- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യ ബാച്ച് കോവിഡ് വാക്സിനുകൾ പ്രധാന കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു; നാളെ മുതൽ വിതരണം തുടങ്ങുന്നു; 80 വയസ്സു കഴിഞ്ഞവർക്കും കെയർഹോം-കോവിഡ് പോരാളികൾക്കും ആദ്യ ഡോസുകൾ; ലോകം കാത്തിരുന്ന ആ അദ്ഭുത വാക്സിൻ ഇതാ ബ്രിട്ടണിൽ ഇങ്ങനെയിരിക്കുന്നു
ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ വാക്സിനേഷൻ മാമാങ്കത്തിന് ആരംഭം കുറിച്ചുകൊണ്ട് ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന എൻ എച്ച് എസ് കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ എത്തിക്കഴിഞ്ഞു. ക്രോയ്ഡോണിലെ ക്രോയ്ഡോൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ മാസ്‌കുകൾ ധരിച്ച ഫാർമസി ടെക്നീഷ്യൻസ് ആദ്യ ബാച്ച് മരുന്നുകളുടെ ഡെലിവറി എടുക്കുന്ന ചിത്രം ഇതിനോടകം പുറത്തുവന്നു. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നാലു പ്രാവശ്യത്തിൽ കൂടുതൽ തവണ നീക്കം ചെയ്യരുത്, -70 ഡിഗ്രി തണുപ്പിൽ സൂക്ഷിക്കണം തുടങ്ങിയ അതീവ സങ്കീർണ്ണങ്ങളായ നിബന്ധനകൾ പാലിച്ചുകൊണ്ടാണ് വാക്സിനേഷൻ ഇവിടങ്ങളിൽ എത്തിച്ചതും സൂക്ഷിക്കുന്നതും.
മൊത്തം 357 മില്ല്യൺ ഡോസുകളാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്. അതിൽ 8 ലക്ഷം ഡോസുകളാണ് ഇപ്പോൾ ബ്രിട്ടനിൽ എത്തിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ മറ്റൊരു 10 മില്ല്യൺ ഡോസുകൾ കൂടി എത്തിച്ചേരും. ഇതോടെ കോവിഡ് എന്ന മഹാമാരിയെ പൂർണ്ണമായും ചെറുക്കാനാകും എന്നാണ് വിശ്വാസം. 95 ശതമാനത്തോളം ഫലപ്രാപ്തി തെളിയിച്ച ഈ വാക്സിൻ ആദ്യം നൽകുക 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും കെയർഹോംജീവനക്കാർക്കുമായിരിക്കും. അത്യന്തം അപകടാവസ്ഥയിലുള്ള എൻ എച്ച് എസ് ജീവനക്കാർക്കും നൽകും.
ചൊവ്വാഴ്‌ച്ച മുതൽ വിവിധ ആശുപത്രി ഹബ്ബുകളിൽ വാക്സിനേഷൻ നൽകാൻ ആരംഭിക്കും. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും എൻ എച്ച് എസും ചേർന്നാണ് ഇതിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തിന്റെ സുപ്രധാന നിമിഷം എന്നാണ് ക്രോയ്ഡോണിൽ വാക്സിൻ ഡെലിവറി ചെയതതിനെ കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. രാജ്യത്ത് ആദ്യമായി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നടത്തുന്ന രാജ്യമാവുകയാണ് ബ്രിട്ടൻ. എന്നാൽ, സുരക്ഷയെ കുറിച്ച് യാതോരു ആശങ്കയും വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
അതേസമയം, ലോകത്തിലെ ആദ്യ വാക്സിൻ നൽകുന്ന രാജ്യമായി മാറുവാൻ, വാക്സിനേഷന് അംഗീകാരം നൽകുന്നതിനു മുൻപായി മരുന്നു നിർമ്മാതാക്കളിൽ നിന്നുള്ള വിശദാംശങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, മരുന്നുകൾക്ക് അംഗീകാരം നൽകേണ്ട മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം എച്ച് ആർ എ) ഈ ആരോപണം നിഷേധിച്ചു.
മരുന്നിന് അംഗീകാരം നൽകുന്നതിനു മുൻപായി വിവിധ പാനലുകൾ മരുന്നിന്റെ എല്ലാവശങ്ങളും സൂക്ഷ്മമായി പരിശോധിച്ചിട്ടുണ്ടെന്നും ഒരു കാര്യത്തിലും വിട്ടുവീഴ്‌ച്ചയുണ്ടായിട്ടില്ലെന്നും എം എച്ച് ആർ എ പറഞ്ഞു. പൊതുജനാരോഗ്യം ഒരു രാജ്യത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും അത് മനസ്സിൽ വച്ചുതന്നെയായിരുന്നു വിശദമായ പരിശോധനകളും മറ്റും നടത്തിയതെന്നും എം എച്ച് ആർ എ വക്താവ് അറിയിച്ചു.