തെന്മല: ഉറുകുന്നുകാർക്ക് ഒരിക്കലും മറക്കാനാവാത്തത്ര വലിയ സങ്കടം നിറഞ്ഞ ദിവസമായിരുന്നു ഇന്നലത്തേത്. പരസ്പരം സ്‌നേഹിച്ച് ജീവിച്ച മൂന്ന് പെൺകുട്ടികളെയാണ് ഒരൊറ്റ അപകടം കവർന്നെടുത്തത്. 14ഉം 11ഉം വയസ്സുള്ള സഹോദരിമാരും ഇവരുടെ 17 വയസ്സുള്ള കൂട്ടുകാരിയുടെയും മൃതദേഹം സംസ്‌ക്കാരത്തിന് എത്തിച്ചപ്പോൾ ഉറുകുന്ന് ഒന്നടങ്കം പൊട്ടിക്കരയുന്ന കാഴ്്ചയായിരുന്നു.

സങ്കടക്കാറ്റിലുലഞ്ഞ മാതാപിതാക്കളും ലോക്ഡൗണിൽ ദീർഘകാലം പരസ്പരം കാണാതിരുന്ന സഹപാഠികളും കണ്ണീരാൽ യാത്രാമൊഴിയേകി. വിലാപയാത്രയായി മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ കണ്ടു നിന്നവർക്ക് ആർക്കും കരച്ചിൽ അടക്കാൻ സാധിച്ചില്ല. നേതാജി ഓലിക്കൽ പുത്തൻവീട്ടിൽ അലക്‌സ് സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (14), ശ്രുതി (11), ടിസൻ ഭവനിൽ കുഞ്ഞുമോൻ സുജ ദമ്പതികളുടെ മകൾ കെസിയ (17) എന്നിവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രിയപ്പെട്ടവരെല്ലാം ഉറുകുന്ന് ആർസിസി ഗ്രൗണ്ടിൽ എത്തി.

ഗ്രൗണ്ടിലെ ശുശ്രൂഷകൾക്കു പുനലൂർ രൂപത അധ്യക്ഷൻ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ കാർമികത്വം വഹിച്ചു. 12നു ഗ്രൗണ്ടിൽനിന്നു മൂവരുടെയും വീടുകളിലേക്കു വിലാപയാത്ര തിരിച്ചു. പിന്നീടു ശാലിനിയുടെയും ശ്രുതിയുടെയും മൃതദേഹം ഉറുകുന്ന് ലൂർദ് മാതാ പള്ളിയിൽ സംസ്‌കരിച്ചു. കെസിയയുടെ സംസ്‌കാരം അടൂർ മങ്ങാട് ബഥേൽ പള്ളിയിലും നടത്തി.