കൊച്ചി: മുതിർന്ന പൗരന്മാരുടെ സുരക്ഷിതത്വവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കണമെന്ന വിഷയത്തിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. അത്യാവശ്യമെന്ന് കണ്ടാൽ മക്കളെ വീട്ടിൽ നിന്നും ഒഴിപ്പിക്കാൻ സീനിയർ സിറ്റിസൻസ് വെൽഫെയർ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടിന് (കലക്ടർ) അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന എൺപതുകാരന്റെ ഹർജിയിലാണു ജസ്റ്റിസ് സതീഷ് നൈനാന്റെ നിർണായക ഉത്തരവ്. തനിക്കു മാന്യവും സമാധാനപരവുമായി ജീവിക്കാൻ മുകൾനിലയിൽ താമസിക്കുന്ന മകനെ ഒഴിപ്പിക്കണമെന്ന ആവശ്യം ജില്ലാ മജിസ്ട്രേട്ട് നിരസിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

താഴത്തെ നിലയിൽ ഹർജിക്കാരനു സമാധാനപരമായി ജീവിക്കാൻ തടസ്സമില്ലെന്നു വ്യക്തമാക്കിയ കലക്ടർ, മകൻ 5000 രൂപ ചെലവിനു നൽകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ 2020 മാർച്ച് 12ലെ കലക്ടറുടെ ഈ ഉത്തരവു റദ്ദാക്കിയ കോടതി, വിഷയം പുനഃപരിശോധിക്കാനും കക്ഷികൾക്കു നോട്ടിസ് നൽകി വാദംകേട്ട ശേഷം പുതിയ ഉത്തരവിറക്കാനും നിർദ്ദേശം നൽകി. സീനിയർ സിറ്റിസൻസ് മെയ്ന്റനൻസ് ആക്ട് പ്രകാരം ഒഴിപ്പിക്കൽ ഉത്തരവിറക്കാനാവില്ലെന്ന് എതിർകക്ഷിയായ മകൻ വാദിച്ചു. എന്നാൽ, മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്നതാണു നിയമത്തിന്റെ ഉദ്ദേശ്യമെന്നും വേണ്ടിവന്നാൽ 19 (2) (1) ചട്ടപ്രകാരം ഒഴിപ്പിക്കാൻ സാധ്യമാണെന്നും കോടതി വ്യക്തമാക്കി.

മുതിർന്ന പൗരന്റെ സ്വൈരജീവിതത്തിന് അത് അത്യാവശ്യമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ മാത്രമേ നടപടി പാടുള്ളൂ. എൻക്വയറി നടത്തി ഒഴിപ്പിക്കൽ വേണോ വേണ്ടയോ എന്നുള്ള വ്യക്തമായ നിഗമനത്തിലെത്തണമെന്നും കോടതി പറഞ്ഞു എന്നാൽ നിയമം അതീവജാഗ്രതയോടെ പ്രയോഗിക്കണമെന്നും സഹോദരങ്ങൾക്കിടയിലുള്ള വസ്തുതർക്കം തീർപ്പാക്കാനുള്ള ആയുധമാക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.