- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷക സമരം ആളിക്കത്തുന്നു; ഇന്ന് ഭാരത് ബന്ദ്; പിന്തുണച്ച് നിരവധി സംഘടനകൾ; ക്രമസമാധാനപാലനം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; ചരക്ക് നീക്കവും തടസ്സപ്പെട്ടേക്കും; കേരളത്തിൽ പണിമുടക്കില്ല; ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തും
ന്യൂഡൽഹി: വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്ത ഭാരത് ബന്ദ് സമാധാനപരമായി പുരോഗമിക്കുന്നു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ വഴിതടയുമെന്ന് ഡൽഹി-യു.പി. അതിർത്തിയിൽ സമരത്തിനു നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചായിരിക്കും വഴിതടയലും സമാധാനപരമായ പ്രതിഷേധമാർഗങ്ങളുമെന്ന് മറ്റു കർഷകനേതാക്കൾ പറഞ്ഞു.
കർഷകരുടെ ആശങ്കകളിൽ നിയമ ഭേദഗതിയാവാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും മൂന്നു നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംഘടനകൾ. രാജ്യവ്യാപകമായി റോഡ് ഉപരോധിക്കാനാണ് തീരുമാനം. ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാർട്ടികളും പത്ത് തൊഴിലാളിസംഘടനകളും 51 ട്രാൻസ്പോർട്ട് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്രസർക്കാർ വിളിച്ച ആറാംവട്ട ചർച്ച ബുധനാഴ്ച നടക്കാനിരിക്കേയാണ് കർഷകസംഘടനകൾ സമരം ശക്തമാക്കുന്നത്.
കർഷക സംഘടനകളുടെ ഭാരത് ബന്ദിന് പിന്തുണയുമായി റെയിൽവെ യൂണിയനുകളും രംഗത്തെത്തി. ചരക്കുവാഹനങ്ങളുടെ ദേശീയസംഘടനയായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും പിന്തുണച്ചതോടെ രാജ്യവ്യാപകമായി ചരക്കുനീക്കം സ്തംഭിച്ചേക്കും. സർവമേഖലയിൽനിന്നുള്ള പിന്തുണയും കർഷകർക്കുണ്ടെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്രമസമാധാനപാലനം ഉറപ്പാക്കാനും പൊതുമുതൽ നശിപ്പിക്കുന്നതു തടയാനും കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശം നൽകി.
പിന്തുണച്ച് റെയിൽവെ യൂണിയനുകളും
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി റെയിൽവെ ജീവനക്കാരുടെ രണ്ട് യൂണിയനുകൾ രംഗത്ത്. ഓൾ ഇന്ത്യ റെയിൽവെമെൻസ് ഫെഡറേഷൻ (എഐആർഎഫ്), നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവെമെൻ (എൻഎഫ്‌ഐആർ) എന്നിവ കർഷകരുടെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. കർഷകരെ പിന്തുണച്ചുകൊണ്ട് റാലികളും പ്രകടനങ്ങളും നടത്തുമെന്ന് യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്.
13 ലക്ഷത്തോളം റെയിൽവെ ജീവനക്കാരും 20 ലക്ഷത്തോളം വിരമിച്ച ജീവനക്കാരും രണ്ട് യൂണിയനുകളിലും അംഗങ്ങളായുണ്ട്. ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു എന്നിവയും ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട് കോൺഗ്രസും നേരത്തെതന്നെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു മുംബൈയിൽ ഓട്ടോ-- ടാക്‌സി യൂണിയനുകൾ ഹർത്താലിന് പിന്തുണ അറിയിച്ചു. ഒരു വിഭാഗം വ്യാപാരികളും ഹർത്താലിനോട് സഹകരിക്കുമെന്ന നിലപാടിലാണ്. ഭരണപക്ഷ സഖ്യ പാർട്ടികൾ ഹർത്താലിനെ പിന്തുണയ്ക്കും.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിൽ ചൊവ്വാഴ്ച പണിമുടക്കുണ്ടാകില്ല. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തും.