ചിറ്റൂർ: പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകനെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരിയിലാണ് സംഭവം. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്തിനെയാണ് (31) വീടിനകത്ത് വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെടിവെക്കാൻ ഉപയോഗിച്ച തോക്ക് മൃതദേഹത്തിന് അരികിൽ നിന്നും കണ്ടെടുത്തു.

അജിത്തിന്റെ പിതാവിന്റെ പോയന്റ് 315 റൈഫിളാണ് മൃതദേഹത്തിനടുത്തുനിന്ന് പൊലീസിന് ലഭിച്ചത്. ഇതിൽ നിന്നും വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.അച്ഛനും അമ്മയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ സമയത്താണ് അജിത്ത് വെടിയേറ്റ് മരിച്ചത്. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല.

പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാണ് അജിത്തിന്റെ അമ്മ കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച വൈകുന്നേരം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയി. പ്രചാരണത്തിന് ശേഷം കല്യാണിക്കുട്ടി വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. വാതിൽ ചാരിയനിലയിലുള്ള കിടപ്പുമുറിയിലായിരുന്നു മൃതദേഹം. തലയിൽനിന്ന് രക്തം വാർന്നിരുന്നു. മീനാക്ഷിപുരം പൊലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു.

ചിറ്റില്ലഞ്ചേരിയിൽ സ്വകാര്യ ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൃഷിപ്പണിക്കും അജിത്ത് പോകാറുണ്ട്. കൃഷിനാശംവരുത്തുന്ന ജീവികളെ തുരത്താൻ ഏറെക്കാലമായി രാജൻ തോക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ ലൈസൻസ് പുതുക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് ഡിവൈ.എസ്‌പി. പി. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു. ചൊവാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തും. തിങ്കളാഴ്ചരാത്രി സംഭവസ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയതായി മീനാക്ഷിപുരം എസ്‌ഐ. സി.കെ. രാജേഷ് പറഞ്ഞു.