- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും തട്ടിപ്പുകാരുടെ കച്ചവടത്തിന്റെ ഭാഗമാകുന്നു; ദുബയിലേക്ക് പോകാൻ 75 ഓളം പോസിറ്റീവ്കർക്ക് പോലും നെഗറ്റീവ് സർട്ടിഫിക്കറ്റ്; കോവിഡിനേക്കാൾ ഭയക്കേണ്ട വ്യാജന്മാരുടെ കഥ
മനുഷ്യനന്മയ്ക്കായി ഏതൊരു പുതിയ സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുത്താൽ അത് മറ്റുള്ളവരെ പറ്റിച്ച് എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗ്ഗമായി എങ്ങനെ ഉപയോഗിക്കാം എന്നുള്ളതാണ് എപ്പോഴും ചിലരുടെ ചിന്ത. സമൂഹ മാധ്യമങ്ങൾ മുതൽ ഡിജിറ്റൽ എക്കോണമി വരെയുള്ള ആധുനിക സാങ്കേതിക വിദ്യകളെയെല്ലാം തട്ടിപ്പിനായി ഉപയോഗിച്ച ശേഷം ഇപ്പോൾ ഈ ക്രിമിനലുകൾ മനുഷ്യകുലത്തിന്റെ ആകമാനം ദുരന്തം എന്നു പറയാവുന്ന കൊറോണയെ ഉപയോഗിച്ച് പണമുണ്ടാക്കുവാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
വിദേശയാത്രയ്ക്കൊരുങ്ങുന്ന ബ്രിട്ടീഷുകാർക്ക് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിപണമുണ്ടാക്കുന്ന ഒരു തട്ടിപ്പുകാരന്റെ കഥയണിത്. വിദേശയാത്രയ്ക്കൊരുങ്ങുന്നവർ എന്ന് ഭാവിച്ച് ഇയാളെ സമീപിച്ച മാധ്യമ പ്രവർത്തകരോട് ഇയാൾ പറഞ്ഞത് ഇതുവരെ 50 ഓളം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിക്കഴിഞ്ഞു എന്നാണ്. ഇനിയും ചിലർക്ക് നൽകാനുമുണ്ടത്രെ! പല രാജ്യങ്ങളിലും വിദേശത്തുനിന്നുള്ളവർക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് നെഗറ്റീവ് ആവശ്യമായ ഒരു സാഹചര്യത്തിലാണ് പെട്ടെന്ന് പണമുണ്ടാക്കാൻ പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്.
ഒരു ബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ ഡാന്യൽ സാജിദ് എന്ന ഈ 21 കാരൻ നിയമ വിരുദ്ധമായി ഒരു ഫ്രാഞ്ചൈസി ബിസിനസ്സ് നടത്തുന്നതിനു പുറമേയാണ് 500 പൗണ്ടിന് ഇത്തരം വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് നൽകുന്നത്. അതായത്, ഇതിനോടകം തന്നെ നൂറുകണക്കിന് ബ്രിട്ടീഷുകാർ കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റുകളുമായി വിമാനത്തിൽ കയറിയിട്ടുണ്ടാകാം, പല പല വിദേശ രാജ്യങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ടാകാം.
മറ്റുള്ളവർക്ക് നൽകുക മാത്രമല്ല, സ്വന്തം പേരിലും ഒരു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കഴിഞ്ഞയാഴ്‌ച്ച ഇയാൾ ദുബായിലേക്ക് യാത്രയായി. അവിടെ ആഡംബര കാറുകളിൽ ചുറ്റിയടിച്ചതും ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ടതുമെല്ലാം അയാൾ പറഞ്ഞു.കുറച്ചു ദിവസങ്ങൾ മാത്രമേ ദുബായിൽ ഉണ്ടായിരുന്നുള്ളു എങ്കിലുംറേഞ്ച് റോവർ പോലുള്ള ആഡംബര കാറുകളായിരുന്നു അയാൾ വാടകയ്ക്ക് എടുത്തിരുന്നതത്രെ. ഈയാഴ്‌ച്ച തിരികെ ലണ്ടനിലേക്ക് മടങ്ങും മുൻപ് ലംബോർഗിനി വാടകയ്ക്കെടുത്ത് അതിൽ യാത്രചെയ്യണമെന്ന ആഗ്രഹവും അയാൾ പങ്കുവച്ചു.
വിനോദ സഞ്ചാരമേഖലയിൽ തിരക്ക് വർദ്ധിക്കുന്നതോടെ തന്റെ ബിസിനസ്സ് വിപുലീകരിക്കാം എന്ന പ്രതീക്ഷയിലാണ് സാജിദ്. സർട്ടിഫിക്കറ്റിനായി വേഷപ്രച്ഛന്നരായി ഇയാളെ സമീപിച്ച പത്രപ്രവർത്തകർ, സാജിദ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ ഒരാൾക്ക് പിന്നീടുള്ള പരിശോധനയിൽ പോസറ്റീവ് ഫലം വന്നു എന്ന് അറിയിച്ചപ്പോഴും അയാൾക്ക് കുലുക്കമൊന്നും ഉണ്ടായില്ല. സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി വ്യാജ സർട്ടിഫിക്കറ്റ് നൽകിവരുന്ന ഇയാൾ പറയുന്നത് വിമാന സർവ്വീസുകാർക്കോ, അതിർത്തി സംരക്ഷണ സേനകൾക്കോ, സന്ദർശകർ നൽകുന്ന സർട്ടിഫിക്കറ്റ് യഥാർത്ഥമാണോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനമില്ല എന്നാണ്. ഈ പഴുതാണ് താൻ ഉപയോഗിക്കുന്നതെന്നും അയാൾ പറഞ്ഞു.
വാക്സിൻ വിതരണം ആരംഭിച്ചു കഴിഞ്ഞാൽ, പ്രതിരോധശേഷി കൈവരിച്ചു എന്നതിനുള്ള തെളിവായി, വാക്സിൻ സ്വീകരിച്ചു എന്നതിന്റെ വ്യാജ സർട്ടിഫികറ്റുകളിറക്കി തന്റെ ബിസിനസ്സ് വിപുലീകരിക്കാനുള്ള ആലോചനയിലാണ് ഇയാൾ. ഉപഭോക്താക്കളിൽ കൂടുതൽ വിശ്വാസം ജനിപ്പിക്കുവാനായി, ദുബായിലേക്കുള്ള യാത്രാമദ്ധ്യേ, വിമാനത്തിൽ നിന്നും തന്റെ വ്യാജ സർട്ടിഫിക്കറ്റുമായുള്ള ഫോട്ടോ എണ്ടുത്ത് അയാൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
യോർക്ക്ഷയറിൽ നിന്നുള്ള സജീദ്, ഒരു പ്രമുഖ ബാങ്കിൽ ഉപഭോക്തൃ സേവന വിഭാഗത്തിൽ ജോലിചെയ്യുകയാണ്. എന്നാൽ, പണമുണ്ടാക്കാനായി എന്തും ചെയ്യാൻ തയാറുമാണ് ഈ ക്രിമിനൽ. വിലപേശി 75 പൗണ്ടിന് മാധ്യമ പ്രവർത്തകർ വാങ്ങിയ സർട്ടിഫിക്കറ്റിൽഇംഗ്ലണ്ടിലെ ഒരു പ്രധാന ആശുപത്രി ശൃംഖലയുടെ പേരാണ് ഉണ്ടായിരുന്നത്. മാത്രമല്ല അന്ന് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറുടെ പേരും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇത് തങ്ങൾ നൽകിയ സർട്ടിഫിക്കാറ്റാണെന്ന കാര്യം ആശുപത്രി അധികൃതർ നിഷേധിച്ചിട്ടുണ്ട്.
പാക്കിസ്ഥാൻ വംശജനായ ഇയാൾ തന്റെ ഒരു ബന്ധുവിന് പാക്കിസ്ഥാനിലേക്ക് പോകാൻ രണ്ടുമാസം മുൻപ് യഥാർത്ഥത്തിലുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ അതിൽ നിന്നുമാണ് ഇങ്ങനെയൊരു ആശയം ഉടലെടുത്തതെന്നും വേഷപ്രച്ഛന്നരായ പത്രപ്രവർത്തകരോട് പറഞ്ഞു. നിലവിൽ സാജിദും സുഹൃത്തുക്കളും ഉൾപ്പടെ ഏകദേശം അമ്പതോളം ബ്രിട്ടീഷുകാരാണ് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ദുബായിൽ ഉള്ളത്. ഈ സർട്ടിഫിക്കറ്റിൽ, ബാർ കോഡോ, സീരിയൽ നമ്പറോ ഇല്ലാത്തതാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണം സുഗമമാക്കുന്നത് എന്നാണ് സാജിദ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ