- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡുകാലത്തെ സൗഹൃദം ജീവിതത്തിൽ ഒന്നിപ്പിച്ചു; അച്ഛന്റെ വിവാഹം മുന്നിൽ നിന്നു നടത്തിയത് മകൻ; കൊൽക്കത്തയിലെ 66 കാരനായ തരുണിനും 63 കാരിയായ സ്വപ്നയ്ക്കും ആശംസകൾ നേർന്ന് ബന്ധുക്കളും സുഹൃത്തുക്കളും
കൊൽക്കത്ത: ജീവിതത്തിലെ ഒറ്റപ്പെടലിനിടെ കണ്ടെത്തിയ ഒരു സൗഹൃദം വിവാഹത്തിൽ കലാശിച്ചതിന്റെ സന്തോഷത്തിലാണ് കൊൽക്കത്തയിൽനിന്നുള്ള വധൂവരന്മാർ. കോവിഡുകാലത്ത് അപ്രതീക്ഷിതമായ കണ്ടെത്തിയ സ്നേഹത്തെ വിവാഹത്തിൽ എത്തിച്ചതാകട്ടെ മകന്റെ ഇടപെടലും. കൊൽക്കത്തക്കാരായ 66 വയസ്സുകാരൻ തരുൺ കാന്തി പാലും 63 വയസ്സുകാരി സ്വപ്ന റോയുമാണ് ഇക്കഴിഞ്ഞമാസം 25 നു നടന്ന ലളിതമായ ചടങ്ങിൽ ജീവിതത്തിൽ ഒരുമിച്ചത്.
തരുണും സ്വപ്നയും ഒരേ ഗ്രാമത്തിൽനിന്നുള്ളവരാണ്. പരസ്പരം കേട്ടിട്ടുണ്ടെങ്കിലും നേരിട്ടുകണ്ടത് രണ്ടു വർഷം മുൻപ് മാത്രം. രണ്ടു വർഷം മുൻപ് ഭട്ടനഗറിലെ രാമകൃഷ്ണ മിഷൻ മഠത്തിൽ വച്ചാണ് തരുണും സ്വപ്നയും ആദ്യമായി പരസ്പരം കാണുന്നത്. പിന്നീട് മാസങ്ങൾ കഴിഞ്ഞ് സ്വപ്ന തരുണിനെ ഫോണിൽ വിളിച്ചതോടെയാണ് സൗഹൃദം തുടങ്ങിയതും ശക്തമായതും. അന്നുമുതൽ ഇരുവരും ഫോണിൽ സംസാരിക്കുന്നതു പതിവായി. പങ്കാളികൾ നഷ്ടപ്പെട്ടതോടെ ഒറ്റപ്പെട്ടുപോയ ഇരുവരുടേയും സൗഹൃദത്തിന്റെ ആഴം തിരിച്ചറിഞ്ഞ തരുണിന്റെ ആദ്യ വിവാഹത്തിലെ മകൻ ഷയോൺ പാലാണ് ഇവരെ ജീവിതത്തിൽ ഒന്നിപ്പിക്കുന്നതിന് മുൻകൈ എടുത്തത്.
സൗഹൃദം ശക്തമാകുകയും ഇരുവർക്കും പരസ്പരം പിരിഞ്ഞിരിക്കുന്നത് അസഹനീയമാകുകയും ചെയ്തതോടെ സ്വപ്നയാണ് തരുണിനോട് വിവാഹാഭ്യർഥന നടത്തിയത്. അദ്ദേഹം ഉടൻ തന്നെ സമ്മതം അറിയിച്ചു. കോവിഡ് കാലത്താണ് ഇരുവരുടെയും സൗഹൃദം സ്നേഹമാകുന്നത്. കോവിഡ് കാലത്തുതന്നെ വിവാഹവും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങിൽ ഇരുവരും വിവാഹ പേപ്പറുകളിൽ ഒപ്പിട്ടു. പരസ്പരം മോതിരം മാറി. വാക്സീൻ വരാൻ എത്ര നാൾ എടുക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ എത്രയും വേഗം വിവാഹം നടത്തുക എന്നതായിരുന്നു പദ്ധതി. ഇരുവരുടെയും കുടുംബത്തിലെ എല്ലാവരും പുതിയ ബന്ധത്തെ അനുകൂലിച്ചു എന്നതും ശുഭശസൂചനമായാണ് ദമ്പതികൾ കാണുന്നത്.
So, my Dad got married the day before. The ceremony was (mostly) masked and just with close friends & family. It was both surreal and fun. After 10 years of being alone since my mom died, I'm glad that he found love again! pic.twitter.com/qGaD3u5CuA
- Shayon (@shayonpal) November 27, 2020
ഷയോൺ തന്നെയാണ് വിവാഹ വേഷത്തിൽ നിൽക്കുന്ന അച്ഛന്റെയും പുതിയ വധുവിന്റെയും ചിത്രം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അച്ഛൻ വീണ്ടും സന്തോഷം കണ്ടെത്തിയതിൽ അതീവ സന്തോഷമുണ്ടെന്ന് ചിത്രം പങ്കുവച്ച് ഷയോൺ കുറിച്ചു. അമ്മയുടെ മരണത്തിനു ശേഷം അച്ഛൻ വ്യക്തിപരമായി അടുക്കുന്ന ആദ്യത്തെ സ്ത്രീയാണ് സ്വപ്ന. ജോലിയുമായി ബന്ധപ്പെട്ടു രാജ്യത്തിനു ഞാൻ പുറത്താണ്. അദ്ദേഹത്തിന്റെ സമപ്രായത്തിലുള്ള കൂട്ടുകാർ ആകട്ടെ ശാരീരികമായി സന്ദർശനത്തിന് ആകുന്നവരുമല്ല. ഏകാന്തതയിലായിരുന്നു അദ്ദേഹം. എന്തായാലും ഇപ്പോൾ അതിന് അവസാനം വന്നിരിക്കുന്നു: അമ്മ മരിച്ച് 10 വർഷത്തിനുശേഷമാണ് തന്റെ പിതാവ് അതീവ സന്തുഷ്ടനായി കാണുന്നതെന്നും ഷയോൺ പറയുന്നു.
ജീവിതം ദീർഘമായ ഒരു യാത്രയാണ്. ഈ യാത്രയിൽ ഓരോരുത്തർക്കും മറ്റൊരാളുടെ കൂട്ട് അനിവാര്യമാണ്. കൂട്ട് അകാലത്തിൽ നഷ്ടപ്പെടുന്നവർ മനസ്സിനിണങ്ങിയ പങ്കാളിയെ തിരഞ്ഞെടുത്ത് ജീവിതയാത്ര പൂർത്തിയാക്കുകയാണുവേണ്ടത്: തന്റെ അപ്രതീക്ഷിതമായ രണ്ടാം വിവാഹത്തെക്കുറിച്ച് തരുൺ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ