- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂറോപ്യൻ യൂണിയൻ പ്രസിഡണ്ടും ബോറിസ് ജോൺസനും ഒരു മണിക്കൂറിലധികം സംസാരിച്ചിട്ടും ധാരണയിലെത്തിയില്ല; തിങ്കളാഴ്‌ച്ച ഒന്നും നടന്നില്ലെങ്കിൽ വ്യാപാര കാരാറില്ലാത്ത വേർപിരിയൽ; ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചേക്കും
സൗഹാർദ്ദത്തോടെയുള്ള ഒരു ബ്രെക്സിറ്റ് നടക്കുവാനുള്ള സാധ്യതയ്ക്ക് വീണ്ടും മങ്ങലേൽപ്പിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ പ്രസിഡണ്ടും ബോറിസ് ജോൺസനും തമ്മിൽ ഇന്നലെ നടന്ന സംഭഷണവും തീരുമാനത്തിലെത്താതെ പിരിഞ്ഞു. ഒരു മണിക്കൂറിലധികമായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചത്.ഏതായാലും വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിനുള്ള അവസാന ശ്രമം എന്ന നിലയിൽ തിങ്കളാഴ്‌ച്ച വീണ്ടും ഇരുകൂട്ടരും തമ്മിൽ ചർച്ച നടത്തും. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ ബ്രിട്ടനിലും നടപ്പിലാക്കണമെന്ന ഫ്രാൻസിന്റെ നിർദ്ദേശമാണ് ബ്രിട്ടൻ അംഗീകരിക്കാത്തത്.
നാളെ, യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡേർ ലെയെനും ബോറിസ് ജോൺസനും തമ്മിൽ നടക്കുന്ന അവസാനവട്ട ചർച്ചയും ഫലം കണ്ടില്ലെങ്കിൽ, പ്രത്യേകിച്ച് കരാറുകളൊന്നും തന്നെയില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറുന്ന കാര്യം ബോറിസ് പ്രഖ്യാപിക്കും എന്നണ് പ്രതീക്ഷിക്കുന്നത്. കരാർ ഉണ്ടായാൽ തന്നെ അത് ഒരു നിയമമാക്കുവാൻ പാർലമെന്റിന് സമയമില്ലാത്തതിനാൽ, നാളെ കഴിഞ്ഞ് ചർച്ചകൾ നീളുവാനുള്ള സാധ്യതയില്ല.
ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ഭരണകക്ഷി എം പിമാരുടെ സമ്മർദ്ദമുള്ളതിനാൽ ഒരു പരിധിയിൽ കവിഞ്ഞുള്ള വിട്ടുവീഴ്‌ച്ചകൾക്ക് തയ്യാറാകുവാൻ ബോറിസ് ജോൺസന് കഴിയില്ല. യൂറോപ്യൻ യൂണിയന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന ഒരു സാഹചര്യമുണ്ടായാൽ അത് ബോറിസിന്റെ നേതൃത്വത്തെ വരെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിക്കും. ഭരണപരമായ കാര്യങ്ങളിലും മത്സ്യബന്ധന നയത്തിലും ഇപ്പോഴും അഭിപ്രായ ഭിന്നത തുടരുന്നു എന്നും ഇക്കാര്യങ്ങളിൽ തീരുമാനം ഉണ്ടാകാതെ മറ്റൊരു കരാറിന് സാധ്യതയില്ലെന്നും ഇരു വിഭാഗവും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇത് അവസാനത്തെ ശ്രമമാണെന്നാണ് തിങ്കളാഴ്‌ച്ചയിലെ ചർച്ചയെ കുറിച്ച് ഉന്നതകേന്ദ്രങ്ങളുമായി അടുപ്പമുള്ള വൃത്തങ്ങൾ പറഞ്ഞത്. ബ്രിട്ടന്റെ പരമാധികാരത്തെ മാനിക്കുവാൻ യൂറോപ്യൻ യൂണിയൻ തയ്യാറാകാത്തിടത്തോളം കാലം ഒരു വ്യാപാര കരാർ ഉണ്ടാകുവാനുള്ള സാധ്യത തുലോം വിരളമാണെന്നും അവർ സൂചിപ്പിച്ചു.ഇരു കക്ഷികളും തമ്മിലുള്ള ചർച്ചകൾക്കിടെ ഫ്രാൻസിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഏതൊരു തീരുമാനത്തേയും വീറ്റോ ചെയ്യുമെന്ന പ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവന ഇക്കാര്യത്തിൽ എല്ലാവർക്കും സമ്മതമായ ഒരു തീരുമാനം ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്ന സൂചനയാണ് നൽകുന്നത്.
ഒരു പരമാധികാര രാജ്യം എന്ന നിലയിൽ ബ്രിട്ടന്റെ അവകശങ്ങളേയും അധികാരത്തേയും മാനിക്കാതെയുള്ള ആവശ്യങ്ങളാണ് യൂറോപ്യൻ യൂണിയൻ ഉയർത്തുന്നത് എന്നാണ് ബ്രിട്ടനിൽ പരക്കെ ഉയരുന്ന ആക്ഷേപം. ഇനി അധികം സമയമില്ലാത്തതിനാൽ, ഒരു കരാറിനുള്ള സാധ്യത ഇല്ലെന്നും പറയപ്പെടുന്നു. ബ്രെക്സിറ്റിന്റെ ശക്തിയായി അനുകൂലിക്കുന്ന ഒരുകൂട്ടം ഭരണകക്ഷി എം പിമാർ, ബ്രിട്ടന്റെ താത്പര്യങ്ങൾ ഒരു കാരണവശാലും പണയം വയ്ക്കരുതെന്നും ബോറിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ