സാങ്കേതികമായി ഇന്ത്യയ്ക്ക് സാമ്പത്തിക സഹയമൊന്നും ബ്രിട്ടൻ ചെയ്യുന്നില്ലെങ്കിലും, 2018 ൽ തൊട്ടടുത്ത രണ്ടു വർഷം ഇന്ത്യയിലെ സാങ്കേതികരംഗത്തെ വളർച്ചയ്ക്കായി 98 മില്ല്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാകാൻ കുതിക്കുന്ന ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവൈക്കുന്ന ഗവേഷണ ഉദ്യമങ്ങൾക്ക് ഈ തുക ലഭിച്ചപ്പോൾ ഇന്ത്യൻ സർക്കാർ ശുക്രായൻ ഓർബിറ്ററിന്റെ ലോഞ്ചിങ് പ്രഖ്യാപിച്ചു.

ഐ എസ് ആർ ഓ, 2024 ലാണ് ഈ പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിച്ചിരിക്കുന്നത്. നേരത്തേ പ്രതീക്ഷിച്ചതിലും വൈകിയാണ് റോക്കറ്റ് യാത്രയാരംഭിക്കുക. ഏകദേശം നാലുവർഷത്തോളം ശുക്രഗ്രഹത്തെ കുറിച്ച് പഠിക്കുവാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. യഥാർത്ഥത്തിൽ 2023 ൽ നടപ്പാക്കാനിരുന്ന ഈ പദ്ധതി കോവിഡ് ബാധമൂലം നീട്ടിവയ്ക്കുകയായിരുന്നു. ഇപ്പോൾ 2024 ഡിസംബറിൽ വിക്ഷേപണം നടത്തുവാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ 30 വർഷങ്ങളിൽ കേവലം മൂന്ന് ബഹിരാകാശ യാനങ്ങൾ മാത്രമാണ് ശുക്രനെ ഭ്രമണം ചെയ്തിട്ടുള്ളത്. 2025 നും 2028 നും രണ്ട് യാനങ്ങൾ കൂടി വിക്ഷേപിക്കാൻ നാസ ഒരുങ്ങുന്നതായി ഈ വർഷം ആദ്യം സ്ഥിരീകരണം ലഭിച്ചിരുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വീനസ് ഓർബിറ്റർ മിഷൻ 2030 ൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനസഹായം എന്ന് പേരിട്ടിട്ടില്ലെങ്കിലുംഇന്ത്യയിലെ ദാരിദ്യ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനായാണ് ഇന്തയ്ക്ക് ഈ ഫണ്ട് നൽകുന്നത്.

മൊത്തം ദേശീയ വരുമാനത്തിന്റെ 0.7 ശതമാനമായിരുന്ന വിദേശ സഹായധനം 0.5 % ആയി കുറച്ചതിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വർഷം ചാൻസലർ ഋഷി സുനാകാണ് ഈ തീരുമാനം എടുത്തത്. കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന ബ്രിട്ടൻ സാമ്പത്തിക രംഗത്തെ രക്ഷിച്ചെടുക്കാനുള്ള നടപടികളുടെ ഭാഗമായിരുന്നു ഈ വെട്ടിക്കുറയ്ക്കലും. തുക വെട്ടിക്കുറച്ചിട്ടും, പല വിദേശ രാജ്യങ്ങൾക്കുമുള്ള സഹായധനമായി 10 ബില്ല്യൺ പൗണ്ട് അടുത്തവർഷവും ബ്രിട്ടൻ ചെലവഴിക്കും. ആഫ്രിക്കയിലേയും ഏഷ്യയിലേയും ചില രാജ്യങ്ങൾക്കാണ് ഈ ഫണ്ട് ലഭിക്കുന്നത്.

ധനസഹായം വെട്ടിക്കുറച്ചത് ബ്രിട്ടന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിച്ചു എന്ന് പല ഭരണകക്ഷി എം പി മാരും വിമർശനമുന്നയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ജി 7, യു എൻ ക്ലൈമറ്റ് ചേഞ്ച് സമ്മേളനം തുടങ്ങിയ അന്താരാഷ്ട്ര സമ്മേളനങ്ങൾ അടുത്തവർഷം നടക്കാനിരിക്കെ ഇത് ബ്രിട്ടന് ദോഷകരമായി ബാധിക്കും എന്ന് വാദിക്കുന്നവരുമുണ്ട്. 0.7 ശതമാനം എന്നത് കേവലം ഒരു പ്രാവശ്യത്തെ വാഗ്ദാനം മാത്രമായിരുന്നില്ലെന്നും ഓരോ വർഷത്തെ തെരഞ്ഞെടുപ്പിനു ശേഷവും എല്ലാം പാർലമെന്റംഗങ്ങളും ലോകത്തിലെ ദരിദ്രജനതയ്ക്ക് നൽകാറുള്ള സഹായമാണെന്നും ചില എം പിമാർ പറഞ്ഞു.