- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാ നഗരത്തിലെ ഓരോ മുക്കിലും മൂലയിലും കത്തിപ്പടർന്ന് കൊറോണ; ലണ്ടൻ നഗരം നീങ്ങുന്നത് ടയർ-3 നിയന്ത്രണങ്ങളിലേക്ക്; ക്രിസ്മസ് സമയത്ത് ലണ്ടനിലുള്ളവർക്ക് വീടിനുള്ളിൽ നിന്നിറങ്ങാൻ കഴിയാത്ത കാലം വന്നേക്കും
ലണ്ടൻ നഗരത്തിലെ മൂന്നിൽ രണ്ട് ബറോകളിലും കോവിഡ് വ്യാപനം കനക്കുമ്പോൾ നഗരം ടയർ-3 നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന സൂചനകൾ പുറത്തുവന്നു തുടങ്ങി. കാത്തിരുന്നെത്തിയ ഇളവുകൾ ആസ്വദിക്കാനാകാതെ, വീടിനുള്ളിൽ അടച്ചുമൂടി ഒരു ക്രിസ്മസ് ആഘോഷിക്കാനായിരിക്കും ഈ വർഷം നഗരനിവാസികളുടെ യോഗം. ദേശീയ ലോക്ക്ഡൗൺ നീക്കം ചെയ്തതിനെ തുടർന്ന് ഡിസംബർ 3 മുതൽ നിലവിൽ വന്ന 3 ടയർ നിയന്ത്രണങ്ങൾ വിലയിരുത്താൻ ഡിസംബർ 16 നാണ് സർക്കാർ ഉദ്യോഗസ്ഥർ യോഗം ചേരുന്നത്.
നഗരത്തിലെ പല കോണുകളിലും രോഗവ്യാപനതോത് ഇരട്ടിക്കുമ്പോഴും ഷോപ്പിങ് തെരുവുകൾ നിറഞ്ഞൊഴുകുന്ന ചിത്രങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു. സാമൂഹിക അകലം പാലിക്കാതെയുള്ള വൻതിരക്ക് കാര്യങ്ങൾ ഇനിയും വഷളാക്കിയേക്കും എന്ന ഭയവും ഉയർന്നിട്ടുണ്ട്. ദേശീയ ലോക്ക്ഡൗൺ നിലവിൽ ഉണ്ടായിരുന്നിട്ടുപോലും ഹാരിംഗേയിൽ, ഡിസംബർ 2 ന് അവസാനിക്കുന്ന വാരത്തിൽ രോഗബാധിതരുടെ എണ്ണം 47 ശതമാനമാണ് വർദ്ധിച്ചത്.
ലോക്ക്ഡൗണിന്റെ അവസാന വാരത്തിൽ ബ്രോംലിയിൽ രോഗബാധിതരുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായപ്പോൾ ബ്ര്ക്സ്ലി, ഹാക്ക്നി, ഹാരോ, കിങ്സ്റ്റൺ, മെർടോൺ എന്നിവിടങ്ങളിൽ 25 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. കൂടുതൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ കുറിച്ച് സർക്കാർ വൃത്തങ്ങളിൽ ആശങ്ക പടരുമ്പോൾ, നഗരത്തെ ടയർ-3 നിയന്ത്രണങ്ങളിലേക്ക് നയിക്കുന്നത് നാശകാരിയായ ഒരു പ്രവർത്തിയയിരിക്കുമെന്ന മുന്നറിയിപ്പുമായി മേയർ സാദിഖ് ഖാൻ രംഗത്തു വന്നു.
രണ്ടാം ലോക്ക്ഡൗൺ അവസാനിച്ച് കേവലം അഞ്ച് ദിവസം കഴിയുമ്പോൾ തന്നെ നഗരത്തിലെ രോഗവ്യാപനത്തെ കുറിച്ചുള്ള ഭയാശങ്കകൾ വളരുകയാണ്. ഇന്നലെ മാത്രം നഗരത്തിൽ 14,718 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം അനൗദ്യോഗിക പരിശോധനാ ഫലങ്ങളൂം ലക്ഷണങ്ങളും ശേഖരിക്കുന്ന കോവിഡ് സിംപ്ടം സ്റ്റഡി ആപ്പ് കാണിക്കുന്നത് ടയർ-2 നിയന്ത്രണങ്ങൾ നിലവിലുള്ള ബെർക്ക്ഷയർ, വിൽറ്റ്ഷയർ, സഫോക്ക് എന്നിവിടങ്ങളിൽ അടുത്തയാഴ്‌ച്ച രോഗവ്യാപനം നിയന്ത്രണാധീതമാകുമെന്നാണ്.
ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ ലണ്ടൻ നഗരത്തിലെ തെരുവുകൾ ജനങ്ങളെ കൊണ്ട് നിറഞ്ഞു കവിയുകയായിരുന്നു. ഇത് നഗരത്തെ മറ്റൊരു ലോക്ക്ഡൗണിലേക്ക് നയിക്കുമെന്ന ഭയമുണ്ട് എന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ചിലർ വെളിപ്പെടുത്തിയത്. നിലവിൽ മിഡ്ലാൻഡ്സിലേയും വടക്കൻ ഇംഗ്ലണ്ടിലേയും മിക്ക ഇടങ്ങളിലും കെന്റ്, ബ്രിസ്റ്റോൾ എന്നിവിടങ്ങളിലും നിലവിലുള്ള ടയർ-3 നിയന്ത്രണങ്ങൾ ലണ്ടനിലും നടപ്പിലായാൽ, ഒരു വീട്ടിൽ താമസിക്കുന്നവർക്ക് മറ്റൊരു വീട്ടിൽ താമസിക്കുന്നവരുമായി, വീടിനുള്ളിലോ, അടച്ചിട്ട ഗാർഡനുകളിലോ ഒത്തുചേരുവാനുള്ള അനുവാദം ഉണ്ടായിരിക്കില്ല. മാത്രമല്ല, റെസ്റ്റോറന്റുകളും കഫേകളും എല്ലാം അടച്ചുപൂട്ടേണ്ടതായി വരും.
ലണ്ടനിലെ 20 ബറോകളിലെങ്കിലും രോഗവ്യാപന നിരക്ക് ഇംഗ്ലണ്ടിന്റെ ശരാശരിയേക്കാൾ കൂടുതലാണെന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്കുകൾ കാണിക്കുന്നത്. മാത്രമല്ല, 21 ബറോകളിൽ ഡിസംബർ 2 വരെ ഏഴു ദിവസങ്ങളിലാണ് രോഗവ്യാപനം കനത്തത്. ഹാവെറിങ് ആണ് രോഗവ്യാപനം ഏറ്റവുമധികമുള്ള ബറോ. 1 ലക്ഷം പേരിൽ 319 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ ശരാശരി 1 ലക്ഷം പേരിൽ 149 പേർക്കാണ് എന്നതോർക്കുക. 1 ലക്ഷം പേരിൽ 299 രോഗികളുമായി ബാർക്കിങ് ആൻഡ് ഡഗേൻഹാം, 295 രോഗികളുമായി റെഡ്ബ്രിഡ്ജ്, 252രോഗികളുമായി വാൽഥാം ഫോറസ്റ്റ് എന്നിവയാണ് തൊട്ടുപിന്നിൽ ഉള്ളത്. ഇവയെല്ലാം തന്നെ നഗരത്തിന്റെ കിഴക്കൻ മേഖലയിലാണ്.
എന്നാൽ, പ്രതിസന്ധി നഗരത്തിന്റെ കിഴക്കൻ മേഖലയിൽ മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് പ്രശ്നം പടിഞ്ഞാറൻ മേഖലയിലുള്ള കിങ്സ്റ്റണിൽ 1 ലക്ഷം പേരിൽ 206 പേർ രോഗികളാണ്. എൻഫീൽഡിൽ 193 പേരും. 32 ബറോകളിൽ 11 ഇടത്ത് മാത്രമാണ് ലോക്ക്ഡൗണിന്റെ അവസാന വാരത്തിൽ രോഗവ്യാപനത്തിൽ കുറവ് ദൃശ്യമായത്. ഇതിൽ ഈലിങ്, ഹൻസ്ലോ, ബ്രെന്റ്, കെൻസിങ്ടൺ & ചെൽസിയ, ഹാമ്മെർസ്മിത്ത് & ഫുൾഹാം, റിച്ച്മോണ്ട് എന്നീ ആർ' ബറോകളിൽ 5 ശതമാനത്തിലേറെ രോഗവ്യാപനത്തിൽ കുറവു വന്നു. മറ്റ് അഞ്ചിടങ്ങളിൽ 0.4 ശതമാനം മുതൽ 4.4 ശതമാനം വരെ കുറവാണ് ദൃശ്യമായത്.