ന്നാം വരവിൽ കശക്കിയെറിയപ്പെട്ട ബ്രിട്ടൻ കൊറോണയുടെ രണ്ടാം വരവിലും ശ്വാസം മുട്ടുകയാണ്. രോഗ്യവ്യാപനം ആരംഭിച്ചതുമുതൽ ഇതുവരെ 75,000 ൽ അധികം പേരാണ് ബ്രിട്ടനിൽ കോവിഡിന് കീഴടങ്ങി മരണംവരിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ 60,000 മരണം എന്ന നാഴികക്കല്ല് ബ്രിട്ടൻ മറികടന്നിട്ട് കഷ്ടിച്ച് ഒരുമാസത്തിലധികം കഴിയുമ്പോഴാണ് മരണ സംഖ്യ മുക്കാൽ ലക്ഷത്തിൽ എത്തുന്നത്. രണ്ടാം വരവിലും മരണനിരക്ക് വർദ്ധിക്കുന്നു എന്നുള്ളതിന് നല്ലൊരു ഉദാഹരണമാണിത്.

മരണസർട്ടിഫിക്കറ്റിൽ കോവിഡ് എന്ന് രേഖപ്പെടുത്തിയവരുടെ എണ്ണമാണ് മേൽ സൂചിപ്പിച്ചത്. എന്നാൽ, സർക്കാർ കണക്ക് പ്രകാരം കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം ഇതുവരെ 59,051 മാത്രമേ ആയിട്ടുള്ളു. രോഗബാധ സ്ഥിരീകരിച്ച് 28 ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞവരുടെ പേരുകൾ മാത്രമാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഐൽ ഓഫ് സിസിലി ഒഴിച്ച് ബ്രിട്ടന്റെ എല്ലാ ഭാഗങ്ങളിലും കോവിഡ് മരണങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നവംബറിലെ കണക്ക് പ്രകാരം വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ടെയിംസൈഡാണ് മരണനിരക്കിൽ മുന്നിട്ട് നിൽക്കുന്നത്. 1 ലക്ഷം പേരിൽ 221 പേർ വീതമാണ് ഇവിടെ മരിച്ചത്.

ഇന്നലെ മാത്രം ബ്രിട്ടനിൽ 13,430 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 603 മരണങ്ങളും രേഖപ്പെടുത്തി. എന്നിരുന്നാലും കൊറോണയുടെ രണ്ടാം വരവ് അതിന്റെ മൂർദ്ധന്യഘട്ടം പിന്നിട്ട് സാവധാനം ഒഴിയാൻ തുടങ്ങി എന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. എന്നിരുന്നാലും കഴിഞ്ഞ തിങ്കളാഴ്‌ച്ചയേ അപേക്ഷിച്ച് ഈ തിങ്കളാഴ്‌ച്ച രോഗം ബാധിച്ചവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് അനുഭവപ്പെട്ടിട്ടുണ്ട്.

നവംബർ 21 ന് ശേഷം കോവിഡ് മരണനിരക്ക് കുറയാൻ തുടങ്ങിയതായി മറ്റൊരു സർക്കാർ രേഖയിൽ ചൂണ്ടിക്കാണിക്കുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ രേഖകളും ഇത് ശരിവയ്ക്കുന്നു. അതേസമയം, രണ്ടാം വരവിലെ മരണസംഖ്യ ക്രിസ്ത്മസ്സിനു മുൻപ് 20,000 കടക്കുമെന്ന് ഈ രംഗത്തെ ഒരു വിദഗ്ദൻ ഇന്നലെ പ്രവചിച്ചു. ഫ്ളൂ, ന്യുമോണിയ എന്നിവയാൽ മരിക്കുന്നവരേക്കാൾ എട്ടിരട്ടി ആളുകളാണ് കോവിഡ് മൂലം മരണമടയുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബർ 13 വരെയുള്ള ഒരാഴ്‌ച്ചയിൽ 280 മരണങ്ങളാണ് ഫ്ളൂ, ന്യുമോണിയ എന്നിവയാൽ ഉണ്ടായത്. അതേസമയം 2,361പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. സെപ്റ്റംബർ 5 നും നവംബർ 20 നും ഇടയിലായി 12,907 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. അതുകഴിഞ്ഞ് ഏകദേശം 3000 മരണങ്ങളോളം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്, കോവിഡിന്റെ രണ്ടാം വരവിൽ ഇതുവരെ മൊത്തം 16,000 പേരാണ് ജീവൻ വെടിഞ്ഞത് എന്നർത്ഥം. ഈ നിരക്കിൽ മുന്നോട്ട് പോവുകയാണെങ്കിൽ ക്രിസ്ത്മസ്സിനു മുൻപായി 20,000 മരണങ്ങൾ പ്രതീക്ഷിക്കാം എന്നാണ് യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ സ്റ്റാറ്റിസ്റ്റീഷ്യൻ പ്രൊഫസർ ഡേവിഡ് സ്പീഗെൽഹാൾട്ടർ പറയുന്നത്.