തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ (ആർജിസിബി) തിരുവനന്തപുരത്തെ പുതിയ ക്യാംപസിന് ആർഎസ്എസ് താത്വികാചാര്യൻ എം.എസ്.ഗോൾവാൾക്കറുടെ പേരിടുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. ആക്കുളത്തുള്ള ക്യാംപസ് ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും 'ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷനൽ സെന്റർ ഫോർ കോംപ്ലക്‌സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ' എന്നാണ് ഇതറിയപ്പെടുകയെന്നും മന്ത്രി പറഞ്ഞു. ആർജിസിബി ആതിഥ്യം വഹിക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിന്റെ (ഐഐഎസ്എഫ്) ആമുഖ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്റ്റെം സെൽ മാറ്റിവയ്ക്കൽ, ജീൻ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അർബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. നിക്ഷേപകർ, സംരംഭകർ, ബയോ-ടെക്, ബയോ ഫാർമ കമ്പനികൾ തുടങ്ങിയവർക്ക് ടെസ്റ്റ് ആൻഡ് പ്രൂഫിനായി അത്യാധുനിക ലാബും ബയോടെക് സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആർജിസിബി ഡയറക്ടർ പ്രഫ. ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, ജോ. സെക്രട്ടറി ചന്ദ്ര പ്രകാശ് ഗോയൽ എന്നിവർ പ്രസംഗിച്ചു.