ചത്. മാനസികാസ്വസ്ഥ്യങ്ങൾ ചുമതകലകൾ നിർവ്വഹിക്കുന്നതിന് രാജാവിന് തടസ്സമായപ്പോഴാണ് സ്വന്തം മകനെ റീജന്റായി നിയമിച്ചത്. അത്തരത്തിൽ 1811 മുതൽ 1820 വരെ ജോർജ്ജ് മൂന്നാമന്റെ മകൻ ജോർജ്ജഗസ്റ്റസ് റീജന്റായി തുടർന്നു. അതിനുശേഷം 1937 ൽ നിലവിൽ വന്ന റീജൻസി ആക്ട് വഴിയാണ് ഇപ്പോൾ റീജന്റിന്റെ ഭരണത്തിലെ പങ്ക് നിയന്ത്രിക്കപ്പെടുന്നത്. ഇതുവഴി, തന്റെ ഭൂരിഭാഗം ചുമതലകളും നൽകി ഒരു രാജകുടുംബാംഗത്തിനെ റീജന്റായി നിയമിക്കാൻ രാജ്ഞിക്ക് സാധിക്കും.

ഈ നിയമമനുസരിച്ച്, എഡിൻബർഗ് രാജകുമാരൻ, ചാൻസലർ, പാർലമെന്റ് സ്പീക്കർ എന്നിവർ ഉൾപ്പടെ ചുരുങ്ങിയത് മൂന്നു പേരെങ്കിലും രാജ്ഞിക്ക് ഭരണചുമതലകൾ നിർവ്വഹിക്കുവാൻ കഴിയാതിരിക്കാൻ വ്യക്തമായ കാരണങ്ങൾ ഉണ്ടെന്ന് പ്രഖ്യാപിക്കണം. ചാൾസ് രാജകുമാരൻ റീജന്റാകുമ്പോൾ, ഫിലിപ്പ് രാജകുമാരൻ രാജ്ഞിയുടെ പ്രധാന രക്ഷകർത്താവായി മാറും. സിംഹാസനം വിട്ടൊഴിയാതിരിക്കാൻ രാജ്ഞി റീജൻസി ആക്ടിനെ ഉപയോഗിക്കും എന്ന് പറയുന്ന ആദ്യ വ്യക്തിയല്ല സിയുനി. രാജകുടുംബ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന മോണിക് ബ്ലോക്ക്സും നേരത്തേ ഇത് പറഞ്ഞിരുന്നു.

കേവലം 21 വയസ്സുള്ളപ്പോൾ, ജീവനുള്ളിടത്തോളം കാലം സിംഹാസനത്തിൽ ഇരുന്ന് തന്റെ ചുമതലകൾ നിർവ്വഹിക്കാം എന്ന് പ്രതിജ്ഞ ചെയ്ത് കിരീടമണിഞ്ഞ രാജ്ഞി തന്റെ അമ്മാവനായ എഡ്വേർഡ് എട്ടാമനെ പോലെ പാതിവഴിക്ക് ചുമതലയിൽ നിന്നൊഴിഞ്ഞ് പ്രതിസന്ധി ഉണ്ടാക്കില്ല എന്നാണ് അറിയുന്നത്.