ചൈന നാടുകടത്തിയ ശതകോടീശ്വരന്റെ ബീജിങിലെ കെട്ടിടം ലേലത്തിൽ വിറ്റുപോയത് 5400 കോടി രൂപയ്ക്ക്. അമേരിക്കയിലുള്ള ശതകോടീശ്വരനായ ഗു വെൻഗോയിയുടെ ഉടമസ്ഥതയിലുള്ള ബീജിങ്ങിലെ പാംങ്ങു പ്ലാസയാണ് 734 മില്യൻ ഡോളറിന് (ഏകദേശം 5400 കോടി രൂപ) ഓൺലൈനിൽ വിറ്റു പോയത്. 2008 ൽ ബീജിങ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച്് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ലേലത്തിൽ പോയത്.

629 അടി ഉയരമുള്ള ഈ 'ഡ്രാഗൺ ഇൻസ്പ്പയർഡ്' കെട്ടിടം 2016 ലാണ് ശതകോടീശ്വരൻ ഗു വെൻഗോയിൽ നിന്നും ചൈനീസ് അധികൃതർ പിടിച്ചെടുത്തത്. ഇ-കോമേഴ്‌സ് സ്ഥാപനമായ അലിബാബയിലാണ് കെട്ടിടം ലേലത്തിൽ വെച്ചത്. ഈ ലേലം ഓൺലൈനിൽ കാണാനായി മാത്രം 150,000 ആളുകൾ രജിസ്റ്റർ ചെയ്തിരുന്നു. ബീജിങ്ങി ലെ തന്നെ ഒരു പ്രമുഖ പ്രോപ്പർട്ടി ഭീമനാണ് കെട്ടിടം ലേലത്തിൽ വാങ്ങിയത്.

2014 മുതൽ ഗു വെൻഗോയി അമേരിക്കയിലാണ് താമസം. ഇദ്ദേഹത്തിന്റെ വസ്തുവകകൾ ചൈന പിടിച്ചെടുത്തു ഫ്രീസ് ചെയ്തിരുന്നു. 1.5 മില്യൻ ചതുരശ്രയടിയുള്ള കെട്ടിടം നിലവിൽ ഐടി കമ്പനിയായ ഐബിഎമ്മിന്റെ ഹെഡ് ഓഫീസാണ്. ഇത് കൂടാതെ സെവൻ സ്റ്റാർ ഹോട്ടലുകളും ഇതിലുണ്ട്. എന്തായാലും തന്റെ കെട്ടിടം വളരെ നഷ്ടത്തിലാണ് ലേലത്തിൽ പോയത് എന്നാണ് ഉടമയായ ഗു വെൻഗോയി തന്റെ യുട്യൂബ് വീഡിയോയിലൂടെ പറഞ്ഞത്.