- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേലിൽ അഭയം കാത്തിരുന്ന 'കറുത്ത യഹൂദർക്ക്' ഒടുവിൽ സ്വപ്ന സാക്ഷാത്കാരം; ആഭ്യന്തരയുദ്ധത്തിനിടെ എത്യോപ്യയിലെ യഹൂദന്മാർ വാഗ്ദത്ത ഭൂമിയിൽ മടങ്ങിയെത്തുന്നു; 316 അംഗ സംഘത്തെ വരവേറ്റ് പ്രാധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ള പ്രമുഖർ; മനം നിറഞ്ഞ് കറുത്ത യഹൂദർ
ജറുസലേം: ഇസ്രയേലിൽ അഭയം കാത്തിരുന്ന എത്യോപ്യൻ യഹൂദന്മാർക്ക് സ്വപ്ന സാക്ഷാത്കാരം. എത്യോപ്യയിൽ ആഭ്യന്തരയുദ്ധം തുടരുന്നതിനിടെ 316 'കറുത്ത യഹൂദരെ' നാട്ടിൽ തിരിച്ചെത്തിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഭാര്യ സാറ, മുൻ സൈനിക മേധാവി കൂടിയായ രാഷ്ട്രീയ എതിരാളി ബെന്നി ഗാന്റസ് എന്നിവർ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് അതിഥികളെ സ്വീകരിച്ചത്.
എറെ വൈകാരിക മുഹൂർത്തങ്ങൾക്കാണ് വിമാനത്താവളം സാക്ഷ്യം വഹിച്ചത്. എത്യോപ്യൻ യഹൂദ സഹോദരന്മാരെ ഇസ്രയേലിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് ബെഞ്ചമിൻ നെതന്യാഹു വരവേറ്റത്. 'സ്വപ്നം സാക്ഷാത്കരിക്കാൻ നിങ്ങൾ വളരെക്കാലം കാത്തിരുന്നു, ഇന്ന് അത് സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് നെതന്യാഹു പറഞ്ഞു.
'കറുത്ത യഹൂദരെ' തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് സംഘത്തെ ഇസ്രയേലിൽ എത്തിച്ചത്. എത്യോപ്യൻ വംശജനായ ഇമിഗ്രേഷൻ മന്ത്രി പിന ടമാനോ-ഷാറ്റയാണ് ഓപ്പറേഷൻ റോക്ക് ഓഫ് ഇസ്രയേലിന് ചുക്കാൻ പിടിച്ചത്. 2020 അവസാനത്തോടെ മുഴുവൻ സമൂഹത്തെയും തിരിച്ചെത്തിക്കുമെന്ന വാഗ്ദാനമാണ് പാലിക്കപ്പെടുന്നത്. 2021 ജനുവരി അവസാനത്തോടെ 1,700 പേർ കൂടി തിരിച്ചെത്തിക്കാനാണ് ഇസ്രയേൽ ഭരണകൂടം ലക്ഷ്യമിടുന്നത്.
എത്യോപ്യൻ സർക്കാരും ടൈഗ്രേ മേഖലയിലെ പ്രാദേശിക സേനയും തമ്മിലുള്ള പോരാട്ടം തെക്ക് ഗൊണ്ടാർ നഗരത്തിലേക്ക് വ്യാപിക്കുമെന്ന ആശങ്കകൾ നിലനിൽക്കെയാണ് 'ആലിയ' കാത്ത് കഴിഞ്ഞ എത്യോപ്യൻ യഹൂദർ തിരിച്ചെത്തുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഇസ്രയേലിലെത്തിയ എത്യോപ്യൻ യഹൂദന്മാരുമായി ബന്ധമുള്ളവരാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത യഹൂദന്മാരുടെ പിൻഗാമികളാണ് ഫലാഷ് മുറാ എന്നറിയപ്പെടുന്ന ഈ സമൂഹം. പൗരത്വം സംബന്ധിച്ച് അനിശ്ചിതത്വം ഉള്ളതിനാൽ ഇസ്രയേലിലേക്ക് മടങ്ങാൻ ദീർഘകാലമായി ഇവർക്ക് കഴിഞ്ഞിരുന്നില്ല.ലോകമെമ്പാടുമുള്ള യഹൂദരുടെ വാഗ്ദത്ത ഭൂമിയായാണ് ഇസ്രയോൽ അറിയപ്പെടുന്നതും. 1948ൽ ഈ രാജ്യം രൂപീകൃതമായതുതൊട്ട് ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള യഹൂദർ ഇങ്ങോട്ട് ഒഴുകുകയാണ്.
മറുനാടന് ഡെസ്ക്