വാഷിങ്ടൺ: വളർത്തുനായയുമായി കളിക്കുന്നതിനിടെ തെന്നി വീണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് (78) നേരിയ പരിക്ക്. പരിശോധനയിൽ വലതു കാൽപാദത്തിലെ രണ്ട് അസ്ഥികൾക്ക് നേരിയ പൊട്ടൽ സ്ഥിരീകരിച്ചു. പരുക്ക് ഭേദമാകാൻ സഹായിക്കുന്ന 'വോക്കിങ് ബൂട്ട്' ഏതാനും ആഴ്ച ധരിക്കേണ്ടി വരുമെന്നു ഡോക്ടർ അറിയിച്ചു.

ശനിയാഴ്ച വളർത്തുനായ 'മേജറു'മായി സമയം ചെലവിടുന്നതിനിടെ കാലു തെന്നി വീണ് അപകടം സംഭവിക്കുക ആയിരുന്നു. ഇന്നലെ വിശദമായി സിടി സ്‌കാൻ ചെയ്തപ്പോൾ വലതു കാൽപാദത്തിന്റെ മധ്യഭാഗത്തുള്ള അസ്ഥികൾ പൊട്ടിയതായി കണ്ടെത്തി. ഡോക്ടറെ കണ്ട ശേഷം ബൈഡൻ പുറത്തിറങ്ങുന്നതിന്റെ വിഡിയോ പങ്കുവച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, 'വേഗം സുഖം പ്രാപിക്കട്ടെ' എന്നാശംസിച്ചു.