- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നും ഓർക്കാതെ ഇറാനിയൻ മണ്ണിൽ കയറി ആണവ ശാസ്ത്രജ്ഞനെ തീർത്ത മൊസാദ് അടുത്ത പണിക്ക് പോകുമ്പോൾ ഉറക്കം നഷ്ടപ്പെട്ട് യഹൂദന്മാർ; അതേ നാണയത്തിൽ തിരിച്ചടി ഉറപ്പായതോടെ വേഷം മാറി ഇസ്രയേൽ ശാസ്ത്രജ്ഞന്മാർ; യു എ ഇയിലും ബഹറിനിലുമുള്ള ഇസ്രയേലുകാർ വരെ ഭയചകിതർ
കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന വന്യനീതി സ്വീകരിച്ച് ഇറാൻ ഏതു നിമിഷവും തിരിച്ചടിച്ചേക്കും എന്ന ഭയം ഇസ്രയേലിൽ അങ്കുരിച്ചു തുടങ്ങിയിരിക്കുന്നു. ഇറാന്റെ ആണവായുധത്തിന്റെ പിതാവെന്നു വരെ അറിയപ്പെട്ടിരുന്ന ശാസ്ത്രജ്ഞന്റെ കൊലപാതകത്തിനു പുറകേ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന ഭയത്തിലാണ് ഇസ്രയേലി ശാസ്ത്രജ്ഞർ. അവർക്ക് അത്തരത്തിലുള്ള ഒരു മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഷിമൺ ലെരെസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രത്തിലെ വിദഗ്ദന്മാരോടും ഇവിടെ നിന്നും വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരോടും കരുതിയിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടെന്ന വിവരം ജറുസലേം പോസ്റ്റാണ് പുറത്തുവിട്ടത്.
ഇത്തരത്തിൽ, ഒരു ജീവനക്കാരന് കിട്ടിയ നിർദ്ദേശം ദിവസേന സഞ്ചരിക്കുന്ന വഴി മാറ്റിക്കൊണ്ടിരിക്കണമെന്നും അജ്ഞാതമായ പൊതിയോ മറ്റോ കാണാൻ ഇടയായാൽ അത് എടുക്കരുതെന്നുമാണ്. അതുപോലെ ശാസ്ത്രജ്ഞരുടെ സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിദ്ധ്യവുമിറാന്റെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് ഇസ്രയെൽ സുരക്ഷാ വിഭാഗം രാജ്യത്തെ ശാസ്ത്രജ്ഞർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ 27 ന് കൊലചെയ്യപ്പെട്ട മൊഹ്സീൻ ഫക്രീസദേയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ മുൻകരുതലുകളൊക്കെ.
ഇറാന്റെ ഏറെ ബഹുമാനിക്കപ്പെടുന്ന ഇസ്ലാമിക് റെവലൂഷണറി ഗാർഡ്സ് കോപ്സിലെ അംഗം കൂടിയായ ഫക്രീസദെ രാജ്യത്തിന്റെ ആണവ വികസന പദ്ധതികളിൽ കാര്യമായ പങ്ക് വഹിച്ച വ്യക്തികൂടിയാണ്. ഇസ്രയേലാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ഇറാൻ നേരത്തേ ആരോപിച്ചിരുന്നു. തങ്ങളുടെ രാജ്യത്തിന് പുറത്ത്, ഇത്തരത്തിൽ തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന നിരവധി പേരെ വകവരുത്തിയ പാരമ്പര്യം ഇസ്രയേലിനുണ്ട്. എന്നാൽ അവർ അതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാറില്ല. ഫക്രീസദെയുടെ കാര്യത്തിലും ഇസ്രയേൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.
2018-ൽ ഒരു പത്രസമ്മേളനത്തിനിടയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു ഫക്രിസദെയുടെ പേർ പരാമർശിച്ചിരുന്നു. മാത്രമല്ല, ആ പേര് ഓർത്തുവയ്ക്കാൻ പത്രപ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമാധാനകാലത്തെ ആവശ്യങ്ങൾക്ക് മാത്രമായി ആണ് തങ്ങൾ ആണവോർജ്ജം വികസിപ്പിക്കുന്നതെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, ആണവായുധ നിർമ്മാണത്തിൽ ഇറാൻ ഉൾപ്പെട്ടിരിക്കുന്നു എന്ന ആരോപണം ഇസ്രയേൽ കാലാകാലങ്ങളായി ഉന്നയിക്കുന്നുണ്ട്.
അതേസമയം ഇസ്രയേലിന്റെ വടക്കൻ അതിർത്തികളിൽ സൈനിക ശക്തി വർദ്ധിപ്പിച്ചതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. രഹസ്യാന്വേഷണ വിഭാഗവും ഈ മേഖലയിൽ സജീവമായി രംഗത്തുണ്ട്. ഇസ്രയേലുമായി നല്ല ബന്ധത്തിലല്ലാത്ത ലെബനോൺ, സിറിയ എന്നീ രാജ്യങ്ങളുമായുള്ള അതിർത്തിയിലാണ് സൈനിക ശക്തി വർദ്ധിപ്പിച്ചിട്ടുള്ളത്. ഷിയ വിഭാഗക്കാർക്ക് മുൻകൈ ഉള്ള ഈ രാജ്യങ്ങൾ സ്വാഭാവികമായും ഇറാനുമായി നല്ല ബന്ധത്തിലാണ്.
ഇസ്രയേലി പൗരന്മാരോട് യു എ ഇ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം നൽകിക്കഴിഞ്ഞു. അതുപോലെ ലോകമാകമാനമുള്ള ഇസ്രയേലി എംബസികളുടെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. അടുത്തകാലത്താണ് യു എ ഇ, ബഹറിൻ എന്നീ അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ഇസ്രയേൽ കരാറിൽ ഒപ്പിട്ടത്.
മറുനാടന് മലയാളി ബ്യൂറോ