രണ്ടാം ലോക്ക്ഡൗണിൽ നിന്നുള്ള സ്വാതന്ത്ര്യത്തോടൊപ്പം ഉത്സവകാലവും എത്തിയതോടെ ഷോപ്പിങ് പ്രേമികളുടെ ആവേശം വർദ്ധിച്ചിരിക്കുകയാണ്. നൈറ്റ്സ്ബ്രിഡ്ജിലെ ആഡംബര ഡിപ്പാർട്ട്മെന്റ് സ്റ്റോർ ആയ ഹാരോഡ്സിൽ ഇന്നലെ തടിച്ചുകൂടിയത് നൂറുകണക്കിന് കൗമാരക്കാരും യുവാക്കളുമായിരുന്നു.വലിയ കൂട്ടമായി എത്തിയവർ ഒരുമിച്ച് സ്റ്റോറിനകത്തേക്ക് കടക്കാൻ ശ്രമിച്ചതും അതുപോലെ നിരത്തിൽ കൂട്ടംകൂടി നിന്നതുമൊക്കെ ചില അനിഷ്ട സംഭവങ്ങൾക്ക് കാരണമായി.

സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് നൂറുകണക്കിന് ആളുകൾ ഹാരോഡ്സിൽ തടിച്ചുകൂടിയത്. ഉച്ചക്ക് ഒരു മണിക്ക് ശേഷം സ്ഥിതിഗതികൾ നിയന്ത്രണാധീതമായതോടെ പൊലീസിനെ വരുത്തേണ്ടതായി വന്നു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ശല്യം ചെയ്തതിനുമായി നാലു പേരെ അറസ്റ്റ് ചെയ്തതോടെ കൂട്ടംകൂടിയവർ പിരിഞ്ഞുപോവുകയായിരുന്നു. ലോക്ക്ഡൗൺ നീക്കം ചെയ്തതിനു ശേഷമുള്ള ആദ്യ ഒഴിവു ദിനമായിരുന്നതിനാലാണ് പതിവിലധികം ആളുകൾ എത്തിച്ചേർന്നത്.

അതേസമയം, ലണ്ടനിലെ റീജന്റ് സ്ട്രീറ്റിലും അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ ഒരു ദിവസം മാത്രം 1.5 ബില്ല്യൺ പൗണ്ടിന്റെ വ്യാപാരം നടന്നിട്ടുണ്ടാവുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. പ്രൈമാർക്കിലും, ഉടൻ അടച്ചുപൂട്ടാൻ ഒരുങ്ങുന്ന ഡെബെൻഹാമിലും നല്ല തിരക്കായിരുന്നു. തൊട്ടടുത്തുള്ള ഓക്സ്ഫോർഡ് സ്ട്രീറ്റിൽ ലണ്ടൻ മെയർ സാദിഖ് ഖാനും ഉത്സാഹതിമിർപ്പിൽ പങ്കുചേരാൻ എത്തിച്ചേര്ന്നു. ഷോപ്പിംഗിനെത്തിയവരോടൊപ്പം ചേർന്ന് സെൽഫികളെടുത്തും അദ്ദേഹം അവിടെ ചെലവഴിച്ച നിമിഷങ്ങൾ ആഘോഷമാക്കുന്നുണ്ടായിരുന്നു.

ഹൈ സ്ട്രീറ്റുകൾ ഷോപ്പിങ് പ്രേമികളെ കൊണ്ട് നിറഞ്ഞപ്പോൾ ബിർമ്മിങ്ഹാമിലെ വിക്ടോറിയ ചത്വരത്തിനു മുന്നിൽ പ്രതിഷേധക്കാർ ഒത്തുകൂടി. ഈസ്റ്റ് ലണ്ടനിലെ സ്ട്രാറ്റ്ഫോർഡ് സ്റ്റേഷന് പുറത്തും പ്രതിഷേധം നടന്നു. ലോക്ക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് നടപ്പിലാക്കിയ ടയർ 2 നിയന്ത്രണങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിനിടയിൽ ഒന്നുരണ്ടിടത്ത് ഗൂഢാലോചനാ സിദ്ധാന്തം ഉയർത്തിപ്പിടിച്ച് കൊറോണ വാക്സിനെതിരെയും പ്രതിഷേധം നടന്നു.

കോവിഡ് പ്രതിസന്ധിയിൽ തകർച്ചയുടെ നെല്ലിപ്പലക കണ്ട ഹൈസ്ട്രീറ്റ് വ്യാപാരികൾക്ക് ഇന്നലെ പുത്തനുണർവ്വിന്റെ ദിവസമായിരുന്നെങ്കിൽ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഹൃദയമിടിപ്പ് കൂട്ടിയ ദിവസം കൂടിയായിരുന്നു ഇന്നലെ. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ഒത്തുകൂടിയ വലിയ ആൾക്കൂട്ടങ്ങൾ മറ്റൊരു രോഗവ്യാപനത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണവർ. വാക്സിൻ എത്തിച്ചേർന്നെങ്കിലും, എല്ലാവർക്കും അത് ലഭ്യമാക്കുവാൻ ഇനിയും മാസങ്ങൾ തന്നെ വേണ്ടിവരും. അതിനിടയിൽ കോവിഡിന്റെ മൂന്നാം വരവും കൂടി താങ്ങുവാനുള്ള ശേഷി ബ്രിട്ടനില്ലെന്നാണ് ഇവർ പറയുന്നത്.