കണിച്ചാർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ യു.ഡി.എഫ്. സ്ഥാനാർത്ഥിയും കേരള കോൺഗ്രസ് നേതാവുമായ ജോർജുകുട്ടി ഇരുമ്പുകുഴി (63) യാണ് അന്തരിച്ചത്. ബുധനാഴ്ച പ്രചാരണത്തിനുശേഷം രാത്രി വീട്ടിലെത്തി വിശ്രമിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗമാണ്. കേരള കോൺഗ്രസ് മാണിവിഭാഗത്തിൽനിന്ന് ജോസഫ് വിഭാഗത്തിലെത്തിയ ഇദ്ദേഹം ഓഫീസ് ചാർജുള്ള കണ്ണൂർ ജില്ലാ സെക്രട്ടറിയുമാണ്.നേരത്തെ കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ്, പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2005-2010 കാലഘട്ടത്തിൽ കണിച്ചാർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.

2015-2020-ൽ കണിച്ചാർ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനായിരുന്നു. കൊളക്കാട് നെടുംപുറംചാൽ സ്വദേശിയായ ജോർജുകുട്ടി രണ്ടാം തവണയായിരുന്നു ജനവിധി തേടുന്നത്. തലശ്ശേരി അതിരൂപത അജപാലന സമിതി അംഗമാണ്.

ഭാര്യ: തങ്കമ്മ (മണ്ണാർകുളത്ത് കുടുംബാംഗം). മക്കൾ: രാജേഷ്, രാജി, ജിസ് തെരേസ്. മരുമക്കൾ: ടീന, ലെനിൻ, വർഗീസ് പ്രശാന്ത്. സഹോദരങ്ങൾ: കത്രീന (തൊണ്ടിയിൽ), മേരി (അട്ടപ്പാടി), പെണ്ണമ്മ (കീഴ്പ്പള്ളി), പരേതയായ അന്നമ്മ. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് നിടുംപുറംചാൽ സെയ്ന്റ്് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.