പാലക്കാട്: വോട്ട് ചോദിച്ച് ജ്യോതി എത്തുമ്പോൾ എല്ലാവരുടേയും കണ്ണുകൾ ഉടക്കുക സാരികൊണ്ട് മറച്ചു പിടിച്ചിരിക്കുന്ന വലതു കൈയിലേക്കാകും. സാരികൊണ്ടു പുതച്ച വലതുഭാഗത്തു കയ്യില്ല. കേരളത്തിന്റെ മരുമകളായി എത്തും മുന്നേ ഭർത്താവിന്റെ ജീവന്് വേണ്ടി ബലി നൽകിയതാണ് ജ്യോതിയുടെ വലതു കൈ. തീർത്തും അപരിചിതനായ വികാസ് എന്ന സിഐഎസ്എഫ് ജവാനെ രക്ഷിക്കാനാണ് ഛത്തീസ്‌ഗഡുകാരിയായ ജ്യോതി തന്റെ വലംകൈ ത്യജിച്ചത്.

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥിയാണ് ജ്യോതി. കോയമ്പത്തൂർ എയർപോർട്ടിലെ സിഐഎസ്എഫ് ജവാൻ പാലത്തുള്ളി ചീരയങ്കാട് പഞ്ചാനകുളമ്പിൽ പി.വി. വികാസിന്റെ ഭാര്യയായി 2011 ലാണു കേരളത്തിലെത്തിയത്. ദണ്ഡേവാഡ ജില്ലയിലെ ബചേലി സ്വദേശിയായ ജ്യോതിക്കു കേരളത്തോടുള്ള അടുപ്പം തുടങ്ങിയത് 2010 ജനുവരി 3ന് ഒരു ബസ് യാത്രയ്ക്കിടെയാണ്.

ഛത്തീസ്‌ഗഡിലെ ദുർഗ് എന്ന പ്രദേശത്തുവച്ച് ടാങ്കർ ലോറിയുമായി ബസിന്റെ വശം കൂട്ടിയിടിക്കാൻ പോവുന്നതു ജ്യോതിയുടെ ശ്രദ്ധയിൽപെട്ടു. ഇതറിയാതെ മുന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന ചെറുപ്പക്കാരനെ പിന്നിലിരുന്ന ജ്യോതി തള്ളി രക്ഷപ്പെടുത്തി. ഇതിനിടെ ജ്യോതിയുടെ വലതു കൈ അറ്റുപോയി.

സിഐഎസ്എഫ് ബൈലാഡിലാ ക്യാംപിൽ ജോലി ചെയ്യുകയായിരുന്ന വികാസിനെയാണു ജ്യോതി അന്നു രക്ഷപ്പെടുത്തിയത്. തന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വലതു കൈ നഷ്ടമായ ജ്യോതിയെ വികാസ് പിന്നീടു വിവാഹം ചെയ്തു.