- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം കൊറോണ ബാധിച്ച് അമേരിക്കയിൽ ഇപ്പോൾ മരിക്കുന്നത് 2000 ൽ ഏറെ പേർ; മൂന്നാഴ്ച്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കാലിഫോർണിയ; ബൈഡൻ അധികാരമേറ്റാൽ 100 ദിവസം എല്ലാ അമേരിക്കകാർക്കും മാസ്‌ക് നിർബന്ധമാക്കും; കോവിഡ് ഭൂതത്തെ പരിഹസിച്ച് സ്വയം പണി വാങ്ങിയ അമേരിക്കൻ വീരഗാഥ
പ്രതിദിന കോവിഡ് മരണസംഖ്യ 2,670 ൽ അധികമാകാൻ തുടങ്ങിയതോടെ മുൻപെങ്ങും ഇല്ലാത്തതുപോലുള്ള ആരോഗ്യരംഗത്തെ പ്രതിസന്ധിയാണ് അമേരിക്ക അഭിമുഖീകരിക്കുന്നത്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ പഠനം വെളിവാക്കുന്നത് അമേരിക്കയിൽ ഓരോ മിനിട്ടിലും രണ്ട് കോവിഡ് മരണങ്ങൾ വീതം നടക്കുന്നു എന്നാണ്. അതുപോലെ കോവിഡ് ട്രാക്കിങ് പ്രൊജക്ടിലെ വിവരങ്ങൾ അനുസരിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം ഇതാദ്യമായി 1 ലക്ഷം കടന്നിരിക്കുന്നു.
ഇതോടെ വരുന്ന മാസങ്ങളിൽ അമേരിക്ക ഇതുവരെ കണ്ടിട്ടില്ലാത്ത ആരോഗ്യ പ്രതിസന്ധിയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക എന്ന മുന്നറിയിപ്പുമായി യു എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ രംഗത്തെത്തി. വരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങൾ അമേരിക്കയെ സംബന്ധിച്ച് അത്യധികം പ്രാധാന്യമുള്ളതാണെന്നും, ജനങ്ങൾ വളരെ കരുതലോടെ ഇരിക്കണമെന്നും സെന്റർ വക്താക്കൾ അറിയിച്ചു.
ഇല്ലിനോയിസ്, കാലിഫോർണീയ, ഇന്ത്യാന, കെൻടുക്കി, ടെക്സാസ് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതലായുള്ളത്. കാട്ടുതീ പോലെയാണ് കൊറോണ വൈറസ് പടർന്നു പിടിക്കുന്നതെന്നാണ് കെൻടുക്കി ഗവർണർ പറയൂന്നത്. കോവിഡിന്റെ ആദ്യ നാളുകളിൽ കൊറോണയെന്ന കുഞ്ഞൻ വൈറസിന്റെ പ്രഹരശേഷിയെ കുറച്ചുകണ്ടതാണ് അമേരിക്കയ്ക്ക് ഇന്നീ ഗതി വരുവാനുള്ള കാരണമെന്ന് കരുതുന്നവരാണ് ഏറേയും. രോഗത്തേക്കാൾ ചെലവ് കൂടിയ ചികിത്സ നല്ലതല്ലെന്ന വാദവുമായി രാജ്യത്തെ നയിച്ച ട്രംപിന്റെ കഴിവുകേടായി ഈ രോഗവ്യാപനത്തെ വിലയിരുത്തുന്നവരും വർദ്ധിച്ചു വരികയാണ്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച് കാലിഫോർണിയ
ഇന്റൻസീവ് കെയർ യൂണിറ്റുകളുടെ 15 ശതമാനത്തിൽ താഴെ മാത്രമേ ലഭ്യമായിട്ടുള്ളു എന്ന സാഹചര്യം വന്നതോടെ കാലിഫോർണിയയിൽ പുതിയ സ്റ്റേ-അറ്റ്-ഹോം ഉത്തരവിറക്കിയിരിക്കുകയാണ് ഗവർണർ ഗവിൻ ന്യുസം. ഇതനുസരിച്ച് സംസ്ഥാനത്തെ അഞ്ച് മേഖലകളാക്കി വിഭജിച്ചിരിക്കുന്നു. നിലവിൽ, ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട ഒരു സാഹചര്യമല്ല ഇവിടങ്ങളിൽ ഉള്ളതെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിൽ ഗ്രെയ്റ്റർ സാക്രാമെന്റോ, നോർത്തേൺ കാലിഫോർണിയ, സാൻ ജൊവാക്വിൻ വാലി, സതേൺ കാലിഫോർണിയ എന്നീ നാലുമേഖലകൾ ഈ അവസ്ഥയിലേക്ക് എത്തുമെന്നാണ് കാലിഫോർണിയ ഗവർണർ പറയുന്നത്.
85 ശതമാനത്തിലധികം ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ രോഗികൾ എത്തുന്ന സാഹചര്യത്തിൽഹെയർ സലൂണുകൾ, ബാർബർ ഷോപ്പുകൾ എന്നിവ അടച്ചുപൂട്ടും ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ ഉൾക്കൊള്ളാവുന്നതിന്റെ 20 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കാനുള്ള നിയന്ത്രണം ഉണ്ടാകും. അതുപോലെ റെസ്റ്റോറന്റുകൾക്ക് കുറഞ്ഞത് രണ്ടുമൂന്നാഴ്‌ച്ചക്കാലമെങ്കിലും ടേയ്ക്ക് എവേയ്ക്ക് മാത്രമായിരിക്കും അനുവാദമുണ്ടാവുക.
100 ദിവസം മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുവാൻ ജോ ബൈഡൻ
പ്രസിഡണ്ടായി ചുമതലയേറ്റാൽ ഉടൻ തന്നെ എല്ലാ അമേരിക്കക്കാരും നിർബന്ധമായി 100 ദിവസത്തേക്ക് മാസ്‌ക് ധരിക്കണമെന്ന നിയമം കൊണ്ടുവരുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചു. ഈ ഒരു നടപടി കൊണ്ടുതന്നെ രോഗവ്യാപനം കാര്യക്ഷമമായി കുറയ്ക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 20 നാണ് ജോ ബൈഡൻ പുതിയ അമേരിക്കൻ പ്രസിഡണ്ടായി അധികാരമേൽക്കുക.
കഴിഞ്ഞ 24 മണിക്കൂറിൽ 2,804 കോവിഡ് മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതുപോലെ പ്രതിദിനം പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2 ലക്ഷം കഴിഞ്ഞതിൽ പിന്നെ ഇതാദ്യമായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം 1 ലക്ഷം കഴിഞ്ഞു. അതേ സമയം നിർബന്ധിത മാസ്‌കിനെതിരെ ഇപ്പോൾ തന്നെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. മാസ്‌ക് ധരിക്കാൻ എന്നും വിമുഖത കാണിച്ചിട്ടുള്ള ട്രംപാണ് മറുവശത്തുള്ളത്.
മറുനാടന് മലയാളി ബ്യൂറോ