പ്യോങ്യാങ്: ഉത്തരകൊറിയയിൽ കോവിഡ് നിയന്ത്രണം ലംഘിച്ച പൗരനെ പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഉത്തരകൊറിയൻ പൗരനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതുകൊറോണ ബാധിച്ചതിനാലെന്ന വാർത്ത കിങ് ജോങ് ഉൻ ഭരണകൂടം നിഷേധിച്ചു. ഉത്തരകൊറിയ - ചൈന അതിർത്തിയിൽ കള്ളക്കടത്തിൽ ഏർപ്പെട്ടതിനാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് വിശദീകരണം. രാജ്യത്ത് ഇതുവരെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും രാജ്യത്ത് ശക്തമായ രോഗപ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഭരണകൂടം അവകാശപ്പെട്ടു.

ചൈനീസ് ബിസിനസ് പങ്കാളികളുമായി ചേർന്ന് കള്ളക്കടത്തിന് നേതൃത്വം നൽകിയിരുന്ന വ്യക്തിക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അതിർത്തിയിൽ സമാനമായ രീതിയിൽ പ്രവർത്തക്കുന്നവർക്കുള്ള താക്കീതുകൂടിയാണ് നടപടിയെന്നും ഉന്നത ഉദ്യോഗ്സ്ഥൻ വ്യക്തമാക്കി. നിയമങ്ങൾ ലംഘിച്ച് വിദേശത്ത് നിന്ന് സാധനങ്ങൾ കൊണ്ടുവന്നതിന് രാജ്യ തലസ്ഥാനമായ പ്യോങ്യാങിൽ ഒരു പ്രധാന ഉദ്യോഗസ്ഥനെ വധിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പരസ്യമായി വധശിക്ഷ നടപ്പാക്കി ജനങ്ങളിൽ ഭീതി സൃഷ്ടിക്കാനും സർക്കാരിന് മുന്നിൽ കീഴടങ്ങാനുമാണ് ക്രൂരനടപടിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിട്ടും കൊറോണ വ്യാപനം ഏറിയതോടെ ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചിരുന്നു.

രാജ്യത്ത് ആദ്യമായി കൊറോണ ബാധിച്ചയാളെ വെടിവച്ചു കൊന്നതായി നേരത്തെ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിൽ സന്ദർശനം നടത്തി തിരിച്ചു വന്നയാളിലാണു വൈറസ് ബാധ അന്ന് സ്ഥിരീകരിച്ചത്. കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരമാണ് ഇയാളെ വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ജനങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഉത്തര കൊറിയ അവകാശപ്പെട്ടുവെങ്കിലും വൈറസ് ബാധ മറച്ചു വയ്ക്കുകയാണ് ഉത്തര കൊറിയ ചെയ്യുന്നതെന്നായിരുന്നു ലോകരാജ്യങ്ങളുടെ ആരോപണം.

രാജ്യാന്തര സംഘടനകൾക്കു രാജ്യത്തെ രേഖകളോ വിവരങ്ങളോ പരിശോധിക്കാൻ അനുവാദമില്ലാത്തതും കൊറോണയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരാതിരിക്കാനുള്ള കാരണമാകാമെന്നു രാജ്യാന്തര സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഉത്തര കൊറിയയിലെ യഥാർഥ സ്ഥിതി ചൈനയേക്കാൾ മോശമാകാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പകർച്ചവ്യാധികളോടു പ്രതികരിക്കാനുള്ള കഴിവിൽ ലോകത്ത് 195-ാം സ്ഥാനത്താണ് ഉത്തര കൊറിയ എന്നതും ആശങ്കയുയർത്തുന്നതാണ്