പൊന്നാനി: അന്ധതയെ ആത്മവിശ്വാസം കൊണ്ട് തൂത്തെറിഞ്ഞ 26കാരൻ സ്വന്തമാക്കിയത്് ജെആർഎഫ് എന്ന വലിയ നേട്ടം. 95 ശതമാനം കാഴ്ചയില്ലാതെ ജനിച്ച ശ്രീരാജ് തന്റെ കഠിന പ്രയത്‌നത്തിലൂടെയാണ്് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ ജൂനിയർ റിസർച് ഫെലോഷിപ് (ജെആർഎഫ്) നേടിയത്. സുഹൃത്തുക്കൾ റെക്കോർഡ് ചെയ്ത് നൽകിയ സിലബസ് കേട്ടായിരുന്നു പൊന്നാനി നെയ്തല്ലൂർ മാടക്കര എം.ശ്രീരാജിന്റെ പഠനം.

ജീവിതത്തിലെ തന്റെ ഏറ്റവും വലിയ നേട്ടം അമ്മയ്ക്ക് സമർപ്പിക്കുകയാണ് ശ്രീരാജ്. അമ്മ എന്ന കെടാവിളക്കാണ് തന്റെ ജീവിതത്തിന് വെളിച്ചം പകർന്നതെന്ന് ശ്രീരാജ് പറയുന്നു.
പിതാവ് ചന്ദ്രൻ വർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങളാൽ ചികിത്സയിലാണ്. പത്മിനി ജോലിക്കു പോയി കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ശ്രീരാജും സഹോദരൻ നിതിനും അടങ്ങിയ കുടുംബത്തിന്റെ ആശ്രയം.

സഹായം നൽകുന്നവരെ കൂടുതൽ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള വഴി ആലോചിച്ചപ്പോഴാണ് സ്‌റ്റൈപ്പൻഡിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന ജെആർഎഫ് എന്ന ലക്ഷ്യം ശ്രീരാജിന്റെ മനസ്സിലേക്ക് എത്തിയത്. സുഹൃത്തുക്കളും സഹോദരൻ നിഥിനും പിന്തുണയുമായി ഒപ്പംനിന്നു. കാലിക്കറ്റ് സർവകലാശാല വിദൂരപഠന വിഭാഗത്തിൽ എംഎ മലയാളം വിദ്യാർത്ഥിയായ ശ്രീരാജ് മൂന്നാമത്തെ പരിശ്രമത്തിലാണ് ജെആർഎഫ് സ്വന്തമാക്കിയത്. ആത്മവിശ്വാസത്തിന്റെ തിളക്കത്തിൽ ശ്രീരാജ് പറഞ്ഞു:' ഇനി അടുത്ത ലക്ഷ്യം സിവിൽ സർവീസാണ്'.

കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ്‌സിന്റെ പൊന്നാനി ഏരിയാ സെക്രട്ടറി കൂടിയായ ശ്രീരാജ് സംഘടനയിലെ മറ്റുള്ള കുട്ടികളുടെ പഠനത്തിലും സഹായം നൽകുന്നുണ്ട്.