- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തിൽ ജീവിതം കസേരയിൽ ഒതുങ്ങിയതിന് പിന്നാലെ അച്ഛനും അമ്മയും നഷ്ടമായി; ഇല്ലായ്മകൾക്കിടയിലും ശ്രാവണിന് താങ്ങായ അശ്വതി എന്ന നന്മമരത്തെ നമുക്കും കൈകൂപ്പി തൊഴാം
വൈപ്പിൻ: വീട്ടിൽ എത്ര സുഖ സൗകര്യമുണ്ടായാലും മറ്റൊരു കുട്ടിയെ കൂടി സ്വന്തം വീട്ടിൽ കുറച്ചു കാലത്തേക്കെങ്കിലും നിർത്തുന്നത് ഇന്നത്തെ കാലത്ത് പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ ഇല്ലായ്മകൾക്ക് നടുവിലാണ് ജീവിതമെങ്കിലും ശ്രാവൺ എന്ന 14 വയസ്സുകാരനെ അങ്ങനെ കൈവിട്ടു കളയാൻ അശ്വതി എന്ന ചെറുപ്പക്കാരിക്ക് കഴിയുമായിരുന്നില്ല. ജനിച്ച കാലം മുതൽ അശ്വതി കാണുന്നതായിരുന്നു ആ കുരുന്നിനെ. അച്ഛനും അമ്മയും മരിച്ച് അനാഥനായതോടെ ഭിന്ന ശേഷിക്കാരനായ ശ്രാവൺ കുടുംബക്കാർക്കെല്ലാം ഭാരമായി. എന്നാൽ അവനെ ചേർത്തു നിർത്തുകയാണ് അശ്വതി ചെയ്തത്.
വയ്യാത്ത കുട്ടിയല്ലേ, വല്ലാത്ത ഭാരമാവില്ലേ തുടങ്ങിയ ചോദ്യങ്ങൾക്കു ചെവികൊടുക്കാതെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടു പോന്നു. കഴിഞ്ഞ ഒന്നര വർഷമായി ശ്രാവണിന്റെ കൂടും കുടുംബവും എല്ലാം അശ്വതിയുടെ വീടാണ്. എടവനക്കാട് കൂട്ടുങ്കലൽച്ചിറ തെക്കേതാമരപ്പറമ്പിൽ അശ്വതിയുടെ അയൽവാസിയും അകന്നബന്ധുവും കൂടിയായ ശ്രാവണിന്റെ ജീവിതത്തിൽ രോഗം ഇരുൾ പടർത്തിത്തുടങ്ങിയത് രണ്ടരവയസിലാണ്. ഓടിക്കളിച്ചുതുടങ്ങേണ്ട പ്രായത്തിൽ അടിക്കടി ഇടറിവീണുകൊണ്ടിരുന്ന കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ കണ്ടെത്തിയതു ശരീരത്തിലെ അസ്ഥികൾ പൊടിഞ്ഞുപോകുന്ന അപൂർവരോഗം. അതോടെ ജീവിതം കസേരയിലായി. രോഗത്തോടുള്ള പോരാട്ടം തുടരുന്നതിനിടെ അമ്മ മഞ്ജുളയുടെ അകാലമരണം. രോഗബാധിതനായിരുന്ന പിതാവ് ശശിധരനും വൈകാതെ വിടപറഞ്ഞു. അതോടെ ശ്രാവണും സഹോദരി ശ്രദ്ധയും മാത്രമായി വീട്ടിൽ. പെൺകുട്ടിയെ ബന്ധുവീട്ടുകാർ കൂട്ടിക്കൊണ്ടുപോയി. ശ്രാവണിനെ അശ്വതിയും അമ്മ ശോഭയും ഏറ്റെടുത്തു.
അശ്വതിയുടെ പിതാവ് ബാലകൃഷ്ണനും പെയിന്റിങ് ജോലിയിൽ നിന്നുള്ള വരുമാനംകൊണ്ട് കുടുംബം പുലർത്തുന്ന ഭർത്താവ് സജിൽകുമാറും പിന്തുണയുമായി ഒപ്പം നിന്നു. അശ്വതിയുടെ മകൻ ഒന്നരവയസുകാരൻ അദ്വിക്കിന് ഏട്ടൻ പ്രിയപ്പെട്ട കളിക്കൂട്ടുകാരനുമായി. എടവനക്കാട് എസ്ഡിപിവൈ. കെപിഎംഎച്ച്എസിലെ 9ാം ക്ലാസ് വിദ്യാർത്ഥിയായ ശ്രാവൺ നന്നായി ചിത്രം വരയ്ക്കും. ഡിസൈനർ ആകാനാണ് ആഗ്രഹം. സ്‌കൂളിലെ പൂർവവിദ്യാർത്ഥികൾ സമ്മാനിച്ച ലാപ് ടോപ് ഉപയോഗിച്ചാണു പഠനവും പരിശീലനവും.
ലോകഭിന്നശേഷിദിനത്തോടനുബന്ധിച്ചു വൈപ്പിൻ ബ്ലോക്ക് റിസോഴ്‌സ് സെന്റർ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ അശ്വതിയെ ഇന്ന് അനുമോദിക്കുമ്പോൾ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നത് ശ്രാവണാണ്.