- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
12-ാം വയസ്സിൽ പഠിപ്പു നിർത്തിച്ച മകനെ അമ്മ മുറിയിൽ പൂട്ടിയിട്ടത് 28 വർഷം; മകനെ കണ്ടെത്തിയത് ദുർഗന്ധം നിറഞ്ഞ മുറിയിൽ നിന്നും വളരെ അവശ നിലയിൽ: പല്ലുകൾ കൊഴിഞ്ഞ് കാലിൽ വ്രണം ബാധിച്ച നിലയിൽ കാണപ്പെട്ട 40കാരൻ ആശുപത്രിയിൽ
സ്റ്റോക്കോം: അമ്മ 28 വർഷത്തോളം മുറിയിൽ പൂട്ടിയിട്ട മകന് 40-ാം വയസ്സിൽ മോചനം. പന്ത്രണ്ടാം വയസ്സിൽ അമ്മ മുറിക്കുള്ളിൽ പൂട്ടിയിട്ട മകനാണ് ഒടുവിൽ പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെട്ടത്. മകനെ 28 വർഷം പൂട്ടിയിട്ട അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വീഡനിലാണ് സംഭവം. തെക്കൻ സ്റ്റോക്കോമിലെ നഗരപ്രാന്തമായ ഹാനിങ്ങിലെ അപ്പാർട്ട്‌മെന്റിലാണു യുവാവിനെ ദീർഘകാലമായി പൂട്ടിയിട്ടിരുന്നത്.
12 വയസ്സുള്ളപ്പോൾ അമ്മ മകന്റെ സ്‌കൂൾ പഠനം അവസാനിപ്പിക്കുകയും അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണു റിപ്പോർട്ടുകൾ. പൂട്ടിയിടപ്പെട്ട മകനു പോഷകാഹാര കുറവുണ്ടെന്നും പല്ലുകൾ ഇല്ലെന്നും ശാരീരികമായി ദുർബലമായ അവസ്ഥയിലാണെന്നും സ്റ്റോക്കോം പൊലീസ് വക്താവ് ഒല ഓസ്റ്റർലിങ് വാർത്താ ഏജൻസി എഎഫ്‌പിയോടു പറഞ്ഞു. എന്നാൽ 28 വർഷമായി ഇയാൾ തടവിലാണെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു പൊലീസ് വക്താവ് പറഞ്ഞു.
70 വയസ്സായ അമ്മയെ ചികിത്സാർഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മുറിയിൽ പൂട്ടിയിട്ട നിലയിൽ മകനെ കാണുന്നത്. വീട് പരിശോധിച്ച ഒരു ബന്ധുവാണു വീടിനുള്ളിൽ പൂട്ടിയിടപ്പെട്ട 40 വയസ്സ് കഴിഞ്ഞ മകനെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് 12-ാം വയസ്സിൽ കാണാതായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും വീണ്ടും കാണുന്നത്.
കാലിൽ വ്രണം ബാധിച്ചിരുന്ന ഇയാൾക്കു നടക്കാൻ പ്രയാസമുണ്ട്. പല്ലുകളുണ്ടായിരുന്നില്ല. സംസാരശേഷി പരിമിതമായിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'അദ്ദേഹം ആശുപത്രിയിലാണ്, ജീവനു ഭീഷണിയല്ല' എന്നു മാത്രമാണ് ഇതേക്കുറിച്ചു പൊലീസ് വക്താവ് പ്രതികരിച്ചത്. കുറ്റകൃത്യങ്ങൾ അമ്മ നിഷേധിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷൻ അഥോറിറ്റി അറിയിച്ചു. യുവാവിനെ പൂട്ടിയ മുറിയിൽ മൂത്രവും അഴുക്കും പൊടിയും ഉണ്ടായിരുന്നെന്നും ദുർഗന്ധം പരന്നിരുന്നെന്നും ബന്ധു പ്രാദേശിക മാധ്യമത്തോടു പറഞ്ഞു.